Tuesday, April 17, 2007

ഇടപ്പള്ളി മാമാങ്കം (ഭാഗം 1)

ചെങ്ങന്നൂര് ഡിഗ്രി പഠിച്ചു കൊണ്ടിരുന്ന ഭൂരിഭാഗം സമയവും, നല്ലോം തിന്നണം, സിനിമ കാണണം(നൂണ്‍ ഷോയും മാറ്റിനിയും 1:5 മിനിമം അനുപാതം), സുന്ദരികളെ കഠിനമായി പ്രേമിച്ച് കല്യാണം കഴിക്കണം, കോടിക്കണക്കിന് രൂപായുണ്ടാക്കി (എങ്ങനെയുണ്ടാക്കി എന്നത് ഔട്ട് ഓഫ് സിലബസ് ക്വറ്റ്യന്‍ ആണ്) സുഖിച്ച് ജീവിക്കണം എന്നൊക്കെയല്ലാതെ നന്നായി പഠിക്കണം, പാസ്സാവണം, ജോലി വാങ്ങണം എന്ന ആഗ്രഹമൊന്നും എനിക്കുണ്ടായിരുന്നില്ല.

-കൂടെ പഠിക്കുന്ന ഒരുത്തന് മാസം പതിനേഴായിരം രൂപാ ശമ്പളത്തില്‍ വിപ്രോയില്‍ ജോലി കിട്ടുന്നത് വരെ.

മാസത്തില്‍ ചങ്ങനാശേരി അഭിനയയില്‍ മൂന്ന് റിലീസ് പടം, ചെങ്ങന്നൂര്‍ ചിപ്പിയില്‍ ‘എം.എ.ധവാന്റെ‘ ഒരുപടം, ബസ്സ് കൂലി, ഉച്ചക്ക് ക്യാന്റീന്‍ ഫുഡ്, വൈകുന്നേരം കടി-പോത്തരിക്കന്‍‌സിലെ മസാലദോശ, രാത്രി കോഫീഹൌസിലെ പറോട്ട ബീഫ്, ക്ലാസ്സില്‍ കയറുന്നവരുടെ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍, മേക്കപ്പ് സാമഗ്രികള്‍, പെണ്‍പിള്ളേര്‍ക്ക് കൊടുക്കാന്‍ കത്ത്, ഗ്രീറ്റിംഗ് കാര്‍ഡ്, കിറ്റ്കാറ്റ്..എല്ലാം കൂടി കൂട്ടിയാലും ആകെചിലവ് അഞ്ഞൂറില്‍ താഴെ ഒതുങ്ങും. അപ്പോളാണ് കൂടെയുള്ള ഒരുത്തന് പതിനേഴായിരം രൂപാ മാസശമ്പളത്തില്‍ പഠിത്തം തീരുന്നതിനും മുന്‍പേ ജോലി!

എങ്ങനെ സഹിക്കും!

അക്കാലത്ത് ഞങ്ങളുടെ ക്ലാസ്സില്‍ ശക്തമായ രണ്ട് വിഭാഗം ആണ്‍പിള്ളേരാണ് ഉണ്ടായിരുന്നത്.
ഒന്നാമത്തെ വിഭാഗം : ‘ബ്രാ‘ മെംബേര്‍‌സ് ‍. ബ്രാ എന്നാല്‍ ബാക്ക് റോ അസോസിയേഷന്‍, അതായത് ക്ലാസ്സിലെ പിന്‍‌ സീറ്റുകളില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം. അസൈന്‍‌മെന്റൊന്നും നേരത്തിനും കാലത്തിനും ചെയ്യാത്തവര്‍. സപ്ലിക്ക് മുകളില്‍ സപ്ലി ഉള്ളവര്‍. ക്ലാസിലിരുന്നില്ലേല്‍ അദ്ധ്യാപര്‍ സന്തോഷത്തോടെ അറ്റന്റന്‍‌സ് കൊടുക്കുന്നവര്‍, ക്ലാസ്സില്‍ ബഹളമുണ്ടാക്കുന്നവര്‍-പഠിപ്പിക്കാന്‍ വരുന്ന പുതിയ ടീച്ചറെ ചരക്കെന്ന് വിളിക്കുന്നവര്‍, ഫുട്‌ബോള്‍ ഗ്രൌണ്ടിലെ ഗോള്‍ പോസ്റ്റില്‍ ചാരിനിന്ന് സിഗര്‍ട്ട് വലിക്കുമ്പോള്‍ സാക്ഷാല്‍ പ്രിന്‍‌സി വന്നാലും കുറ്റി താഴെയിടാത്തവര്‍,വെള്ള-ഗ്രേ യൂണിഫോമില്‍ ഗ്രേ പാന്‍‌സിനു പകരം നീല-കറപ്പ്-ഗ്രേ കളറുകളിലുള്ള ജീന്‍‌സിട്ട് കൊളേജില്‍ വരുന്നവര്‍, ക്ലാസിലെ ‘പീസാ‘യ ഡെയ്‌സി ഇന്ന് ടയേര്‍‌ഡ് ആയി ഇരിക്കുന്നതിന്റെ കാരണം മെന്‍‌സസ് ആണോ അതോ അവള്‍‌ടെ ലൈന്‍ സീനിയര്‍ ജിജോയുടെ കൈക്കരുത്താണോ എന്ന് കൂലംങ്കഷമായി ചര്‍ച്ച ചെയ്യുന്നവര്‍, ചെങ്ങന്നൂര്‍ ചിപ്പിയിലെ സ്ഥിരം കുറ്റികള്‍, വെള്ളമടിക്കാര്‍, ഒഴപ്പന്മാര്‍, ചുണയുള്ളവന്മാര്‍..അങ്ങിനെയങ്ങിനെ പലപേരുകളില്‍ അറിയപ്പെടുന്നവര്‍.

രണ്ടാമത്തെ വിഭാഗമാണ് ‘ഫാര്‍ട്ട് ‘ മെംബര്‍മാര്‍ ..അത് ബ്രാ മെംബേര്‍സ് കല്പിച്ച് നല്‍കിയ പേരാണ്. “ഫ്രന്റിലെ ആണുങ്ങളുടെ റോയിലെ തെണ്ടികള്‍” എന്നതിന്റെ ചുരുക്കം.
എല്ലാ ക്ലാസ്സിലും കയറുന്നവര്‍, ഫ്രീ അവറൊന്നു കിട്ടിയാല്‍ ലൈബ്രറിയില്‍ പോകുന്നവര്‍, റ്റീച്ചര്‍മാരോട് പഠിത്ത സംബന്ധമായ ചോദ്യം ചോദിക്കുന്നവര്‍, അസൈന്‍‌മെന്റ് സമയത്ത് ചെയ്യുന്നവര്‍, എക്സ് റേറ്റഡ് വര്‍ത്തമാനമോ കമന്റോ കേട്ടാല്‍‌ “ഓ ജീസസ്” എന്ന് പറഞ്ഞ് രംഗം കാലിയാക്കുന്നവര്‍, യൂനിഫോം‍ കറക്റ്റായിട്ട് കോളേജില്‍ വരുന്നവര്‍, ആരെങ്കിലും തന്തക്ക് വിളിച്ചാല്‍ പ്രിന്‍‌സിയോട് കം‌പ്ലേയിന്റ് ചെയ്യും എന്ന് പറയുന്നവര്‍, പാക്രികള്‍ എന്നറിയപ്പെടുന്നവര്‍, പഠിപ്പിസ്റ്റുകള്‍, ബുജികള്‍, സല്‍‌സ്വഭാവികള്‍, അയ്‌വാണി‌കൊയ്‌വാണികള്‍.......

ഞാന്‍ വിഭാഗം നമ്പ്ര ത്രീയില്‍ ആയിരുന്നു.
അതായത് രണ്ട് വിഭാഗത്തിന്റേയും നടുവില്‍ ..ഒരു വിഭാഗത്തിലും പെടാതെ..ക്യാന്റീനിലെ വട പോലെ...ഉഴുന്നായത് കൊണ്ട് ഉഴുന്നുവടയാകാം..ഉള്ളിയുള്ളത് കൊണ്ട് ഉള്ളിവടയുമാകാം.എന്നാലേതാണെന്ന് വ്യക്തമായിപ്പറയാന്‍ പറ്റാത്ത നിഗൂഢത. വേണ്ടതാണെന്ന് വിചാരിച്ച് വേണേല്‍ തിന്നേച്ച് പോ എന്ന വെല്ലുവിളിയുയര്‍ത്തുന്ന ഒരു മരീചിക‍. ഇടിവെട്ടിയ തെങ്ങിലെ പെട്ടത്തേങ്ങക്കകത്ത് കുലുങ്ങുന്നത് മഴവെള്ളമോ അതോ തേങ്ങാവെള്ളമോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത കണക്കുള്ള ഒരു പ്രഹേളിക.

‘ബ്രാ‘യിലെ ജോഷി “ഡേയ് മ***രേ..പടത്തിന് വര‍‌ണോടാ?” എന്ന് ചോദിക്കുമ്പൊള്‍ ‘വരാലോ..ടിക്കറ്റ് നീയെട് “ എന്ന് പറഞ്ഞ് ക്ലാസ്സ് കട്ട് ചെയ്ത് ചെന്നും, വെള്ളമടിപാര്‍ട്ടികളില്‍ സോഡായൊഴിച്ച് കൊടുത്തും, പാമ്പായവരെ ബൈക്കില്‍ കയറ്റി ഹോം ഡെലിവറി നടത്തിയും മറ്റും ബ്രാ യോടും, ഫാര്‍ട്ടിലെ ജോണിനോട്‍ (കോളേജിലെ ഇവാഞ്ചലിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മൂലം ജോണ്‍ ദ ബാപ്റ്റിസ്റ്റ് എന്ന് മാന്യന്മാരുടെയിടയിലും ജോണ്‍ ദി റേപ്പിസ്റ്റ് എന്ന് മറ്റുള്ളവരുടെ ഇടയിലും അറിയപ്പെട്ടിരുന്ന ജോണ്‍ ‘കുഞ്ഞാട്‘‘ ) ലോഹ്യം പറഞ്ഞും, അവന്റെ ചാപ്പലിലെ മീറ്റിന് കര്‍ട്ടന്‍ വലിച്ച് കൊടുത്തും, നോട്ടീസൊട്ടിക്കാന്‍ നടന്നും ഫാര്‍ട്ടിനോടും ഞാന്‍ വിധേയത്വം പുലര്‍ത്തിപ്പോന്നു.
അസൈന്മെന്റുകള്‍ ഫാര്‍ട്ട് മെംബേര്‍സിന്റെ അടുത്ത് നിന്ന് വാങ്ങി കോപ്പിയടിച്ചെഴുതി, അത് ബ്രാ മെം‌ബേര്‍സിന് ഈച്ചക്കോപ്പി നടത്താന്‍ കൈമാറുക എന്ന ജോലി എന്റേതായിരുന്നു. ബ്രാക്കാര്‍ ഫാര്‍ട്ട്‌കാരോട് നേരിട്ട് ചോദിക്കില്ല. ഈഗോ പ്രശ്നം.

അങ്ങനെ എല്ലാം മാനേജ് ചെയ്ത് ഒരരൂക്കൂടെ അങ്ങനെ സ്വസ്ഥമായി പോയിക്കൊണ്ടിരിക്കുമ്പോളാണ് ഫാര്‍ട്ടിലെ ഒരുത്തന്‍ എറണാകുളം പോയി വിപ്രോയില്‍ ജോലിയൊപ്പിച്ചുകൊണ്ട് വന്നത്...മാസം പതിനേഴായിരം രൂപാ! ക്ലാസിന്റെ സന്തുലിതാവസ്ഥ ആകെ തകിടം മറിഞ്ഞു. ബ്രായിലെ ഒരോരുത്തരം സപ്ലി ലിസ്റ്റുകളിലെ സബ്‌ജെക്റ്റുകളില്‍ നോക്കി നെടുവീര്‍പ്പിട്ടു. പഞ്ചമി ബാറിലിരുന്നു ഓരോ പെഗ്ഗും ബോട്ടം‌സ് അപ്പ് ആ‍ക്കിയശേഷം കാലിഗ്ലാസ്സ് വിപ്രോക്കാരന്റെ നെഞ്ചത്താണ് വെയ്ക്കുന്നതെന്ന് സങ്കല്പിച്ച്, മേശപ്പുറത്ത് ആഞ്ഞടിച്ചു വച്ചു.

മിഡില്‍‌ റോക്കാരനായ എനിക്കുമുണ്ടായിരുന്നു നാലാം സെമസ്റ്ററിലെ ഫുള്ള് സബ്‌ജക്റ്റ്സ് സപ്ലി. ചില “ക്യാമ്പസ് സേവനങ്ങളില്‍“ ടി കാലത്ത് വ്യാതൃപ്തനായിരുന്നതിനാല്‍ എനിക്ക് നാലാം സെം മൊത്തം പരീക്ഷ സ്കിപ്പ് ചെയ്യേണ്ടി വന്നിരുന്നു.
ഒന്നും രണ്ടും പേപ്പറായി എഴുതിയെഴുതി, അവസാന സെമസ്റ്ററായപ്പോഴേക്കും ഒരു പേപ്പര്‍ കിട്ടാന്‍ ബാക്കി വന്നു. മൂത്ത് നരച്ച് അത് ‘ക്രിട്ടി‘ ആയി. അതായത് ഒറ്റത്തവണകൂടിയെഴുതാം. ഇല്ലെങ്കില്‍ കട്ടേം പടോം മടക്കി വീട്ടില്‍ പോകാം.
ജോലി കിട്ടാന്‍ സപ്ലി ഒരു വിഘാതമാണെന്നത് തികച്ചും ഒരു പുതിയ അറിവായിരുന്നു എനിക്ക്. അല്ല, പഠിക്കുന്നത് തന്നെ ജോലി കിട്ടാനാണ് എന്നതു വളരെ പുതിയ അറിവായിരുന്നല്ലോ.

കേരളത്തിലെ എഞ്ചിനീയറിംഗ് പിള്ളേര്‍ക്ക് അക്കാലത്ത് ജോലി ലഭിച്ചിരുന്നതെങ്ങിനെയായിരുന്നു എന്നു വച്ചാല്‍..
എറണാകുളം കേന്ദ്രമാക്കി ഷ്രെഡ്‌സ് എന്നൊരു സ്ഥാപനം ഒരു മിസ്സസ്സ് മത്തായി നടത്തിപ്പോന്നിരുന്നു. വനിതയിലെ യേശുദാസിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം മിസ്സസ്സ് നായരെപ്പോലെയുള്ള ഒരു മിസ്സസ്സ് മത്തായി. ആളെ എടുക്കാന്‍ വരുന്ന മറുനാടന്‍ കമ്പനികള്‍ ഇവര്‍ വഴി എറണാകുളത്ത് ടെസ്റ്റ്, ഇന്റര്‍വ്യൂ ഇവ അറേയ്ഞ്ച് ചെയ്യുന്നു. അതിനെല്ലാം അവര്‍ക്ക് കമ്മീഷന്‍ കൊടുക്കുന്നു. പിള്ളേര്‍ക്ക് ജോലി, മത്തായിക്ക് കമ്മീഷന്‍, കമ്പനിക്ക് ആള്, എല്ലാവരും കുശി കുശി.

കിട്ടുമെന്ന് തരിമ്പും ഉറപ്പില്ലെങ്കിലും ഒന്നു രണ്ടെണ്ണത്തിന് കറക്കിക്കുത്താന്‍ ഞാനും പോയിരുന്നു. എഴുതിയതിനൊന്നും കിട്ടിയില്ല, ബാക്കിയുള്ളവയ്ക് സപ്ലിയുള്ളവര്‍ക്ക് അയിത്തം കല്പിച്ച് കമ്പനിക്കാര്‍ പടിയടച്ചു പിണ്ഡം വച്ചു. ആ സമയങ്ങളില്‍ സിലോണ്‍ ഹോട്ടലിലെ ബിരിയാണിയും, ലിറ്റില്‍ ഷേണായീസിലെ പടവും മറന്‍‌ ഡ്രൈവിലെ കളറുകളും മനസ്സിന് ആശ്വാസമേകി. സപ്ലിയുള്ളത് വീട്ടില്‍ പറഞ്ഞിട്ടില്ല..കൂടെ പഠിക്കുന്നവരില്‍ പലര്‍ക്കും ജോലി കിട്ടിയെന്നതും. ഒരോ തവണയും കൊച്ചിയില്‍ പോയി വരുമ്പോള്‍ ജോലി കിട്ടിയോടാ എന്ന ചോദ്യത്തിന് ഉത്തരമൊന്നും നല്‍കാതെ റൂമില്‍ പോയി കതകടച്ചിരുന്നു, യൂണിവേഴ്സിറ്റിയേയും വിപ്രോയേയും പ്രാകി. ഒരോ തവണയും അമ്മയുടെ കണ്ണിലെ , ആദ്യം തെളിയുന്ന പ്രതീക്ഷയും പിന്നെ വരുന്ന നിരാശയും, പിന്നെ വരുന്ന ശാന്തതയും കണ്ടില്ലെന്ന് നടിച്ചു.

ആയിടക്കാണ് കൊച്ചിയില്‍ ഹൈദ്രാബാദില്‍ നിന്നും കുറേ തെലുങ്കന്‍‌മാര്‍ എഞ്ചിനീയറിംഗ് കുട്ട്യോളെ പിടിക്കാന്‍ വന്നിറങ്ങിയത്.
സത്യസമത്വസുന്ദരമാ‍യ നീതിയില്‍ വിശ്വസിക്കുന്നത് കൊണ്ടാണോ, മറന്ന് പോയത് കൊണ്ടാണോ , അതോ കമ്പനി ഓണര്‍ക്ക് പണ്ട് സപ്ലീയടിച്ചിരുന്നത് കൊണ്ടാണോ ആര്‍ക്കറിയാം, എല്ലാവര്‍ക്കും വന്ന് ഭാഗ്യം പരീക്ഷിക്കാം എന്നറിയിപ്പുണ്ടായി.

ശനിയാഴ്ച അതി രാവിലെ പതിവ് പോലെ ഇടപ്പള്ളി പള്ളിക്ക് ഓപ്പസിറ്റുള്ള സ്കൂളില്‍ കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കണ്‍‌സ്‌ട്രക്ഷന്‍ സൈറ്റില്‍ അണ്ണാച്ചികളിറങ്ങും പോലെ ലോഡ് ലോഡായി വന്നിറങ്ങി.

നാലാം സെമസ്റ്ററിലെ ബാക്കി ഒറ്റപേപ്പര്‍ മാത്രം കിട്ടാനുണ്ടായിരുന്ന ഞാനും, ഒന്നാം സെമസ്റ്ററ് മുതല്‍ എഴുതിയ പരീക്ഷയേക്കാള്‍ ഏറെ സപ്ലിയുള്ള , മൂത്താപ്പ എന്ന് വിളിക്കുന്ന ബഷീറും തോളോട് തോള്‍ ചേര്‍ന്ന് ആദ്യത്തെ റൌണ്ടായ ബുദ്ധിപരീക്ഷ എഴുതി.
ഒന്‍പതിന് കഴിഞ്ഞ പരീക്ഷയുടെ റിസള്‍ട്ട് പത്തരക്കേ വരൂ. അതുവരെ എന്തു ചെയ്യും? രാവിലെ ഒന്നും കഴിച്ചിട്ടില്ല. രാവിലെ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഉറക്കച്ചടവുണ്ട്. ബസ്സ് യാത്രയുടെ ക്ഷീണവും. പതിവില്ലാതെ തലച്ചോര്‍ പ്രവര്‍ത്തിപ്പിച്ചതിന്റെ ക്ഷീണം വേറെ.
മറ്റു കോളേജുകളില്‍ നിന്ന് വന്ന മാടതത്തകള്‍ സ്കൂളിന്റെ വരാന്തകളില്‍ കൂട്ടം കൂടിയിരിക്കുന്നു. വെറുതെ അവരുടെ മുന്‍പില്‍ കൂടി നടന്ന് ചെത്തണോ? വേണ്ട. ഇതു വരെ ജോലി കിട്ടാത്തവനാണെന്ന് വിചാരിക്കും ഏതായാലും. കാലമൊക്കെ മാറിയിരിക്കുന്നു. ചെക്കന്റെ ഗ്രോസ് സാലറി നോക്കീട്ടാണ് പെണ്ണുങ്ങള്‍ ഇപ്പം ലൌ ലെറ്ററിന് യേസ്/നോ കൊടുക്കുന്നത്.ആല്‍‌മാര്‍ത്ത കാമുകന്മാര്‍ക്കൊക്കെ മാര്‍ക്കെറ്റിടിവാണ്.

എങ്കിലും ചുവന്ന ചുരിദാറിട്ട് ആനച്ചെവിയുമായി ഇരിക്കുന്ന, കവിളില്‍ മറുകിനാല്‍ ബ്യൂട്ടീസ്പോട്ടുള്ള അവളെ ഞാനൊന്ന് നോട്ട് ചെയ്തു.

സ്കൂള്‍ ക്യാമ്പസില്‍ നിന്ന് മെല്ലെ പുറത്തിറങ്ങി. കൂടെ വന്നവന്മാരേയൊന്നും കാണാനില്ല. പരീക്ഷക്ക് പൊട്ടുമെന്നുറപ്പായി നൂണ്‍ഷോക്ക് വിട്ടതാണോ?
ചുറ്റും നോക്കി. മുന്‍‌പില്‍ ഇടപ്പള്ളി പള്ളി. അമ്പലമൊന്നുമില്ലേ? ചുറ്റും നോക്കി. ഇല്ല.

പള്ളിയെങ്കില്‍ പള്ളി. എല്ലാം ഒരു സിനിമാകൊട്ടകയിലേക്കുള്ള ഡിഫറന്റ് വാതിലുകളല്ലേ? വാതിലല്ല, അകത്തെ സീറ്റാണ് പ്രധാനം.
കുരിശില്‍ കിടക്കുന്ന കൃസ്തുവിനേനോക്കി മനസ്സില്‍ ഒരുവിട്ടു “ദൈവമേ...ഫസ്റ്റ് റൌണ്ട് പാസ്സാവണേ..ബാക്കി ഞാന്‍ നോക്കിക്കോളാം..പാസായാല്‍ ഒരു മെഴുക് തിരി കത്തിച്ചേക്കാവേ”.

ശേഷം ഇടപ്പള്ളി സിഗ്‌നലിനടുത്തുള്ള ഹോട്ടലില്‍ പോയി പൊറോട്ടയും മുട്ടക്കറിയും കഴിച്ചു. വൃത്തികെട്ട സാധനം. പഴ‌കിയതാണെന്ന് തോന്നുന്നു. മുട്ടക്കറിയില്‍ ബീഡിച്ചൊയ.മനുഷ്യനെ പറ്റിക്കാനായിട്ട്. ശവങ്ങള്‍.
ഒരു റി‌ഗ്‌ളീസ് വായിലിട്ട് പശു അയവെട്ടും പോലെ ചവച്ച് ക്യാമ്പസില്‍ തിരിച്ചെത്തി.

റിസള്‍ട്ട് വന്നിരിക്കുന്നു. ലിസ്റ്റില്‍ അങ്ങ് താഴത്ത് അരവിന്ദ് . കെ.
ഉച്ചക്ക് പന്ത്രണ്ടരക്ക് നെക്സ്റ്റ് റൌണ്ട് - ഗ്രൂപ്പ് ഡിസ്‌കഷന്‍.

നേരെ പള്ളിയിലേക്ക് നടന്നു. പുറത്ത് നിന്ന് ഒരു പാക്കറ്റ് മെഴുകുതിരി വാങ്ങി. അകത്ത് കയറാന്‍ ഇത്തിരി പേടിയുണ്ടായിരുന്നു. ഹിന്ദു അകത്ത് കയറിയാല്‍ അടി വല്ലതും കിട്ടുമോ?
അകത്ത് കന്യാമറിയത്തിന്റേയും കൃസ്തുവിന്റേയും വിഗ്രഹങ്ങള്‍. അത് ശരി..ഇവര്‍ക്കും വിഗ്രഹാരാധനയാണല്ലേ?
മുന്നിലെ ഇരുമ്പ് താലത്തില്‍ മെഴുകുതിരികള്‍ കത്തുന്നു. പാക്കറ്റ് തുറന്ന് മൊത്തം മെഴുകുതിരിയും കത്തിച്ച് കുത്തി നിര്‍ത്തി.
മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നവരെ ശല്യപ്പെടുത്താതെ പിറകില്‍ കൂടി ചെന്ന് അള്‍ത്താരയുടെ മുന്‍പില്‍ നിന്ന് പ്രാര്‍ത്ഥിച്ചു.
“ആദ്യ റൌണ്ട് തള്ളിവിട്ടതിന് റൊമ്പ താന്‍‌ക്സ്. ദൈവമേ ഇനി ഗ്രൂപ്പ് ഡിസ്‌കഷന്‍ കൂടി ഒന്ന് പാസ്സാക്കി തരണേ...പ്ലീസ് പ്ലീസ്....ബാക്കി ഞാന്‍ നോക്കാം..ഇത് മാത്രം മതി.”
അവിടെ നിന്ന് തന്നെ ശിവനേയും പോരിട്ടിക്കാവില്‍ ഭഗവതിയേയും ധ്യാനിച്ചു.

പ്രാര്‍‌ത്ഥിച്ചതിന്റെ കുറവ് കൊണ്ട് ജോലി കിട്ടാതിരിക്കരുത്. റെക്കമെന്റേഷന് എത്ര രൂപാ ഇറക്കാനും തയ്യാര്‍. താന്‍ പാതി ദൈവം പാതി എന്നല്ലേ? പാസ്സാവാന്‍ ദൈവത്തിന്റെ 50% മതി.

ഗ്രൂപ്പ് ഡിസ്കഷന്‍ വൈകി രണ്ടിനാണ് തുടങ്ങിയത്. കുട്ടികളെ എട്ട് പേരുള്ള ഗ്രൂപ്പുകളായി തിരിച്ച്, ഒരോരോ ക്ലാസ്സ് റൂമില്‍ കയറ്റി. കൂടെ ഒരോ തെലുങ്കനും. സൂപ്പര്‍‌വൈസറാണത്രെ.
ഞാന്‍ എന്റെ ഗ്രൂപ്പിനൊപ്പം റൂമില്‍ കയറും മുന്‍പ് ഒരു മിന്നായം പോലെ കണ്ടു - ആനച്ചെവി മറ്റേ ക്ലാസ്സില്‍ കയറുന്നു. അപ്പോ അവളും പാസ്സായി അല്ലേ?
ജോലി ഒരേ കമ്പനിയില്‍ കിട്ടി, ഹൈദ്രാബാദില്‍ ഒരുമിച്ച്, തെലുങ്കില്‍ യുഗ്മഗാനം പാടി....ദൈവേ കൊതിപ്പിക്കല്ലേ.

ഗ്രൂപ്പ് ഡിസ്കഷന്‍ - തരുന്ന വിഷയത്തെക്കുറിച്ച് ഒരു ഗ്രൂപ്പില്‍ ഡിസ്‌കസ് ചെയ്യുക. സമയം പത്ത് മിനിട്ട്. പറയുന്ന രീതി, അതിലെ പോയ‍‌ന്റ്സ്, ആത്മവിശ്വാസം, ഭാഷ, മറ്റുള്ളവരോട് ഇടപഴകുന്ന രീതി, ഇവയെല്ലാം കണക്കാക്കി ആള്‍‌ക്കാരുടെ കഴിവ് നിശ്ചയിക്കും.

തെലുങ്കന്‍ വിഷയം തന്നു. “ലൌ മാര്യേജ് വേര്‍സസ് അറേഞ്ച്ഡ് മാര്യേജ്. വിച്ച് ഈസ് ബെറ്റര്‍?”

ഏത് ഗ്രൂപ്പ് ഡിസ്കഷനിലും സംഭാഷണം തുടങ്ങുന്ന ആള്‍ക്ക് ഒരു അഡ്വാന്റേജ് കിട്ടുമെന്നറിയാമായിരുന്നു (ഗാംബിറ്റ് എന്ന സൂത്രം). എന്തു വിഷയമാണെങ്കിലും ആദ്യം വര്‍ത്തമാനം പറഞ്ഞ് തുടങ്ങുന്നത് ഞാനായിരിക്കണം-അതില്‍ തെലുങ്കന്‍ വീഴും-ഞാന്‍ മനസ്സില്‍ കരുതി കാത്തിരുന്നു.
കൂടെയുള്ള എല്ലാ അവന്മാര്‍ക്കും അവളുമാര്‍ക്കും അതറിയാമെന്ന് എനിക്ക് ഒരു സൂചനയും ഇല്ലായിരുന്നു.

തെലുങ്കന്റെ മുന്‍‌പില്‍ അതുവരെ‍ കാക്കക്കുഞ്ഞുങ്ങള്‍‍ തള്ളക്കാക്കായുടെ മുന്‍പില്‍ വായും പൊളിച്ചിരിക്കുന്ന പോലെ ഇരുന്ന ഞങ്ങള്‍ വിഷയം കിട്ടിയതും ഒരലര്‍‌ച്ചയായിരുന്നു.

“ലൌ മാര്യേജ് ഈസ് ബെറ്റര്‍ ദാന്‍ അറേന്‍‌ച്ഡ് മാര്യേജ് ബികോസ് അറേഞ്ച്ഡ് മാര്യേജ് ഈസ് ബാഡ് “ എന്ന് പറഞ്ഞത് ഓര്‍മയുണ്ട്.

എല്ലാരും കൂടെ ഒരാര്‍‌പ്പല്ലായിരുന്നോ!!!!! ഇതുപോലെയൊരാര്‍പ്പ് പണ്ട് ഏതോ മരണവീട്ടീന്നാ കേട്ടത്.
സൈഡീന്നും മുന്നീന്നും പിന്നീന്നും കലപില - കാറല്‍.
വവ്വാല്‍‌കൂട്ടത്തില്‍ അമിട്ട് പൊട്ടിച്ചാല്‍ ഇത്രയും ബഹളമില്ല.

തെലുങ്കന്‍, ഇടിവെട്ടിയവന്റെ മണ്ടയില്‍ കൂടം കൊണ്ട് മേടിയ പോലെ, മുന്നില്‍ കല്ലായി ഇരിക്കുന്നു.
എന്തൊക്കെയോ പറഞ്ഞു..ഇംഗ്ലീഷോ തമിഴോ തെലുങ്കോ ഹീബ്രുവോ..........ആര്‍ക്കറിയാം.....
ഒന്നും ആരും കേള്‍ക്കില്ലെന്നുറപ്പായിരുന്നു. അത്രക്കായിരുന്നു ബഹളം.

സ്റ്റോപ്പ്!!!!!!!! എന്ന് തെലുങ്കന്‍ അലറിയപ്പൊള്‍ നിര്‍ത്തി. ട്രെയിന്‍ ആലുവാ പാലം കയറിയിറങ്ങിയത് പോലെ-ഒരു ശാന്തത.

തൃശൂര്‍പ്പൂരം വെടിക്കെട്ട് നടക്കുമ്പോള്‍ അതിന് പുറം തിരിഞ്ഞിരിക്കുന്ന പൊട്ടനെപോലെ ഇത്രയും ബഹളം നടന്നപ്പോളും ഒരക്ഷരം മിണ്ടാതെ നടുവില്‍ “ഇതെന്തായിരിക്കും സംഭവിക്കണത്?“ എന്നാലോചിച്ചിരുന്ന ഒരു പാവം യുവാവിനെ നോക്കി തെലുങ്കന്‍ അലറി.
“യൂ ഡിഫനിറ്റിലി ഔട്ട്....റെസ്റ്റ് ആഫ് യൂ വെയിറ്റ് ഔട്ട് സൈഡ്.”

ദൈവമേ..അപ്പോ ഈ റൌണ്ടും കിട്ട്യാ? ഒരു ചെറിയ ശങ്കയോടെ പുറത്തിറങ്ങി. നേരെപോയി ഒരു തംസപ്പ് വാങ്ങിച്ച് അണ്ണാക്കിലൊഴിച്ചു. അത്രക്ക് ചൂടായിരുന്നു തൊണ്ടക്ക്. അജ്ജാതി റേസിംഗ് അല്ലായിരുന്നോ? വെള്ളവും ഓയിലും വറ്റിക്കാണും. പാവം കൊരവള്ളി.

ഒരു കൂട് മെഴുകുതിരി കൂടി വാങ്ങി വീണ്ടും പള്ളിക്കകത്ത് കയറി.
“ഡിസ്റ്റര്‍ബ് ചെയ്യുകയാണെന്ന് വിചാരിക്കരുത്..ഇത് ഒന്ന് പാസ്സാക്കി തരണം..എന്റെ ജീവിതത്തില്‍ ഇത്രയും നാണം കെട്ട് ഞാന്‍ കാറിയിട്ടില്ല.അതോണ്ടാണ്.”
കന്യാമറിയവും കൃസ്തുവും തലചരിച്ച് ദീനതയോടെ നില്‍‌ക്കുന്നു. ഇവരുടെയല്ലാം തല ചരിഞ്ഞേ ഇരിക്കൊള്ളാ? ആറടിയുള്ള ഞാന്‍ ബസ്സില് നില്‍‌ക്കണ പോലെ. മനസ്സില്‍ വന്ന ചിന്തയെ തടുക്കാന്‍ ശ്രമിച്ചു. നടന്നില്ല.

മെഴുകുതിരി കത്തിച്ച് പള്ളിക്ക് പുറത്തിറങ്ങി.

എല്ലാ ഗ്രൂപ്പിന്റേയും റിസള്‍ട്ട് വന്ന് , ഫൈനല്‍ ലിസ്റ്റിട്ടപ്പോളേക്കും സമയം ഇരുട്ടി.
ലിസ്റ്റില്‍ അങ്ങാദ്യം..അരവിന്ദ് കെ വീണ്ടും..കര്‍ത്താവേ സ്തോത്രം!! ആത്മാര്‍ത്ഥമായി പറഞ്ഞുപോയി.

ഇന്റര്‍വ്യൂ നാളെയാണത്രെ. എന്റെ സമയം രാവിലെ എട്ടര.
ഇന്റ‌ര്‍വ്യൂവിന് ഫോര്‍മല്‍ ഡ്രസ്സ് വേണമത്രേ. കാഷ്വല്‍ പോരാന്ന്.

ബെസ്റ്റ്. ഞാന്‍ ഇട്ടിരിക്കുന്നത് എന്റെ രൂപത്തിന് വളരെ ചേരും എന്ന് എല്ലാവരും പറയുന്ന ബഫലോയുടെ ജീന്‍‌സ് ഷര്‍ട്ടും, കുവൈറ്റിലെ രാജേട്ടന്‍ കഴിഞ്ഞ അവധിക്ക് വന്നപ്പോള്‍ വീട്ടില്‍ ഇട്ടേച്ച് പോയ “കില്‍‌-മി” യുടെ ജീന്‍സും. പിന്നെ തേഞ്ഞ ഒരു ബാറ്റാ വള്ളിച്ചെരുപ്പും.

ഇപ്പം സമയം ഏഴ്.
ബോഡി സൈസ് പ്രശ്നമല്ലാത്തവര്‍ കൊച്ചിയിലെ കൂട്ടുകാരുടെ ഡ്രസ്സ് കടം വാങ്ങാന്‍ പോയി.കാശുള്ളവര്‍ ഷര്‍ട്ടും പാന്റും വാങ്ങാന്‍ കൊച്ചിക്ക് പോയി.
എന്റെ കൈയ്യില്‍ ഉള്ള കാശ് വണ്ടിക്കൂലി കഴിച്ചൊരു ബിരിയാണിക്ക് പോലുമില്ല. മെഴുകുതിരിക്ക് കുറേ കാശ് പോയിരിക്കുന്നു.

വീട്ടിലേക്ക് ഫോണ്‍ കറക്കി അമ്മയോട് ഗീത ചേച്ചിയുടെ കല്യാണത്തിന് കിട്ടിയ വിവാള്‍‌ഡി ഷര്‍ട്ടും രേണു ചേച്ചിയുടെ കല്യാണത്തിന് കിട്ടിയ പാന്റും തേച്ച് വയ്കാന്‍ പറഞ്ഞു.
വല്ലതും കഴിച്ചോടാ എന്ന അമ്മയുടെ ചോദ്യം അവഗണിച്ചു. പൂരത്തിന്റെടേലാ ഒരു കഴിപ്പ്.

ചങ്ങനാശേരിയിലുള്ള അബ്രഹാമിനെ കൂട്ട് കിട്ടി. അവനും എന്റെ സെയിം സ്ഥിതി. ഷര്‍ട്ട് മാറാന്‍ വീട്ടില്‍ പോണം. സൂപ്പര്‍ ഫാസ്റ്റ് പിടിച്ച് കോട്ടയം ചാടി അവിടുന്ന് ഫാസ്റ്റിന് തിരുവല്ലയിറങ്ങി, ലാസ്റ്റ് ബസ്സ് കയറി വീട്ടിലെത്തിയപ്പോള്‍ സമയം ഒരു മണി. ആ ദിവസം രാവിലെ എട്ടരക്ക് ഇന്റര്‍വ്യൂ എറണാകുളത്ത്.
മൂന്നരവരെ ഉറങ്ങിയെന്ന് വരുത്തി, കുളിച്ച്, ഷര്‍ട്ടും പാന്റും മാറി, ഒരു സ്റ്റീല്‍ മഗ്ഗില്‍ പാലും കുടിച്ച്, ഒരു ടെക്സ്റ്റ് ബുക്കുമെടുത്ത് ഇരുട്ടില്‍ പുറത്തിറങ്ങി.
ബൈക്കെടുത്ത് ചങ്ങനാശേരിയില്‍ അബ്രഹാമിന്റെ വീട്ടിലെത്തി. അവനെ ബസ്-സ്റ്റാന്റിലോട്ട് പിക്കണം.

അവിടെ അബ്രഹാമിന്റെ വീട്ടിനകത്ത് തേനീച്ചക്കൂട്ടിലെ മൂളല്‍ പോലെ ശബ്ദം. നോക്കിയപ്പോള്‍ കുടുംബമടക്കം മുട്ടില്‍ നിന്ന് കൂട്ടപ്രാര്‍ത്ഥനയാണ്. ജോലി കിട്ടാന്‍.
അത് ശരി. അപ്പോ ഇടപ്പള്ളി ഏമാന്‍ നമ്മടെ ആപ്പ്ലിക്കേഷന്‍ തള്ള്വോ ആവോ? സ്വന്തക്കാര് ചെല്ലുമ്പോ നമ്മള് വേറെ ഗ്രൂപ്പാവ്വോ ആവോ. സാരല്ല, ഗുരുവായൂരിലും ശബരിമലയിലും ചെങ്ങന്നൂരിലും ബസ്സിലിരുന്ന് ഒരോ ആപ്ലിക്കേഷന്‍ കൊടുക്കാം.

“കളഞ്ഞേച്ച് വാഡേയ്” എന്ന് അബ്രഹാമിനെ ആംഗ്യം കാട്ടി.
അബ്രഹാമിനേയും പൊക്കി സ്റ്റാന്റിലെത്തി ബൈക്ക് മൂലക്ക് വച്ച് ലോക്ക് ചെയ്ത് ആലപ്പുഴ ബസ്സില്‍ കയറി.
ആലപ്പുഴയില്‍ നിന്ന് എറണാകുളത്തേക്ക്.

ചേര്‍ത്തലയായപ്പോള്‍ നേരം വെളുത്തു. കൈയ്യിലിരുന്ന ബുക്ക് തുറന്ന് വായിക്കാന്‍ ശ്രമിച്ചു.
‘എന്തരെടേ ഇന്ന് പുതിയ സ്വഭാവമൊക്കെ?” എബ്രഹാം കളിയാക്കുന്ന മട്ടില്‍ .
“പോടാ പന്നീ” എന്ന് പറഞ്ഞ് ബുക്കടച്ചു വച്ചു. അവന്‍ പറഞ്ഞത് ശരിയാ..ആരെ തോല്‍‌പിക്കാന്‍..മാനമര്യാദക്ക് ചെന്നങ്ങ് പൊട്ടിയാ പോരേ? ഷോ വേണോ?

ഇന്റര്‍വ്യൂ തുടങ്ങിയത് ഒന്‍പതിന്. ഇന്റര്‍വ്യൂ ചെയ്യുന്നത് രണ്ട് അണ്ണന്മാര്‍.
ഗുഡ് മോണിംഗ് ഒക്കെ കഴിഞ്ഞ് എന്നെക്കുറിച്ച് പറയാന്‍ പറഞ്ഞു.

എന്ത് പറയാന്‍? ജനിച്ച കൊല്ലം പറഞ്ഞു.
അച്ഛന് പ്രൊമോഷന്‍ സ്വയം കൊടുത്ത് എഞ്ചിനീയറാണെന്ന് തട്ടി. അങ്ങനേലും ഇമ്പ്രഷന്‍ വരട്ടെ.
ചേച്ചി എം.എസ്.സി ആണെന്ന് പറഞ്ഞു. മാത്തമാറ്റിക്സ് എന്ന് എടുത്ത് പറഞ്ഞു.
അമ്മ കണക്ക് റ്റീച്ചറാണെന്നും പറഞ്ഞു. ബുദ്ധിയുള്ള വീട്ടാരാണെന്ന് തോന്നിക്കോട്ടെ. അമ്മയെ സ്കൂളിലെ ഹെഡ്‌മിസ്ട്രസ് ആക്കാരുന്നു എന്ന് പിന്നീട് തോന്നി.

മൂന്ന് മാസം ഷേണായീസിന്റെ പിന്നിലുള്ള വൈ.എം.സി എയില്‍ താമസിച്ച് വളഞ്ഞമ്പലത്തുള്ള ഇന്‍‌സ്റ്റിറ്റ്യൂട്ടില്‍ ചെയ്ത പ്രൊജക്റ്റിനെക്കുറിച്ച് ചോദിച്ചു.
ആ മൂന്ന് മാസം, സരിത-സവിത-സംഗീതയും‍ ചേ‌ഞ്ചിന് ലിറ്റില്‍ ഷേണായീസും, ജയലക്ഷ്മി തട്ടും, റൂമില്‍ ഗുലാന്‍ പരിശും, മറൈന്‍ ഡ്രൈവും, ബാക്കി സമയം സപ്ലിക്ക് പഠിത്തവുമായിരുന്നു സാറേ എന്ന് പറഞ്ഞില്ല.
സപ്ലിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
വേറെ ഇതിലും നല്ല ജോലി കിട്ടിയാല്‍ ഈ ജോലി വേണ്ടാന്ന് വച്ച് പോകുമോ എന്ന് ചോദിച്ചു. പോകും എന്ന് പറഞ്ഞു. പിന്നെ പോകാതെ!

പുറത്തിറങ്ങിയപ്പോള്‍ ആകെ തോന്നിയ ഫീലിംഗ് നല്ല വിശപ്പ് മാത്രമായിരുന്നു.
ഇടപ്പള്ളി സിംഗ്നലിന്റെ ഓപ്പസിറ്റ് പോയി ബേക്കറിയില്‍ നിന്ന് പഞ്ചാരബണ്ണും ലിംകയും കുടിച്ചു. രണ്ടേമ്പക്കം വിട്ടു.
ഇനി റിസള്‍ട്ട് എപ്പൊളാണാവോ....ആനച്ചെവി ഊഴം കാത്തിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. പേര് നന്ദിനി തോമസാണത്രേ. കോളേജ് പ്രഫസറുടെ മോളാ. അടൂര് പഠിക്കുന്നു. അബ്രഹാമിനറിയാം. വീട് ചങ്ങനാശേരി. സെറ്റപ്പ് കുഴപ്പമില്ല. അപ്പന്‍ പ്രഫസറായത് കൊണ്ട് ഇത്തിരി ഫോര്‍‌വേര്‍ഡ് ആയി ചിന്തിക്കുമായിരിക്കും. ഒറ്റമോള്. നല്ല സ്വത്തും കാണുമായിരിക്കും. ദൈവമേ നിങ്ങടെ ഒരോരോ പ്ലാന്‍‌സേയ്..എനിക്ക് നാണം വന്നു.

എബ്രഹാമിന്റെ ഇന്റര്‍വ്യൂ കഴിഞ്ഞോ ആവോ? നോക്കാന്‍ നില്‍‌ക്കാതെ വീണ്ടും പള്ളിക്കകത്ത് കയറി.
മുന്‍പില്‍ ഒരമ്മച്ചിയും ഒരു യുവാവും മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്. കടുത്ത എന്തോ ആവശ്യമായിരിക്കും.
പിന്നില്‍ ഒഴിഞ്ഞ ബെഞ്ചുകള്‍.

പിന്നിലെ ഒരു ബഞ്ചില്‍ പോയി ഇരുന്നു. അള്‍ത്താരയിലെ ഡിസൈന്‍ നോക്കിയിരുന്ന് കണ്ണ് പുളിച്ചു.
ഇന്നലെതൊട്ട് ഉറക്കം ശരിയായിട്ടില്ല. ഉറക്കം കണ്ണുകളില്‍ ഊഞ്ഞാലല്ല, സാക്ഷാല്‍ ട്രപ്പീസ് കെട്ടി ആടുന്നു.

മുന്‍പിലത്തെ ബഞ്ചിന്റെ ചാരുപലകയില്‍ കൈ വച്ച് അതിന്റെ മുകളില്‍ തല വച്ച് കുനിച്ചിരുന്നു.

ആരോ വന്ന് തൊളില്‍ തട്ടിയപ്പോളാണ് ഉറക്കം ഞെട്ടി തലപൊക്കി നോക്കിയത്. സമീപം ഒരു താടിക്കാരന്‍.
യേശുകൃസ്തു? ഏയ്..അങ്ങേര്‍‌ക്ക് കഷണ്ടിയില്ലല്ലോ..പള്ളീലച്ചന്‍? അല്ല ളോഹയുമല്ല.
തട്ടിയുണര്‍ത്തി അയാള് നടന്ന് പോയി. പ്രാര്‍ത്ഥിക്കാന്‍ വന്ന ആരോ ആവണം.

നേരെയിരുന്ന് വാച്ച് നോക്കി. അമ്മേ..സമയം പന്ത്രണ്ടര. രണര -മൂന്ന് മണിക്കൂറായി പള്ളികകത്തിരുന്ന് ഉറക്കം തുടങ്ങീട്ട്.
കാല്‍ചുവട്ടിലേക്ക് നോട്ടം പാളി. അയ്യോ...വെള്ളം. അവിടെ വെള്ളം കെട്ടികിടക്കുന്നു.
തവളമുട്ടപോലെ അര്‍ദ്ധഗോളാകൃതിയില്‍ നിന്നിരുന്ന ആ വെള്ളക്കെട്ടില്‍ ഒന്നു രണ്ടുറുമ്പുകള്‍ ചത്ത് പൊങ്ങിക്കിടക്കുന്നു.
ഇതെവിടെ നിന്ന് വന്നു? മഴപെയ്ത് ചോര്‍ന്നോ? ഇല്ല.

പെട്ടെന്ന് കത്തി. മുന്‍പിലേക്ക് ചാരിയിരുന്നു ഉറങ്ങിയപ്പോ കടവായീന്ന് താഴെ പോയതാണ്. തേന്‍.

ശേ...സംഗതി ചവുട്ടി തേക്കണോ, ഷൂസിന്റെ അറ്റം വച്ച് ചാലു കീറി പല വഴിക്ക് തിരിച്ചു വിടണോ? ആരെങ്കിലും കണ്ടാല്‍..പള്ളിയില്‍ പുണ്യാഹ പൂജക്ക് ചെലവ് കൊടുക്കേണ്ടി വരുമോ?
അവസാനം ഒന്നും ചെയ്യാതെ , ഇന്‍ ചെയ്ത ഷര്‍ട്ടെടുത്ത് പുറത്തിട്ട്, മുഖം തുടച്ച് , പതുക്കെ അള്‍ത്താരയുടെ മുന്‍പിലെത്തി.

കന്യാമറിയത്തെ നോക്കി “ മഹാമായേ സര്‍വ്വേശ്വരീ ഇന്റര്‍വ്യൂ പാസാവണേ.....ഒരു മുല്ലപ്പൂ മാലയിട്ടേക്കാമേ രണ്ട് പാക്കറ്റ് മെഴുകുതിരിയും കത്തിക്കാമേ” എന്ന് പ്രാര്‍ത്ഥിച്ചു.
കര്‍ത്താവിനോട് ഇനിയും പാസ്സാക്കാന്‍ പറഞ്ഞാല്‍‍ ദേഷ്യപ്പെടും. റിക്വസ്റ്റ് അല്പം മാറ്റിപ്പിടിപ്പിക്കാം.

ഇന്റര്‍വ്യൂവിന്റെ റിസള്‍ട്ട് വന്നപ്പോള്‍ അരവിന്ദ് കെ എന്ന പേര് വിളിച്ചപ്പോള്‍ വയറിനുള്ളില്‍‍ വീര്‍പ്പിച്ച് വച്ചിരുന്ന ഒരു മത്തങ്ങാ ബലൂണിന്റെ കാ‍റ്റ് പോയപോലെ ഒരു ഫീലിംഗ് തോന്നി.
ഒരു ഭാരമില്ലായ്മ!!!! എനിക്ക് ജോലി കിട്ടിയിരിക്കുന്നു. നന്ദിനിക്കും കിട്ടി, അബ്രഹാമിനും കിട്ടി !
ഇടപ്പള്ളി മാതാവ് എന്റെ സ്വന്തം മാതാവ്! ഇടപ്പ്ലള്ളി എന്റെ സ്വന്തം ഇടവക!
ആദ്യായി ഒരു പള്ളീല്‍ കയറി പ്രാര്‍ത്ഥിക്കുന്ന മൂന്ന് കാര്യം സാധിക്കും എന്ന് ആരാ പറഞ്ഞേ...അവന് ദീര്‍‌ഘായുസ്സ്!

നേരെപോയി വലിയൊരു മുല്ലപ്പൂ മാല വാങ്ങി. രണ്ടിന് പകരം നാല് പാക്കറ്റ് മെഴുകുതിരി വാങ്ങി.
മുല്ലപ്പൂമാല നേരെ പൊയി കന്യാമറിയത്തിന് ചാര്‍ത്തി. മുന്‍‌പില്‍ ഒരു സാഷ്ടാംഗം അടിച്ചു. കാണണവര്‍ കാണട്ടെ, ഹിന്ദുവാണെന്ന്.
നാലാറ് ഇരുപത്തിനാല് മെഴുകുതിരികള്‍ നിരത്തി കത്തിച്ചു. നിന്ന് കത്തട്ടെ..കര്‍ത്താവേ അങ്ങ് വലിയവന്‍ എന്ന് ആത്മാര്‍ത്ഥമായിപ്പറഞ്ഞു.
മനസ്സു നിറഞ്ഞു, കണ്ണ് നിറഞ്ഞു...വിശ്വസിക്കാന്‍ പ്രയാസം..എനിക്കും ജോലി കിട്ടി. പഠിത്തം തീരും മുന്‍പേ!

ഹൈദ്രാബാദില്‍ ചെന്ന് സെപ്തംബര്‍ അഞ്ചിന് ജോയിന്‍ ചെയ്യണം.
സപ്ലി ഒരു പേപ്പര്‍ എഴുതാന്‍ കിടക്കുന്നു. സാരല്ല...അതിന്റെ ഡേറ്റ് യൂണിവേഴ്സിറ്റി അനൌണ്‍സ് ചെയ്തിട്ടില്ല. ഒന്നുകില്‍ എഴുതീട്ട് പോകാം, അല്ലെങ്കില്‍ ജോയിന്‍ ചെയ്ത് ലീവ് എടുത്ത് വന്ന് എഴുതാം. ഹോ ലീവ്.....ജോലിയുള്ളവര്‍ക്ക് മാത്രമുള്ള ഒരു സാധനം..ഇനി എനിക്കും!

വീട്ടില്‍ വിളിച്ചു ജോലി കിട്ടീന്ന് പറഞ്ഞു. ശമ്പളം പതിനയ്യായിരാണത്രേ. ഉറപ്പില്ല. മൂന്ന് ദിവസം കഴിഞ്ഞ് അബാദ് പ്ലാസ ഹോട്ടലില്‍ വന്ന് അപ്പോയിന്‍‌മെന്റ് ലെറ്റര്‍ വാങ്ങണം. അപ്പോ അറിയാം. വല്ലതും കഴിച്ചോടാ എന്ന അമ്മയുടെ ലാസ്റ്റ് ചോദ്യത്തിന് ഇല്ല, പക്ഷേ ഇപ്പോ പോയി ഒരു ബിരിയാണി കഴിക്കാന്‍ പോവാമ്മേ, പക്ഷേ വന്നിട്ട് അത്താഴവും കഴിക്കും എന്ന് ഉറപ്പിച്ച് പറഞ്ഞു.

ഇനി ആള്‍ക്കാര്‍ കൂട്ടം പിരിയും മുന്‍പ് പെണ്‍‌കുട്ട്യോളടെ മുന്‍പിലൊന്ന് ചെത്താം..കിട്ട്യോ എന്ന് ആരേലും ചോദിച്ചാല്‍ കിട്ടി എന്ന് പറയാം. ആനച്ചെവിയോട് കിട്ട്യോ എന്ന് ചോദിക്കാം...എന്തെല്ലാം പ്ലാന്‍ ചെയ്യണം....കല്യാണം പള്ളിയിലാക്കാനും പ്രത്യേകിച്ച് ഇടപ്പള്ളിയിലാക്കാനും ഞാന്‍ ഇപ്പോ റെഡി.

സ്കൂള്‍ ക്യാമ്പസിലേക്ക്‍ ഉന്മാദനായി “ഇവിടെ കാറ്റിനു സുഗന്ധം...” പാട്ട് മൂളിക്കൊണ്ട് തിരിക കയറിയപ്പോള്‍ മുന്‍‌പില്‍ ബഷീര്‍ നില്‍ക്കുന്നു.
ഈ ശവി എന്താ ഇവടെ? ഇവന്‍ ആദ്യ റൌണ്ടില്‍ ഔട്ടായതാണല്ലോ.

“അരവിന്നാ ഡേയ്..കിട്ട്യോ?” ചിരിച്ചു കൊണ്ട് ബഷീര്‍ അടുത്തേക്ക് വന്നു.

“ഉം..കിട്ടി” സന്തോഷം മറച്ചു വച്ചുകൊണ്ട് പറഞ്ഞു.പാവം..അവനെ ഇനി സങ്കടപ്പെടുത്തണ്ട.

“അടിപൊളി..പക്ഷേ നിനക്കൊരു പേപ്പറില്ലേടാ കിട്ടാന്‍? സപ്ലി? ഫോര്‍ത്ത് സെം?”

“ഉം”

“ഇപ്രാവശ്യം അത് നിനക്ക് ലാസ്റ്റ് ചാന്‍‌സല്ലേ?”

ആണെടാ...അതിനെന്തറ ഡേഷേ?” പഹയന്‍ ഒറ്റാന്‍ വല്ലതും വന്നതാണോ?

“അതിന്റെ പരിക്ഷേടെ ഡേറ്റ് വന്നൂ ട്ടാ..ഞാന്‍ യൂണിവേഴ്സിറ്റീല്‍ പോയേര്‍‌ന്നു”

“എന്നാ?” ഇനി അതെഴുതാന്‍ ലീവെടുക്കണോ ആവോ..ജോലിയുള്ളവരുടെ ഒരോരോ മെനക്കേടുകളേ.


“പരീക്ഷ സെപ്തംബര്‍ അഞ്ചിന് . തിങ്കളാഴ്ച.”

..........
..........


അന്ന് ഇടപ്പള്ളിയില്‍ വഴി എറണാകുളത്തേക്കു പോകുന്ന ഒരു ബസ്സില്‍ നിന്ന് ഒരു യുവാവ്‍ ബസ്സ് നീങ്ങും മുന്‍പ് ഇടപ്പള്ളി പള്ളിയിലേക്ക് തല ചെരിച്ച് ഒരു നോട്ടം നോക്കി.
കിരീടത്തില്‍, “കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി” പാടി മോഹന്‍‌ലാല്‍ നടന്ന് വന്ന് അമ്പലത്തിലേക്ക് നോക്കിയ ആ നോട്ടം പോലെ.

മുഖത്ത് സങ്കടമാണോ, ദേഷ്യമാണോ, നന്ദിയാണൊ, ഞാന്‍ പിന്നെ എടുത്തോളാ ട്ടാ എന്ന വൈര്യമാണോ.....ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത,
ഡാവിഞ്ചിയുടെ മോണോലിസയുടെ ചിരിയെ വെല്ലുന്നൊരു ഗൂഢഭാവം ആ മുഖത്ത് പ്രതിഫലിച്ചിരുന്നു.


വാല്‍ക്കഷ്ണം : ജോലി കിട്ടണമെന്ന് പ്രാര്‍ത്ഥിച്ചു. ജോലി തന്നു. ചേരാന്‍ പറ്റണം ന്ന് പ്രാര്‍ത്ഥിച്ചില്ല, പരീക്ഷ നേരത്തെയാക്കണം ന്ന് പ്രാര്‍ത്ഥിച്ചില്ല.
പ്രാര്‍ത്ഥനയുടെ വാച്യാര്‍ത്ഥങ്ങള്‍ കൊണ്ട് ഹിന്ദു ദൈവങ്ങള്‍ പണ്ട് കുംഭകര്‍ണ്ണനടക്കം പലര്‍ക്കും ആപ്പ് വച്ചതാണല്ലോ. കൃസ്ത്യാനികളും സെയിം ഗ്രൂപ്പാണെന്ന് മനസ്സിലാകാന്‍ വൈകി. അല്ലെങ്കിലും കാര്യം വരുമ്പോള്‍ അവരൊക്കെ ഒറ്റക്കെട്ടാ.

മനുഷേരെ വടിയാക്കുന്നതിനും ഒരു ലിമിറ്റുണ്ട്.

അന്ന് ഇടപ്പള്ളിയിലെ ആ ഇരുണ്ട സന്ധ്യയില്‍ തകര്‍ന്നടിഞ്ഞത് എന്റെ ജോലി സ്വപ്നം മാത്രമായിരുന്നില്ല. അതിലും സങ്കടം മറ്റൊന്നായിരുന്നു.
നന്ദിനി തോമസ്സിനെക്കുറിച്ച് മനസ്സിന്റെ തൂവെള്ള ക്യാന്‍‌വാസില്‍ വരച്ച വര്‍ണ്ണ സ്വപ്നങ്ങള്‍‍ കൂടെയായിരുന്നു നിമിഷങ്ങള്‍ കൊണ്ട്, വീട്ടിലെ കരിമ്പനടിനടിച്ച എന്റെ കിറ്റക്സ് ലുങ്കി പോലെയായത്.

വാല്‍‌ക്കഷ്ണം രണ്ട് : ഇടപ്പള്ളിയിലെ മാതാവ് എനിക്ക് പോരട്ടിക്കാവിലമ്മക്ക് തുല്യം...അമ്മസത്യം.


(തുടരും)

70 Comments:

Blogger അരവിന്ദ് :: aravind said...

സമയം യൂറോപ്യന്‍ റെസ്റ്റോറന്റിലെ, പ്ലേറ്റിലെ ചിക്കണ്‍ കഷ്ണം പോലെയായിരിക്കുന്നു.
എത്ര ശ്രമിച്ചിട്ടും മുള്ളില്‍ കുരുങ്ങുന്നില്ല.
എങ്കിലും ഒരു ദിവസം ദുഖങ്ങള്‍‌ക്കവധി കൊടുത്ത് ഒറ്റയിരിപ്പിന് ഒരു പോസ്റ്റു കാച്ചുന്നു.
പറയാന്‍ വന്ന കഥ തുടങ്ങാന്‍ പോലും കഴിഞ്ഞില്ല. അടുത്ത ഭാഗത്തില്‍ തീര്‍ക്കാം എന്ന് കരുതട്ടെ.

കുറുമയ്യന്‍ പറഞ്ഞതെത്ര ശരി!! എഴുതാനുള്ള ആ ഒരു ടച്ച് വിടാന്‍ എത്രയെളുപ്പമാണ്?
സത്യം പറഞ്ഞാല്‍ കൈ ഉന്തേണ്ടി വന്നു..അവസാനമായപ്പോഴേക്കും.

മൊത്തം ചില്ലറയിലെ പുതിയ പോസ്റ്റ്.

അഭിപ്രായം തുറന്നു പറയൂ..ഞാനല്ലേ പറേണേ :-)

സ്നേഹപൂര്‍വ്വം അര.

1:32 AM  
Blogger വല്യമ്മായി said...

ആസ്വദിച്ചു വായിച്ചു.അടുത്ത ഭാഗം വേഗം പോരട്ടെ.

1:43 AM  
Blogger വിശാല മനസ്കന്‍ said...

താങ്ക്യു അരേ.

ഞാന്‍ രണ്ടര പാര വായിച്ചു.

ഒരു കമന്റിട്ട് ആവാം ഇനി വായിക്കല്‍. അരവിന്ദിന്റെ ഫാനായുള്ള ഓരോ കുഴപ്പങ്ങളേ... :))

1:44 AM  
Blogger വിശാല മനസ്കന്‍ said...

വല്യമ്മായി എന്നോടീ ചതി വേണ്ടായിരുന്നു. ഒന്നുല്യെങ്കിലും നമ്മ ജെബെഅലിക്കാരല്ലേ...അയലോക്കമല്ലേ....

ഓക്കെ ഓക്കെ, ഞാന്‍ വായിക്കട്ടെ!

1:45 AM  
Blogger കുറുമാന്‍ said...

തേങ്ങയാദ്യം, പിന്നെ വായന (ശ്ശോ, വല്യമ്മായി കൊണ്ടുപോയല്ലോ)

1:46 AM  
Blogger ഇടിവാള്‍ said...

അരവിന്ദാ..
കുറേക്കാലത്തിനു ശേഷം ഒരു പോസ്റ്റിട്ടതില്‍ സന്തോഷം. മുഴുഅനും വായിച്ചു..

രെഗുലര്‍ ആയി എഴുതിക്കൊണ്ടിരുന്നപ്പോള്‍ അരവിന്ദന്റെ പോസ്റ്റ് ഓഫീസിലിരുന്നു വായിക്കാന്‍ പേടിയാ.. പരിസരമ്മറന്നു പൊട്ടിച്ചിരിക്കുമോ എന്ന പേടി..

ഈ പോസ്റ്റില്‍ അതുണ്ടായില്ല, എന്നാലും , പല സ്ഥലങ്ങളിലും ചിരിച്ചു..ആത്മാര്‍ത്ഥമായി..

ആ ഫാര്‍ട്ട് ഗ്രൂപ്പും ബ്രാ ഗ്രൂപ്പും കലക്കി ! ഹോ .. ബെസ്റ്റു പേരുകള്‍ !

1:54 AM  
Blogger കുട്ടന്മേനൊന്‍::KM said...

ഇടപ്പള്ളി മാതാവ് എന്റെ സ്വന്തം മാതാവ്! ഇടപ്പ്ലള്ളി എന്റെ സ്വന്തം ഇടവക!.. ഹ ഹ ഹ.
അരെ , വിവരണം കലക്കീട്ടുണ്ട്.

2:05 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

ക്യാന്റീനിലെ വട പോലെ...ഉഴുന്നായത് കൊണ്ട് ഉഴുന്നുവടയാകാം..ഉള്ളിയുള്ളത് കൊണ്ട് ഉള്ളിവടയുമാകാം.എന്നാലേതാണെന്ന് വ്യക്തമായിപ്പറയാന്‍ പറ്റാത്ത നിഗൂഢത....

അരവിന്ദാ കലക്കി... അടുത്ത ഭാഗം വരട്ടേ.

2:09 AM  
Blogger RR said...

ആഹാ...ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഇല്‍ ആയിരുന്നൊ അപ്പൊ പഠിച്ചത്‌? :) ചിപ്പി, പഞ്ചമി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു നൊസ്റ്റാല്‍ജിയ ;) പെട്ടെന്നു തന്നെ അടുത്ത ഭാഗം എഴുതിക്കോളു കേട്ടൊ

qw_er_ty

2:33 AM  
Blogger Siju | സിജു said...

അരവിന്ദാ.. മച്ചൂ..
ഷ്രെഡ്സിലെ മിസിസ് മത്തായിയെ എത്ര തെറി വിളിച്ചിരിക്കുന്നു. ആ നേരത്ത് എടപ്പള്ളി പുണ്യാളന് ഒരു കൂട് മെഴുകുതിരി കത്തിക്കാന്‍ തോന്നിയിരുന്നെങ്കില്‍..
പോസ്റ്റ് സൂപ്പര്‍..
എന്താ പറയാ.. ടച്ചിംഗ് പോസ്റ്റ്

2:49 AM  
Blogger പാര്‍വതി said...

ഇത് നര്‍മ്മം,വായിക്കുമ്പോള്‍ കണ്മുന്നില്‍ നടക്കുന്ന പോലെ സജീവം,എത്ര അമര്‍ത്തിപ്പിടിച്ചാലും പൊട്ടിച്ചിരിച്ചു പോവുന്ന തമാശയുടെ ചീളുകള്‍.

ആത്മാര്‍ത്ഥമായി പറയട്ടെ അരവിന്ദേ, ഇത് പെര്‍ഫെക്റ്റ് കോമഡി ആണ്.

അഭിനന്ദനങ്ങള്‍

-പാര്‍വതി.

2:49 AM  
Blogger ഗന്ധര്‍വ്വന്‍ said...

കാക്കയും വന്നു പനമ്പഴവും വീണു പക്ഷെ കാക്കക്ക്‌ വായ്പ്പുണ്ണ്‌ എന്ന മട്ടിലായിപ്പോയി അല്ലെ
കാര്യങ്ങള്‍ അരവിന്ദ.

അനന്തശായിയായി അങ്ങിനെ കിടക്കുന്നു വിന്ദാരവിന്ദായാ ഉല്ലേഖനം.
ഒറ്റ ഇരിപ്പില്‍ തീര്‍ത്തു വായന.


നല്ല ഒഴുക്കുള്ള എഴുത്ത്‌ വേറിട്ട ശൈലി. വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന
ആത്മവിശ്വാസമേറെയുള്ള ചെറുപ്പക്കരന്റെ ഹാസ്യോക്തികള്‍.


അരവിന്ദന്‍ എഞ്ചിനീയറിങ്ങിനായതു കൊണ്ടായിരിക്കണം ബ്രായും ഫാര്‍ട്ടും.
ഞങ്ങള്‍ സാധ ഡിഗ്രിക്കാര്‍ക്കത്‌ പുലിമടയും വളിക്കുട്ടന്മാരുമാണ്‌.
കംകാരുനൃത്തം, ഗൊജാന്‍, പസ്പ്പാര്‍ത്തു, വേര്‍ടക്സ്‌, തത്തച്ചുണ്ടി തുടങ്ങി മൗലികമായ
ഭാഷാപ്രയോഗങ്ങളും ഞങ്ങളുണ്ടാക്കിയിരുന്നു സൗകര്യപൂര്‍വം.

ഗഥകാല സ്മരണകളിലേക്ക്‌ കൊണ്ടുപോകുന്നു
അരബിന്ദൊ ഘോഷ്‌ ഘോഷ്‌

3:03 AM  
Blogger ദില്‍ബാസുരന്‍ said...

സൂപ്പര്‍ പോസ്റ്റ് അരവിന്ദേട്ടാ... :-))

ഇങ്ങളാള് കൊള്ളാലോ. ഏതെങ്കിലും ഒരു പെങ്കൊച്ചിനെ കണ്ടാല്‍ അപ്പൊ തന്നെ പ്രേമിച്ച് കല്ല്യാണോം കഴിച്ച് കുട്ടികളുമായി പേരക്കുട്ടികളുടെ നഴ്സറി അഡ്മിഷനെ കുറിച്ച് ടെന്‍ഷനടിച്ച് തുടങ്ങും അല്ലേ? ബെസ്റ്റ് കണ്ണാ ബെസ്റ്റ്...

ഭാഗം 2 പോന്നോട്ടേ... ങാ.. ഒടിഞ്ഞ് പോരട്ടേ.. ങാ.. ണിം ണിം

4:01 AM  
Blogger വിപിന്‍‌ദാസ് said...

വളരേനാളിനു ശേഷമുള്ള വിശേഷങ്ങള്‍ നന്നായിട്ടുണ്ട്... ഞാനും ഇതുപോലെയൊക്കെ കറങ്ങിയിട്ടുണ്ട്, പിന്നീട് ജോലികിട്ടി എന്ന അറിയിപ്പു പോലെ, എന്റ്റെ പേരും വിളിച്ചപ്പോള്‍ തോന്നിയ വികാരം, അരവിന്ദ് പറഞ്ഞപോലെ, ഒരു മത്തങ്ങാ ബലൂണിന്റെ കാ‍റ്റ് പോയപോലെ ഒരു ഫീലിംഗ് തോന്നി. സത്യം!!!!

4:06 AM  
Blogger ബിരിയാണിക്കുട്ടി said...

ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തു.

അപ്പോ ആ ജോലി പോയോ?പിന്നെങ്ങനെ ഹൈദരാബാദില്‍ എത്തി? ഇതിന്റെ ടച്ച് വിടും മുന്‍പ് ബാക്കി കൂടി കസറിയാട്ടെ.

4:11 AM  
Blogger kumar © said...

മുഴുവിന്ദാ..
നന്നായിട്ടുണ്ട്. ഒരു കൈ ഉന്തിയെങ്കിലെന്താ വണ്ടി സ്റ്റൈലായി പോയല്ലോ.
(ഒരു സംശയം, എങ്ങനാ ഉന്തേണ്ടത്? ഞാനും വഴിക്ക് കിടക്കുകയാണ്)

4:22 AM  
Blogger അഗ്രജന്‍ said...

അരവിന്ദാ... ഒറ്റയിരിപ്പ് വായന നടന്നില്ല... ബോസ്സേട്ടന്‍ ഇടയ്ക്കിടെ അള്ള് വെച്ചോണ്ടിരുന്നു :)

രസികന്‍ പോസ്റ്റ് :))

പലതും ക്വാട്ടാനുണ്ട്... പക്ഷെ ക്വാട്ടുന്നില്ല :)

“...സമീപം ഒരു താടിക്കാരന്‍.
യേശുകൃസ്തു? ഏയ്..അങ്ങേര്‍‌ക്ക് കഷണ്ടിയില്ലല്ലോ..പള്ളീലച്ചന്‍? അല്ല ളോഹയുമല്ല...”

ഹോ... അന്നേ തമനുവിനെ പരിചയപ്പെട്ടിരുന്നു അല്ലേ :)

4:23 AM  
Blogger sandoz said...

അരൂസേ....ആ ചീഞ്ഞ ഭക്ഷണം കഴിച്ച ഹോട്ടല്‍..... ചക്കീസ്‌...കാര്‍ത്തിക മുതലായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിന്ന് ഇറങ്ങുന്ന കക്ഷികള്‍ക്കു വേണ്ടി മാത്രമുള്ളതാ....[ബൈ പാസ്‌ ജംഷന്റെ മൂലക്കൊള്ളത്‌]

പിന്നെ പുണ്ണ്യാളനു അങ്ങനെ തെറ്റ്‌ പറ്റാന്‍ വഴി ഇല്ലാ..... മെഴുകുതിരി കത്തിച്ചത്‌ കൊണ്ടല്ലാട്ടോ.....പുള്ളീടെ ഇഷ്ട നേര്‍ച്ച കോഴിയാണല്ലോ....അപ്പോ അരൂനെ തുണക്കേണ്ടതാണു......

സംഭവം ഇഷ്ടായി...അടുത്ത ഭാഗം വേഗം കാച്ചിക്കോ.....

4:27 AM  
Blogger kaithamullu - കൈതമുള്ള് said...

അരേ,
പോസ്റ്റ് ഒരു ഒന്നൊന്നര തന്നെ!
മാമാങ്കത്തിന്റെ ബാക്കിക്കായി കാത്തിരിക്കുന്നു.

4:41 AM  
Blogger വിവി said...

കലക്കി അരവീന്ദേട്ടാ കലക്കി.
:)

ഓ.ടോ

മലപ്പുറം നവോദയാ പ്രൊഡക്റ്റ് ആണല്ലെ?

4:43 AM  
Blogger Pramod.KM said...

ഹഹ.
തൃശൂര്‍പ്പൂരം വെടിക്കെട്ട് നടക്കുമ്പോള്‍ അതിന് പുറം തിരിഞ്ഞിരിക്കുന്ന പൊട്ടനെപോലെ ഇത്രയും ബഹളം നടന്നപ്പോളും ഒരക്ഷരം മിണ്ടാതെ നടുവില്‍ “ഇതെന്തായിരിക്കും സംഭവിക്കണത്?“ എന്നാലോചിച്ചിരുന്ന ഒരു പാവം യുവാവിനെ നോക്കി തെലുങ്കന്‍ അലറി.
ചിരിച്ചു വശംകെട്ടു അരവിന്ദേട്ടാ..

5:01 AM  
Blogger തമനു said...

അരവീ,

പൊട്ടിച്ചിരിച്ചില്ലെങ്കിലും നല്ലവണ്ണം രസിച്ചു. പല ഭാഗങ്ങളും മനസു തുറന്നു തന്നെ ചിരിച്ചു.

അടുത്തഭാഗത്തിന്റെ തേങ്ങ ഞാന്‍ ഇപ്പോ അടിച്ചേക്കുന്നു.

“ഠേ” (ഇനി ആ സുല്ല്‌ വന്ന്‌ ഇത്‌ സര്‍ട്ടിഫൈ ചെയ്യണം)


ഒരു സംശയം..
‘ബ്രാ‘യിലെ ജോഷി “ഡേയ് മ***രേ..പടത്തിന് വര‍‌ണോടാ?” എന്ന് ചോദിക്കുമ്പൊള്‍

അന്നു നോഹരേന്‍ എന്നായിരുന്നോ പേര്..?

5:39 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഇതെന്തായിരിക്കും സംഭവിക്കണത്?“ എന്നാലോചിച്ചിരുന്ന ഒരു പാവം യുവാവിനെ നോക്കി തെലുങ്കന്‍ അലറി.“

ചാത്തനേം നോക്കി അലറിയാരുന്നു അതു തന്നെല്ലേ “കള്ളം ഇന്‍ഫൊസെര്‍വീസസ്” അതിനു മാത്രേ ഗ്രൂപ്പ് തല്ല് ഉണ്ടായിരുന്നുള്ളൂ.

ചാത്തനും അന്നാ‍ദ്യാ ആദ്യ കടമ്പ കടന്നത്. പക്ഷേ മെഴുകുതിരികത്തിച്ചില്ലാ. പോരാണ്ട് കിട്ടിയ വിഷയം “ബ്രെയിന്‍ ഡ്രെയിന്‍ ഇന്‍ ഇന്ത്യ”

ബ്രെയിന്‍ ഡ്രെയിന്‍ ഇന്ത്യക്കൊരു പ്രശ്നല്ലാന്നും പിന്നെം ഇഷ്ടം പോലെ ബ്രെയിന്‍ പൊട്ടിമുളച്ചോളുംന്നും തര്‍ക്കിച്ചപ്പോള്‍. സ്വന്തം കോളേജിലെ ഒരു സീനിയര്‍ തന്നെ പാരവച്ചു പുറത്താക്കി...:( ചാത്തന്‍ പറഞ്ഞത് മൊത്തം വിഷയത്തിനകത്തെ അല്ലെന്ന് പറഞ്ഞു കള്‍ഞ്ഞു കശ്മലന്‍. പുതിയ ഒരു വാദമുഖം തപ്പിയെടുക്കുമ്പോഴേക്കും എല്ലാരും മൂട്ടിലെ പൊടിതട്ടിയിരുന്നു.

5:49 AM  
Blogger പരസ്പരം said...

ഡിയര്‍ 1/2, എപ്പോളത്തേയും പോലെ ഒരുപാട് ചിരിച്ചു. മത സൌഹാര്‍ദ്ദം താറുമാറായ ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു പോസ്റ്റ് നന്നായി.

പിന്നെ എന്നെ എപ്പോളും അലട്ടാറുള്ള സപ്ലികളുടേയും, ചെങ്ങന്നൂരില്‍ ചിലവിട്ട പ്രീഡിഗ്രി കാലത്തിന്റേയും ഓര്‍മ്മകള്‍ തന്നതിനും ഒരുപാട് നന്ദി. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. കുറേ നാളുകള്‍ക്ക് ശേഷം എഴുതിയല്ലോ, എന്റെ കൈയ്യാണെങ്കില്‍ മാസങ്ങളായി അനങ്ങുന്നതേയില്ല.

ഈ എപ്പിസോഡിലെ എനിക്കിഷ്ടപ്പെട്ട വരികള്‍
“ഒറ്റമോള്. നല്ല സ്വത്തും കാണുമായിരിക്കും. ദൈവമേ നിങ്ങടെ ഒരോരോ പ്ലാന്‍‌സേയ്..എനിക്ക് നാണം വന്നു.“

6:06 AM  
Blogger കുട്ടന്‍സ്‌ said...

"ക്ലാസ്സില്‍ ബഹളമുണ്ടാക്കുന്നവര്‍-പഠിപ്പിക്കാന്‍ വരുന്ന പുതിയ ടീച്ചറെ ചരക്കെന്ന് വിളിക്കുന്നവര്‍, ഫുട്‌ബോള്‍ ഗ്രൌണ്ടിലെ ഗോള്‍ പോസ്റ്റില്‍ ചാരിനിന്ന് സിഗര്‍ട്ട് വലിക്കുമ്പോള്‍ സാക്ഷാല്‍ പ്രിന്‍‌സി വന്നാലും കുറ്റി താഴെയിടാത്തവര്‍,വെള്ള-ഗ്രേ യൂണിഫോമില്‍ ഗ്രേ പാന്‍‌സിനു പകരം നീല-കറപ്പ്-ഗ്രേ കളറുകളിലുള്ള ജീന്‍‌സിട്ട് കൊളേജില്‍ വരുന്നവര്‍"..
അരവിന്ദ്‌ജി IHRD ആണല്ലേ...സ്വന്തം അനുഭവം പോലെ ഫീല്‍ ചെയ്തു...

6:17 AM  
Blogger ബിന്ദു said...

ഓ.. ജീസസ്! :)
കുറേ നാളായിട്ട് എഴുതാതിരുന്നതിന്റെ കുഴപ്പമൊന്നും ഇതിനില്ലല്ലൊ. നന്നായിട്ടുണ്ട്, അടുത്ത ഭാഗം വേഗം തന്നെ ഇടില്ലെ?

10:17 AM  
Blogger വേണു venu said...

ആസ്വദിച്ചു വായിച്ചു.വിവരണങ്ങള്‍‍ ബലേ ഭേഷു്...അടുത്തതു് പോരട്ടെ.:)

11:16 AM  
Blogger സിബു::cibu said...

കാത്തിരിക്കുകയായിരുന്നു അരവിന്ദന്റെ കഥയ്ക്ക്‌ വേണ്ടി. നന്ദി.

ഇത്‌ സൂപ്പറാണെന്ന് പറയാതെ വയ്യ.

അടുത്തതില്‍ തീരണം എന്ന വാശിവേണ്ട. ഇതിന്റെ സ്പീഡ് കറക്റ്റായിരുന്നു - കൂടുതലല്ല; കുറവുമല്ല.

അടുത്ത തവണയും കാത്തോളണേ ഇടപ്പിള്ളി മാതാവേ

-ആയിരം ഫാനുകളിലൊരുവന്‍

6:25 PM  
Blogger അപ്പു said...

"നേരെപോയി വലിയൊരു മുല്ലപ്പൂ മാല വാങ്ങി. രണ്ടിന് പകരം നാല് പാക്കറ്റ് മെഴുകുതിരി വാങ്ങി.
മുല്ലപ്പൂമാല നേരെ പൊയി കന്യാമറിയത്തിന് ചാര്‍ത്തി. മുന്‍‌പില്‍ ഒരു സാഷ്ടാംഗം അടിച്ചു. കാണണവര്‍ കാണട്ടെ, ഹിന്ദുവാണെന്ന്.
നാലാറ് ഇരുപത്തിനാല് മെഴുകുതിരികള്‍ നിരത്തി കത്തിച്ചു. നിന്ന് കത്തട്ടെ..കര്‍ത്താവേ അങ്ങ് വലിയവന്‍ ..."

വായനയിലുടനീളം നര്‍മം നിറച്ച എഴുത്ത്. നീളം കുറേ കൂടിപ്പോയി. ഓഫീസ് വായനയ്ക്ക് പറ്റിയതല്ല. അരവിന്ദ്, അടുത്തതു പോരട്ടെ.

7:53 PM  
Blogger Kiranz..!! said...

റിയലിസ്റ്റിക്കായ നര്‍മ്മം.ക“ഠി“നമായി പ്രേമിക്കുന്ന കാര്യമാണ് തകര്‍ത്തത് :).അപ്പോള്‍ അടുത്തതില്‍ ബംഗളൂരു നിന്നും ജോബര്‍ഗ് വരെയെത്തിയ മാമാങ്കമായിരിക്കുമല്ലോ ?

8:07 PM  
Blogger വിശാല മനസ്കന്‍ said...

അരവിന്ദേ.. ഇതും അസാദ്ധ്യം നമ്പറുകളുള്ള പോസ്റ്റ് തന്നെ.

നിവൃത്തിയുണ്ടെങ്കില്‍ എഴുത്തു മുടക്കരുത്. പ്ലീസ്. അത്രക്കും രസമാണ് ചുള്ളാ ഇത് വായിക്കുമ്പോള്‍ തോന്നുന്നത്.

ഓരോ കാച്ചലുകളുണ്ടല്ലോ ആലോചിക്കുമ്പോള്‍ വീണ്ടും വീണ്ടും ചിരിവരുന്നു. ഭയങ്കര റേയ്ഞ്ച് തന്നെ ഇഷ്ടാ.

അരവിന്ദന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എനിക്ക് ഭയങ്കര ഇന്‍സ്പിരേഷന്‍ കിട്ടാറുണ്ട്.

8:41 PM  
Blogger Inji Pennu said...

ഹൊ! ഞാന്‍ ചിരിച്ചു മരിച്ചു!!! ഗ്രൂപ്പ് ഡിസ്കഷന്‍, മെഴുകുതിരി കത്തിക്കല്‍, പള്ളീലിരുന്നുറങ്ങല്‍..ഓര്‍മ്മകളെ കൈവള ചാര്‍ത്തി ഡാന്‍സ്...

സത്യായിട്ടും ഗ്രൂപ്പ് ഡിസ്കഷനു അതായിരുന്നൊ ടോപ്പിക്ക്? ശരിക്കും? അതേത് കമ്പനി?

എനിക്കിതുപോലെ തന്നെ അനുഭവം. കേരളത്തിനു പുറത്ത് ഇന്റവ്യൂ. പ്രാര്‍ത്ഥിച്ചപ്പോള്‍ വളരെ ക്ലിയര്‍ ആയി പ്രാര്‍ത്ഥിക്കാണ്ട് ഒരു ക്ലൂ ഇട്ട് പ്രാര്‍ത്ഥിച്ചു..”ഈശോയേ മാതാവേ, എന്നെ ഈ നഗരത്തിലേക്ക് തിരികെകൊണ്ട് വരണേ” അന്നു വൈകുന്നേരം തിരിച്ച് നാട്ടിലോട്ട് ട്രെയിന്‍. റിസള്‍ട്ട് അവര്‍ വീട്ടില്‍ വിളിച്ചറിയിക്കും..
ട്രെയിന്‍ കുറച്ചു ദൂരെ ഒരു ഒരു സ്റ്റോപ്പ് ഓടി നിന്നു. എന്തോ പാളത്തിന്റെ പ്രശ്നം കാരണം ട്രെയിന്‍ ഓടുന്നില്ലാത്രെ. ബെസ്റ്റ്! തിരിച്ച് അതേ ദിവസം തന്നെ ആ നഗരത്തിലേക്ക് വന്നു. ഹൊ! വന്ന സങ്കടം. ക്ലൂ പോലും മനസ്സിലാവാത്ത ഈശൊ!
പക്ഷെ ആ ജോലി കിട്ടി. ചില്ലറ മെഴുകുതിരി ഒന്നുമല്ല നേര്‍ന്നത്..ഒരു ലോങ്ങ് ടേം മെഴുകുതിരി കത്തിക്കത്സ് അങ്ങട്ട് നേര്‍ന്നു..ആ പള്ളീന്റെ അടുത്തുള്ള മെഴുകുതിരി കടക്കാരനു വെച്ചടി വെച്ചടി കയറ്റയിരുന്നു പിന്നെയൊരു ആറ് മാസം. ഈശോക്ക് ക്ലൂ‍വൊക്കെ മനസ്സിലായി, പക്ഷെ നീ ഇനി ക്ലൂവിട്ട് പറായാണ്ട്, നേരെ ചൊവ്വേ പറ്യേണം എന്നായിരുന്നു ഈശോന്റെ വക തിരിച്ചൊരു ക്ലൂ. :) :)

സേം പിഞ്ച് പ്രിയ അരവിന്ദ് ജീ!

8:47 PM  
Blogger ikkaas|ഇക്കാസ് said...

അരവിന്ദാ..
കലക്കീട്ട്ണ്ട്ട്ടാ..
പാവം.. എടപ്പള്ളിപ്പള്ളീലെ പ്രാര്‍ത്ഥനകളും അവസാനം ബഷീറിന്റെ പരീക്ഷത്തീയതി പ്രഖ്യാപനവും .. തന്റെ വളിച്ച മോറും.. ഒക്കെ അടിപൊളിയായി. :)

9:16 PM  
Blogger രമേഷ് said...

മച്ചൂ............. കലക്കി....
:)

9:42 PM  
Blogger Sul | സുല്‍ said...

സൂപ്പര്‍.
ചിരിയുടെ റബ്ബറൈസ്ഡ് ഹൈവേയില്‍ നിന്ന് എഴുത്തിന്റെ വണ്ടി സിഗ്നല്‍ ഇട്ട് വേദനയുടെ ചരലുകള്‍ നിറഞ്ഞ റോഡ് സൈഡില്‍ പാര്‍ക്കു ചെയ്തത രീതി ഇഷ്ടമായി. ഒരു ചായ കുടിച്ച് യാത്ര തുടരാം അല്ലേ.

-സുല്‍

10:01 PM  
Blogger firoz said...

എല്ലാരും കൂടെ ഒരാര്‍‌പ്പല്ലായിരുന്നോ!!!!! ഇതുപോലെയൊരാര്‍പ്പ് പണ്ട് ഏതോ മരണവീട്ടീന്നാ കേട്ടത്.


adipoli aravindetta.. adutha part poratte

10:19 PM  
Blogger അത്തിക്കുര്‍ശി said...

മാമാങ്കം കണ്ടു അരവീ,

രസിച്ചു, ചിരിച്ചു

10:24 PM  
Blogger കുഞ്ഞാണ്ടി said...

That was a good post.
I too remember Mr Mathai and Mrs Mathai...they remind to pay Rs100 per test and tell SHREDS is not a recruitment agency!

One Xmas eve I called up their office to enquire about some recruitment. The person answered" njangal christian ikal kku naale chrismas aanu...2 ennam pidipichechu irikkumbol aano placement ne kurichu oru enquiry " ennu

Still I am thinking whether it was Mr Mathai :-)

Renuka Arun

3:03 AM  
Blogger അലിഫ് /alif said...

ഹ..ഹ..ഹരവിന്ദ്...(വിക്കിയതല്ല, ചിരിച്ച് അങ്ങിനെ ആയി പോയതാണ്) ലേശം ഒരു ഗ്യാപ്പു കഴിഞ്ഞു വന്ന ഇടപ്പള്ളി മാമാങ്കം ഒന്നാം ഭാഗം ആസ്വദിച്ചു. സ്വാഭാവിക നര്‍മ്മം ചാലിച്ചെഴുതിയാല്‍ പിന്നെ ചിരിക്കാതെന്ത് ചെയ്യും.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..(അതൊത്തിരി വൈകുവോ..? )
- ആശംസകളോടെ

8:34 AM  
Blogger Siji said...

ഏപ്രില്‍ മാസായിട്ടും വിട്ടുമാറാത്ത തണുപ്പ്‌,മൂടിക്കെട്ടിയ ആകാശം വെറുപ്പോടെ തുടങ്ങിയ ദിവസം ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ തലകുത്തി നിന്നു. :)

10:29 AM  
Blogger സന്തോഷ് said...

അരവിന്ദന്‍റെ എഴുത്തിന്, സ്വയം ഭയക്കുന്നതുപോലെ, നിറം കെടുന്നില്ല എന്നു തെളിയിക്കുന്ന അടിപൊളി പോസ്റ്റ്.

ഇന്‍റര്‍വ്യൂ/ഗ്രൂപ് ഡിസ്കഷന്‍ കടമ്പകള്‍ വീണ്ടുമോര്‍മ്മിപ്പിച്ചതിന് അഡിഷണല്‍ നന്ദി!

1:14 PM  
Blogger ദേവന്‍ said...

അരവിന്നന്‍ കുട്ടി ഒരു നാച്ചുറല്‍ ആണ്. അരവിയെ കെട്ടിയ പെങ്കൊച്ച് ചിരിച്ചു വട്ടായിപ്പോയിക്കാണും, ഓന്റെ കൂട്ടുകാര് “പുല്ലാണ് പുല്ലാണ് “ (പൂച്ചക്കൊരു മൂക്കുത്തി) പാടി പുല്ലാട്ടും വെണ്ണിക്കുളത്തും കോഴഞ്ചേരീലും മണിമലയുമൊക്കെ കറങിത്തിരിയുന്നുണ്ടാവും!

1:49 PM  
Blogger പുലികേശി രണ്ട് said...

പഴയ കഥകളുടെ അത്രയും ചിരിക്കുത്ത് ഇക്കഥയ്ക്കില്ലായിരുന്നു എങ്കിലും അരവിട്ടച്ച് വ്യക്തമായിരുന്നു - ഗ്രഹണി പിടിച്ച ആന തൂറിയാലും ആട്ടിന്‍‌കാട്ടമാവില്ലല്ലോ.

3:38 PM  
Blogger ദിവ (diva) said...

ഹ ഹ. പല ഭാഗത്തും ചിരിപ്പിച്ചു.

:))

self intro വളരെ ഇഷ്ടപ്പെട്ടു.

7:53 PM  
Blogger yaaro oraal said...

ഇടിവെട്ടിയ തെങ്ങിലെ പെട്ടത്തേങ്ങക്കകത്ത് കുലുങ്ങുന്നത് മഴവെള്ളമോ അതോ തേങ്ങാവെള്ളമോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത കണക്കുള്ള ഒരു പ്രഹേളിക.........


നമിച്ചു അരവിന്ദാ..ജലകണം കാത്തിരുന്ന വേഴാമ്പലിനു പേമാരി കിട്ടിയ പ്രതീതി. ഒരു തട്ടുതകര്‍പ്പന്‍ പോസ്റ്റ്. കൊടുമുടി കയറിയ മറ്റു പല ബ്ലോഗ്ഗേര്‍സും താഴേക്കിറക്കം തുടങ്ങിക്കഴിഞ്ഞു. പക്ഷേ അരവിന്ദന്‍ ഇപ്പോഴും മുകളിലേക്കു തന്നെ! അടുത്ത ഭാഗം ഉടനെ പോരട്ടെ.

9:44 PM  
Blogger അരവിന്ദ് :: aravind said...

എന്റെ മാമാങ്കം വായിച്ച എല്ലാവര്‍ക്കും എന്റെ സ്നേഹം, നന്ദി.
സമയം വലിയൊരു പ്രശ്നമാണ്. വീട്ടിലും ഓഫീസിലും, ഈവനിംഗ് ക്ലാസ്സുകളിലും. എന്നിട്ടും ഈസ്റ്റര്‍ അവധി നാല് ദിവസം 8 മണിക്കൂര്‍ ഓഫീസിലിരുന്ന് പണിഞ്ഞതിന്റെ കൂലിയായി ഫ്രീ കിട്ടിയ ഒറ്റ ദിവസം മെനക്കിട്ടിരുന്ന് എഴുതിയതാണ്. മാത്രമല്ല, ഇ മെയിലില്‍ കൂടി പല ഏട്ടന്മാരും ഒരു പോസ്റ്റിട് അരേ എന്ന് സ്നേഹത്തോടെ പറയുമ്പോ എങ്ങനാ.......:-)
(സ്നേഹത്തോടെ വിളിക്കുമ്പം എങ്ങനാടീ വേണ്ടാന്ന് പറയുന്നേ..എന്ന് വെള്ളമടിക്കാന്‍ പോകുന്ന ജഗതി കനകലതയോട് പറയുന്ന പോലെ....കിരീടത്തില്‍)

ഇഷ്ടാവുംന്ന് വിചാരിച്ചില്ല, ഇത്രയും ഇഷ്ടപെട്ടതില്‍ എനിക്ക് പുളകം തോന്നുന്നു. ആക്ച്വലി എഴുതാന്‍ വിചാരിച്ച കഥ അടുത്ത ഭാഗത്തിലാണ്. അതിനി മിക്കവാറും ബോറാവും!

തമനൂ ഇടീ...ഞാന്‍ കട്ടപ്പൊഹ ടെന്‍‌ഷനടിച്ച് നട്ടം തിരിഞ്ഞ ഈ കഥ വായിച്ചിട്ട് പൊട്ടിചിരിക്കണം ല്ലേ? പിന്നെ എടുത്തോളാ ട്ടാ :-)

ഏറ്റം വലിയ സന്തോഷം വായനക്കാര്‍ അവര്‍ക്ക് പഴയ ഓര്‍മകള്‍ തന്നു, തനിക്കും ഇതു പോലെ തോന്നിയിരുന്നു എന്നൊക്കെ പറയുമ്പോളാണ്.

വായിച്ച എല്ലാ ഗുരുക്കന്മാര്‍ക്കും, ഏട്ടന്മാര്‍ക്കും, അനിയന്മാര്‍ക്കും, കൂട്ടുകാര്‍ക്കും, ചേച്ചിമാര്‍ക്കും, അനിയത്തികുട്ട്യോള്‍ക്കും (എല്ലാരേം അനിയത്തി കുട്ട്യോളാക്കേണ്ട ഗതിയായി :-( ) എന്റെ നന്ദി.

കുമാര്‍ജി, സിബുജി, മുതലായവരെ കുറേ നാള്‍ക്ക് ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം. ഉവ്വാ..എന്നോട് തന്നെ ഉന്തണ വിദ്യ ചോദിക്ക് കുമാറേട്ടാ. നെടുമങ്ങാട്, കൊച്ചി, എന്നു കേട്ടാല്‍‍ “കുമാറേട്ടന്‍“ എന്ന് മനസ്സില്‍ വരുന്ന സ്ഥിതി ആക്കിയ ആളാ.

ദേവഗുരോ..ശരിയാ..ശ്രീമതിക്ക് എന്നെ കെട്ടി വട്ടായി. (ചിരിച്ച് എന്നത് അങ്ങ് മാറ്റണം പക്ഷേ.)

ബാക്കി എല്ലാവര്‍ക്കും എന്റെ സ്നേഹം, സന്തോഷം ഒരിക്കല്‍ കൂടി.

അടുത്ത ഭാഗം ഈ തിങ്കളാഴ്ച. അതു വരെ പത്തായത്തിലിരുന്ന് പഴുക്കട്ടെ.

(ഒരു ചെറിയ കാര്യം കൂടി : ഇതൊന്നും വായിച്ച് പഠിക്കണ പിള്ളേര് ആരും ഉഴപ്പി നടക്കല്ലേ....ഞാന്‍ നല്ല പഠിപ്പിസ്റ്റ് ആരുന്നൂ ട്ടാ. ഇതൊക്കെ വെര്‍‌തെ എല്ലാരേം ചിരിപ്പിക്കാന്‍...;-))

11:17 PM  
Blogger Jishad said...

ശരിക്കും നൊസ്റ്റാല്‍ജിക്ക് തന്നെ. ഇതിന്റെ ബാക്കി അടുത്ത് തന്നെ ഉണ്ടാവുമല്ലൊ.

1:29 AM  
Blogger കലേഷ്‌ കുമാര്‍ said...

ഒറ്റയിരുപ്പിന് വായിച്ചു!

സൂപ്പര്‍!

എന്താ ഇടയ്ക്ക് ഇത്രയൊരു ഗ്യാപ്പ് പുതിയ പോസ്റ്റുകളിടാന്‍???

4:24 AM  
Blogger പടിപ്പുര said...

ശരിയായ മാമാങ്കം തന്നെ!
:)

4:48 AM  
Blogger Jayarajan said...

50 എന്റെ വക

6:12 AM  
Blogger അനിയന്‍കുട്ടി said...

അരവീ....തകര്‍ത്തിട്ട്‌ണ്ട്ട്ടാ....
ഇടപ്പള്ളിയും ഷ്രെഡ്സും കറക്കിക്കുത്തും മെഴുകുതിരികളും ആനച്ചെവികളും ഗ്രൂപ്പ് ഡിസ്കഷനുകളും... ഹൊ! എല്ലാം നടന്നിരുന്ന ആ കാലമൊന്ന് ഓര്‍ത്തു പോയി...
ശരിക്കും അസ്സലായി... ഇപ്പൊ കപ്പിയ മണ്ണൊക്കെ തുപ്പിക്കൊണ്ടിരിക്കുകയാണ്...
ദെയ്..ഇതെന്തോരം മണ്ണ്‌ണ്‌ ദ്....
:-)

1:40 AM  
Blogger തക്കുടു said...

അടിപ്പൊളി...നല്ലവണ്ണം ചിരിപ്പിച്ചു.... രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു....

5:36 AM  
Blogger Jimmy Sunny said...

aravinda....adipoli...kurey naalayee enthengillum malayalathil nallathu vayichiittu....technical documents vaayichu pranthayee....ippol oru sukham thonnunnu

Adutha ghandathinnaayee kaathirikkunncu....

snehathodey jimmy

11:13 AM  
Blogger yamini said...

അരവിന്ദാ..
ഒരു പോസ്റ്റിനു എത്രെയും കാത്തിരുന്നാലും അതൊരു നഷ്ടമായില്ലെന്ന സന്തോഷമാണ്‍ വായിചു കഴിയുമ്പോഴുണ്ടാവുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

8:05 AM  
Blogger കരീം മാഷ്‌ said...

അരവിന്ദ്,
നന്നായിരിക്കുന്നു.
ഒട്ടും മുഷിപ്പിചില്ല.
അടുത്ത ഭാഗം വരട്ടെ!
കാത്തിരിക്കുന്നു,

8:32 AM  
Blogger Sandeep said...

"ശനിയാഴ്ച അതി രാവിലെ പതിവ് പോലെ ഇടപ്പള്ളി പള്ളിക്ക് ഓപ്പസിറ്റുള്ള സ്കൂളില്‍ കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നുമുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കണ്‍‌സ്‌ട്രക്ഷന്‍ സൈറ്റില്‍ അണ്ണാച്ചികളിറങ്ങും പോലെ ലോഡ് ലോഡായി വന്നിറങ്ങി."

ഇങ്ങനെ രണ്ടു മൂന്നു തവണ ഞാനും മൂന്ന്‌ നാലു തവണ അനിയത്തിയും അവിടെ അണ്ണാച്ചികളായി കണ്‍‌സ്‌ട്രക്ഷന്‍ സൈറ്റില്‍ ഇറങ്ങീട്ടുണ്ട്‌ .... കൊള്ളാട്ടൊ... കിടിലം ഉപമകള്‍....

11:07 PM  
Blogger ഏറനാടന്‍ said...

അരവിജി,

മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌ നിങ്ങളോട്‌ ഞാന്‍ കാണിച്ചത്‌. ഇത്രേം നല്ല പോസ്‌റ്റുകള്‍ ഏറെനാളുകള്‍ക്ക്‌ ശേഷമാണ്‌ വീണ്ടും വായിച്ചത്‌.

എനിക്കു മാപ്പ്‌ തരിക. ഞാന്‍ അറിയാതെ ചെയ്ത അപരാധം ക്ഷമിക്കുക.

ഇതെല്ലാം ഞാന്‍ പ്രിന്റ്‌ എടുത്തു. സ്വസ്തമായിരുന്ന്‌ വായിക്കട്ടെ.

3:47 AM  
Blogger വിന്‍സ് said...

Aravindettans... you are fucking great man. Excellent. I waited months to read your new stories. Fantastic.

7:54 AM  
Blogger ജിഹേഷ് എടക്കൂട്ടത്തില്‍ Gehesh Edakkuttathil said...

അരവിന്ദാ...കലക്കി.... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്‌....
പക്ഷേ അന്ന് ജോലി കിട്ടിയില്ല....(പോസ്റ്റിയിട്ടുണ്ട്‌ ബ്ലോഗില്‍)

10:47 PM  
Blogger Poornima Chand said...

Hey aravind.. That was really nice.. remembered the good old days...in IHRD.. :) your writing style is cool.. keep on writing...

8:37 PM  
Blogger Kiran said...

Hello Aravinedetta,

ethu kiddilam... really i laughed a lot in my office,and all the guys, who can not understand malayalam were asking me what is it, and feel jealous :)..

you know or not, your blog is going around in email forwards as a pdf ...may be you are the starter ;)

any way, it is nice,and i feel you can publish this as a book, and please do write, it is rare to get good writers now a days :)

take care,
Kiranlal

8:34 AM  
Blogger ജേക്കബ്‌ said...

:-)

6:38 AM  
Blogger അഭിലാഷങ്ങള്‍ said...

ഹലോ, കൂയ്..
:-)

അരവിന്ദന്റെ ഒരോ പോസ്‌റ്റും ആദ്യം മുതല്‍ അവസാനം വരെ മുഖത്ത് ഒരു പുഞ്ചിരിയോടെയും ഇടയ്‌ക്ക് പൊട്ടിച്ചിരിയോടെയുമല്ലാതെ വായിക്കാന്‍ കഴിയില്ല.

ഇടപ്പള്ളി മാമാങ്കം കെങ്കേമമായി.

പഠിക്കുന്ന കാലത്ത് കഴിയുന്നതും ‘സപ്ലിക്കുട്ടി’ ആകാതിരിക്കുന്നതാണ് ഉത്തമം എന്ന ഒരു ഗുണപാഠം ഈ ഓര്‍മ്മക്കുറിപ്പില്‍ നിന്ന് ഞാന്‍ അടിച്ചുമാറ്റി.

അരവിന്ദാ.. നന്നായി.

12:29 AM  
Blogger ഹരിയണ്ണന്‍@Hariyannan said...

ഇത്രമനോഹരമായ ഒരു പോസ്റ്റുവായിക്കാന്‍ തന്നതിന് ഇടപ്പള്ളി മാതാവിനോട് ഉപകാരസ്മരണ!!

10:14 AM  
Blogger ഉപാസന | Upasana said...

അരവിന്ദാ നീ ഊണ് കഴിച്ചോ..?

ഒരുപാട് നല്ല സന്ദര്‍ഭങ്ങള്‍ ഉള്ള ഈ പോസ്റ്റില്‍ എനിക്കേറ്റവും ഇഷ്ടമായത് ഈ മാതാവിന്റെ ജാഗ്രത ആണ്. എന്റെ അമ്മയും ഇതു പോലെ തന്നെ.

നന്ദി
:-)
എന്നും സ്നേഹത്തോടെ
ഉപാസന

10:59 AM  
Blogger anish said...

super...
super....
Actually ഞാന്‍ ഈ post വായിച്ചത് forward ആയി വന്ന ഒരു mail-ലിലൂടെയായിരുന്നു. ഇപ്പൊളാ മനസ്സിലായത് ആരാണ് എഴുതിയതെന്ന്.
super

1:36 PM  
Blogger Mermaid said...

i got this b4 as attachment as two pdfs... and i was searching for the person who wrote this... hey dear dat was excellant..explained each and every thing abt an Eng Clg life pretty well...

Keep it up

Regards,
suchi

7:45 AM  
Blogger rithin said...

aliya.... super blog..actually this is not ur blog..its our blog..alll suply engineers blog..ente katha pole,..nice

1:49 AM  
Blogger പാവം കുഞ്ഞാക്ക said...

എന്റെ പള്ളീ, കുറേ ചിരിച്ചു .......

12:41 AM  
Blogger sudy21 said...

hi...Rasakaramaya karyangal maduramaaya bhashayil....Kalakki aravindeee...

Eagerly waiting 4 the second part.

10:40 PM  

Post a Comment

Links to this post:

Create a Link

<< Home