Friday, May 30, 2008

Content Theft and Cyber Stalking by Kerals.com

Kerals.com had published posts and photographs from malayalam blogs without any prior consent from the resepective owners. They removed a few of the plagiarised posts when the bloggers protested and warned of legal action.
On a more serious note, they had been involved in threatening, cyber-stalking and abusing bloggers who complained about the content theft to their service desk.

This is a criminal offence-plain and simple. The intention to cause bodily harm is obvious in a mail they had sent to a blogger who protested.

These crooks at Kerals.com must be brought to justice and punished severly so that it would be an exemplary incident for all future internet thugs.

I support any legal action against Kerals.com in whatever way I can.

I request all my beloved readers to support this protest so that bloggers and their posts will be more safe and more respected on the internet in the future.
Above all, I see this as a crime committed to some of the fellow malayalee bloggers on personal levels as Kerals.com abused them and threatened them with serious harm and invaded their privacy. Such criminal behaviour must be thwarted at any costs.

Lets join hands against the awful, unlawful Kerals.com!

Some Links:

Threats to Inji from kerals.com
Evooran's Post
Raj Neettiyath's Post
Anchalkkaran's Post
Thulasi's Post
Kannoos' Post
Tharavadi's Post

Friday, May 02, 2008

അച്യുതന്‍

ഇക്ക് ഒരു വയസ്സാവണൂ!

Wednesday, March 26, 2008

സീറോ ഹോണ്ട -കലാശം

ബാംഗ്ലൂരിലായിരുന്നപ്പോള്‍ എന്റെ ഒരു ദിനം തുടങ്ങിയിരുന്നത് രാവിലെ ഏഴിന് എന്റെ ഇടിക്കട്ട നോക്കിയാ അലാമടിക്കുമ്പോളായിരുന്നു.അഞ്ച് മിനുട്ട് സ്നൂസില്‍ മൂ‍ന്ന് വട്ടമിട്ട്, ഏഴേ കാലോടെ പൊങ്ങുന്നതിനിടക്ക് മൊബൈല്‍ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും മാറ്റി വെയ്കുന്നതിനാല്‍ പ്രഭാത എക്സെര്‍സൈസും (ഡംബത്സ്, ഫോര്‍ സ്ട്രോംഗര്‍ ബൈസെപ്സ്) നടന്നു കിട്ടുമായിരുന്നു. പിന്നെ നേരെ പേസ്റ്റും ബ്രഷുമെടുത്ത് റ്റി വിയുടെ മുന്നില്‍ നിന്ന് ഇ.റ്റി.സി ചാനലിലെ ഹിന്ദിപ്പാട്ടു കണ്ട് പല്ലുതേപ്പ്. അതിനിടയില്‍ എന്‍‌ഗേജ്‌ഡ് ആയിരിക്കുന്ന ബാത്ത് റൂമിന്റെ വാതിലില്‍ ഇടക്ക് പോയി രണ്ട് ചവിട്ട്. "ഡേയ് പെട്ടെന്നെറങ്ങടെ" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട്. സഹമുറിയന്‍ ദിലീപ് ബാത്ത്‌റൂം ഫ്രീ ആക്കിയാല്‍ ഞാന്‍ അകത്ത് കയറി ആദ്യം വയറ് അണ്‍സിപ്പ് ചെയ്തിട്ട് കുളി തേവാരം കഴിക്കും.
പലപ്പോഴും എന്റെ സോപ്പ് തേഞ്ഞ് തേഞ്ഞ് ലേയ്സ് ചി‌പ്സിന്റെ ഷേപ്പിലും കട്ടിയിലും ആയിരിക്കുമെന്നതിനാല്‍ ആശ്രയം ദിലീപിന്റെ പിയേര്‍സ് സോപ്പ് തന്നെ. അവന്റെ സോപ്പില്‍ അവന്റെ തലമുടി പറ്റിപ്പിടിച്ചിരിക്കും. വൃത്തികെട്ടവന്‍! എനിക്കാണെങ്കില്‍ ഉപയോഗിക്കുന്ന സോപ്പ് ക്ലീന്‍ ക്ലീന്‍ ആയി ഇരി‍ക്കണം-എന്റെയാണെങ്കിലും അല്ലെങ്കിലും. എന്റെ കൈ കൊണ്ട് അവന്റെ മുടി ചുരണ്ടി മാറ്റാന്‍ മടിയായതിനാല്‍ ബാത്ത് റൂമില്‍ വെച്ചിരിക്കുന്ന അവന്റെ റ്റൂത്ത് ബ്രഷ് തന്നെ എടുത്തുപയോഗിച്ച് സോപ്പിലെ മുടി ഇളക്കിക്കളയും. അവന്റെ സോപ്പ്, അവന്റെ തലമുടി, അവന്റെ ബ്രഷ്. അപ്പോള്‍ ആര്‍ക്കും സ്വാഭാവിക്കാമായും പ്രശ്നമില്ലല്ലോ.ഒരിക്കല്‍ മുകളിലെ മുറിയില്‍ താമസിക്കുന്ന രാമാനന്ദന്‍ എന്ന തെലുങ്കന്‍ ദിലീപിന്റെ ബ്രഷും വായിലിട്ടുകൊണ്ട് തെലുങ്കു ചാനല്‍ കാണുന്നത് കണ്ട് ഞാന്‍ ഞെട്ടി-"ഡാ ദിലീ നിന്റെ ബ്രഷ് എടുത്ത് ദേ ലിവന്‍ പല്ലുതേക്കണ്" എന്ന് പറഞ്ഞപ്പോള്‍ "അതവന്റെ ബ്രഷാ, എന്റെ ബ്രഷ് എന്റെ ബാഗിലുണ്ട്" എന്ന മറുപടി കേട്ടപ്പോള്‍ അതിലും ഞെട്ടി.
എട്ടുമണിയോടെ തലയില്‍ ബ്രില്‍ക്രീമും പൊത്തി, കക്ഷത്തില്‍ കോടാലിയും കയറ്റി (ആക്സ് ഡിയോഡറന്റ് അടിച്ച് എന്ന് വിവക്ഷ) ബി റ്റി എം ബസ്സ് സ്റ്റാന്‍ഡിലേക്ക് അര കി മീ വലിഞ്ഞ് നടപ്പ്. ഉത്സൂര്‍ വരെ ബസ്സിനു പോകുന്നത്‍ ഭയങ്കര മെനക്കേടാണ്. ഇന്‍‌ഫോസിസ് വാടകക്കെടുത്ത ‍ട്രാന്‍സ്സ്പോര്‍ട്ട് ബസ്സുകളില്‍ യുവതി യുവാക്കളായ ഇന്‍ഫോസിയന്‍സ് വിശാലമായി ഇരുന്ന് പഞ്ചാരയടിച്ച് പോകുന്നത് കൊതിയോടെ നോക്കി നില്‍ക്കുന്നതിനിടയിലാകും ഉത്സൂരിനടുത്തേക്കുള്ള എന്റെ സര്‍ക്കാര്‍ ബസ്സ് സൈഡ് ചരിഞ്ഞ് ആടിയാടി വരവ്- ബസ്സിന്റെ സൈഡ് വലിവ് തിരക്ക് മൂലം. അതിന്റെ വാതില്കല്‍ തേനീച്ചക്കൂട് പോലെ ആള്‍ക്കാര്‍ തൂങ്ങി കിട‍ക്കും. ബസ്സിനകത്തേക്ക് നുഴഞ്ഞ് കയറി‍ ഓഫീസിലെത്തുമ്പോഴെക്കും ദേഹം മൊത്തം ആക്സ് എഫക്റ്റ് മാറി വാക്സ് എഫക്റ്റ് ആയിരിക്കും. തലയില്‍ പുരട്ടിയ ക്രീമും എണ്ണയും ഉരുകിയൊലിച്ചും, പിന്നെ ബസ്സിലെ മറ്റു യാത്രക്കാരുടെ തലയിലെ വിവിധ എണ്ണകളുടെ സമ്മിശ്ര ഔഷധക്കൂട്ടും മേമ്പൊടിക്ക് വിയര്‍പ്പും സമാസമം ചേര്‍ത്ത് ആയുര്‍വ്വേദിക് സ്റ്റൈലില്‍ ഇടിച്ചു പിഴിഞ്ഞു ചവുട്ടിത്തിരുമ്മും. തിരിച്ച് പോകുമ്പോള്‍ ഓഫീസില്‍ നിന്ന് മായോ ഹാള്‍ വരെ നടക്കണം. പിന്നെ അവിടെ നിന്ന് ബി റ്റി എമ്മിലേക്ക് ബസ്സ്. പതിവു പോലെ തിരിച്ചും പണ്ടാരടക്കാനായിട്ട് എന്റെ ബസ്സ് രാവിലെപോലെ തന്നെ, സൈഡ് ചരിഞ്ഞേ വരൂ. മജെസ്റ്റിക്കിലേക്കും കോറമാങലയിലേക്കും ബസ്സുകള്‍ കാലിയടിച്ച് തുരുതുരാ പോകും. കോറമാംഗലയിലേക്ക് പോകുന്ന ബസ്സില്‍ കയറടെ എന്ന് മനസ്സിലിരുന്ന് ആരോ പ്രേരിപ്പിക്കുമ്പോള്‍ വേറൊരുവന്‍ അവിടെ തന്നെ സൈഡിലിരുന്ന് "ബാക്കി ദൂരം നിന്റെ അപ്പന്‍ നടക്ക്വോ" എന്ന് ചോദിച്ച് എന്നെ അതില്‍ നിന്നും പിന്‍ വലിയാന്‍ പ്രേരിപ്പിക്കും. ഇടിച്ചു കുത്തി ബി റ്റി എമ്മില്‍ ചാടിയാല്‍ പിന്നേം നടക്കണം വീട്ടിലേക്ക് അര കി മീ.

എന്തൊരു ജീവിതം!

അമ്മക്ക് കിട്ടിക്കൊണ്ടിരുന്ന വര്‍ഷശമ്പളത്തേക്കാള്‍ വരുമാനം എനിക്ക് മാസശമ്പളം ഉണ്ടായിട്ടും, ഇങ്ങനെ മത്തിക്കൊട്ടയില്‍ മത്തി എന്ന കണക്ക് അടുക്കിവെച്ച് ബസ്സില്‍ പോണോ എന്ന് ഒരു ദിവസം കൂലംകഷമായി ചിന്തിച്ചപ്പോഴാണ് സാധാരണ തെക്കന്‍ കേരളത്തിലെ മലയാളികള്‍ക്ക് കണ്ടു വരുന്ന മാരകമായ ആ അസുഖം എന്നെ പിടി കൂടിയിട്ടുണ്ട് എന്ന് മനസ്സിലായത്!

ദി മോസ്റ്റ് ലിക്വിഡ് അസെറ്റ് സ്റ്റോറേജ് സിന്‍ഡ്രോം എന്ന് നടന്‍ സോമന്‍ ഡോക്ടറായിരുന്നെങ്കില്‍ പറയുമായിരുന്ന ആ മാരക രോഗം. പച്ചമലയാളത്തില്‍ പറഞ്ഞാല്‍, പിശുക്ക്.

ഈ മാരക രോഗത്തെ അതി ജീവിക്കാനും ഓഫീസില്‍ പോകാനും വരാന്‍ ഒരു സെക്കന്‍ ഹാന്റ് സ്കൂട്ടര്‍ എടുക്കാനും, ബസ്സും ഓട്ടോയും കിട്ടാഞ്ഞ ഒരു ദിവസം മായോഹാള്‍ മുതല്‍ ബി റ്റി എം വരെ രാത്രി നടന്നപ്പോള്‍ കിതപ്പ് മാറ്റാന്‍ അല്പ നേരം നിന്ന സ്ഥലമായ ഡയറി സര്‍ക്കിളിനെ സാക്ഷി നിര്‍ത്തി ഞാന്‍ അങ്ങ് തീരുമാനിക്കുകയായിരുന്നു-റ്റു വീലര്‍ ലൈസന്‍സ് ഇല്ലായിരുന്നിട്ടും!.

അമേരിക്കന്‍ ഭീമന്‍ കമ്പനിയിലെ സെക്കന്റ് ഫ്ലോറില്‍ ഹൈദ്രബാദില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നപ്പോളേ എന്റെ സോള്‍ ഗഡിയായിരുന്ന അബ്ദുള്‍ റഹ്മാന്‍ ഇരുപ്പുണ്ട്. വണ്ടികളെക്കുറിച്ച് ഭയങ്കര വിവരമാണ് മൂപ്പര്‍ക്ക്. ഏത് കാറിന്റെ സൈഡ് വ്യൂ കണ്ടാലും അതിന്റെ ഷേയ്പ്പ് വെച്ച് മൂപ്പര്‍ അതിന്റെ കമ്പനി, ഏത് മോഡല്‍ എന്നിവ പറഞ്ഞു കളയും! സൈക്കിളിന്റെ സൈഡ് കണ്ടാല്‍ പോലും ബി എസ് എ യാണോ ഹെര്‍ക്കുലീസ് ആണോ എന്ന് പറയാന്‍ കഴിയാത്ത എനിക്കവനൊരു ജീനിയസ്സ് തന്നെയായിരുന്നു, ഇക്കാര്യത്തില്‍. സെക്കന്റ് ഹാന്റ് സ്കൂട്ടറെടുക്കാന്‍ വേണ്ട റെക്കമെന്റേഷന്‍ അവന്റെ കൈയ്യില്‍ നിന്ന് തന്നെയാവട്ടെ എന്ന് ഞാന്‍ തീരുമാനിച്ചു.

സെക്കന്‍ ഹാന്റ് സ്കൂട്ടര്‍ എന്നും ലൈസന്‍സ് ഇല്ലാ എന്നു കേട്ടപ്പോള്‍ തന്നെ റഹ്മാന്‍ പറഞ്ഞു, കൈനെറ്റിക്ക് ഹോണ്ടാ മതിയെന്ന്. മതിയെന്ന് ഞാനും സമ്മതിച്ചു. അവന്‍ വെള്ളിയാഴ്ച നിസ്കരിക്കാന്‍ പോകുന്ന പള്ളിയില്‍ വരുന്ന ഏതോ കന്നഡ മുസ്ലീമിന്റെ ഏതോ ബന്ധുവിന് ഒരു കൈനെറ്റിക് വില്കാനും ഉണ്ടെന്ന് അടുത്തയാഴ്ച അവന്‍ വന്നു പറഞ്ഞു. ഇത്തിരി പഴയതാണ് വണ്ടി, പതിനാലായിരം കൊടുത്താല്‍ കിട്ടുമത്രേ. പതിന്നാലായിരം എന്നു കേട്ട് ചങ്ക് അല്പം വേദനിച്ചെങ്കിലും, പുതിയതിന് മുപ്പതാകും എന്നു കേട്ടപ്പോള്‍ ഈ സെക്കനാന്റിയെ ഒന്നു പോയി കാണാമെന്ന് തന്നെ വെച്ചു.

ഒരു ശനിയാഴ്ചയുച്ചക്ക് ഐശ്വര്യമായി കൊമേഴ്സ്യല്‍ സ്ട്രീറ്റിലേക്ക് റഹ്മാന്റെ ബജാജ് മാര്‍വെലില്‍ ഡബിള് വെച്ച് തെറിച്ചു. പറഞ്ഞ വഴി വെച്ച് അകത്തേക്ക് ചെന്നപ്പോള്‍ ആകെയൊരു വശപ്പെശക്. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ എത്തിയോ എന്നൊരു സംശയം ഞങ്ങള്‍ക്ക് തോന്നി..എങ്ങും വെളുത്ത തൊപ്പി, കറുത്ത താടി, ആണുങ്ങള്‍ ചുരീദാറിട്ട് നടക്കുന്നു, സ്ത്രീകള്‍ സില്‍ക്ക് ബുര്‍ഖയിട്ട് കാണുമ്പോള്‍ തന്നെ കണ്ണിന്റെ മുന്നിലെ കര്‍ട്ടന്‍ താഴ്ത്തി തല തിരിച്ചു പോകുന്നു-കടത്തിണ്ണകളില്‍ നിന്ന് ചിലര്‍ സംശയത്തോടെ ഞങ്ങളുടെ ക്ലീന്‍ ഷേവ് മുഖങ്ങളെ വീക്ഷിക്കുന്നു. റഹ്മാന് ഒന്നുമല്ലെങ്കില്‍ നിസ്കാരപ്രാര്‍ത്ഥന ചൊല്ലി പിടിച്ച് നില്‍ക്കാം..ആരെങ്കിലും വണ്ടി തടഞ്ഞാല്‍ എനിക്ക് നാടോടിക്കാറ്റ് കണ്ടപ്പോള്‍ ഗഫൂര്‍ക്ക പഠിപ്പിച്ച അറബിക്കേ നിശ്ചയമുള്ളൂ. ഏതായാലും പറഞ്ഞ സ്ഥലത്ത് തന്നെ ഞങ്ങളുടെ കൈനെറ്റിക് ആള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കുറ്റം പറയരുതല്ലോ, കണ്ടാല്‍ ഒസാമ ബിന്‍ ലാദന്റെ ചേട്ടനാന്നേ പറയൂ-കൈയ്യില്‍ ഒരു എ കെ ഫോര്‍ട്ടിസെവന്റെ കുറവുണ്ടെങ്കിലും. കണ്ട പാടെ റഹ്മാന്‍ മൂപ്പരെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ചറപറാ എന്തൊക്കെയോ അറബിയില്‍ പറഞ്ഞ് എല്ലാം കോമ്പ്ലിമെന്റ്സ് ആക്കി. ഞാന്‍ വെറുതെ പിന്നില്‍ വിളറിയ ഒരു ചിരിയുമായി മൂക്ക് വലിച്ചു നീട്ടിക്കൊണ്ട് നിന്നു.
ഒസാമയുടെ ചേട്ടന്‍ തന്റെ ചുവന്ന കണ്ണുകളില്‍ ആകാവുന്ന അത്രയും ക്രൌര്യം വരുത്തി, വണ്ടി കാട്ടിത്തന്നു. ഒരു കറുത്ത കൈനെറ്റിക്ക് ഹോണ്ട. സ്റ്റെപിനി ഇല്ല.റിയര്‍ വ്യൂ കണ്ണാടിയുമില്ല. റഹ്മാന്‍ ഒന്നു ഓടിച്ചു നോക്കി. എന്നിട്ട് ഒന്നും പറയാതെ നീ നോക്ക് എന്നും പറഞ്ഞ് വണ്ടി എനിക്ക് തന്നു. ഞാനും ഒരു റൌണ്ട് പെട്ടെന്നെടുത്തു. സംഗതി ഓടുന്നുണ്ടെങ്കിലും, എന്തോ ഒരു തൃപ്തി തോന്നിയില്ല. എഞ്ചിന് കണ്ഠശുദ്ധിയില്ലാത്തത് പോലെ.
വണ്ടി സ്റ്റാന്‍ഡിലിട്ട്, മെല്ലെ മുങ്ങാം എന്ന് റഹ്മാനോട് കണ്ണ് കൊണ്ട് ആംഗ്യം കാട്ടുമ്പോഴായിരുന്നു "പധക്" എന്ന്, പശു തൊഴുത്തില്‍ ഫ്രെഷ് ചാണകമിടുമ്പോലെയുള്ള ഒരു ശബ്ദം പിന്നില്‍ നിന്ന് കേട്ടത്. ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ ഒസാമയുടെ മുന്നില്‍ ഒറ്റനോട്ടത്തില്‍ തന്നെ തമിഴന്‍ പട്ടര്‍ എന്ന് പറയുന്ന ഒരു യുവാവ് കവിളും പൊത്തിപ്പിടിച്ച് നില്‍ക്കുന്നു. പധക്..! ഒസാമ കൈ നീട്ടി പട്ടര് കുട്ടിയുടെ കറക്റ്റ് ചെകിട്ടത്ത് ഒന്നൂടെ പൊട്ടിച്ചു. ഞാനും റഹ്മാനും "ന്താപ്പത് സംഭവിക്കണേ" എന്നോര്‍ത്ത് രണ്ടടി പിന്നാക്കം ഒരുമിച്ചു മാര്‍ച്ച് ചെയ്തു. ഞാന്‍ തിരിഞ്ഞ് ഓടാനുള്ള ക്ലിയറായ വഴി ഏതാണെന്ന് നോക്കിത്തുടങ്ങി. മൂന്നാമത് ഒന്നുംകൂടി പൊട്ടിയതും അന്തം വിട്ടൊരു ഭാവത്തില്‍ പട്ടര്, കവിളും പൊത്തി ഒന്നും പറയാതെ ആടിയാടി നടന്നു പോയി.
"എന്താണ് ഭായ് സാഹിബ് സംഭവം?" റഹ്‌മാന്‍ ആവുന്നത്ര ദൈന്യത സ്വരത്തില്‍ വരുത്തി ഒസാമയോട് ചോദിച്ചു.
ഒരു ഉന്തുവണ്ടിയും രണ്ട് ലോഡ് മണ്‍കലങ്ങളും ചാടിയോടിയാല്‍ ബാക്കി നൂറ് മീറ്റര്‍ ക്ലിയര്‍ ആണെന്ന് ഞാന്‍ അതിനകം കണ്ടെത്തിയിരുന്നു.
"അവന്‍ എന്നോട് ഇവടെ പെണ്ണിനെ കിട്ടുമോ എന്ന് ചോദിച്ചു!" ഒസാമ ആകെ റേയ്സ് ആയിരുന്നു. ഞങ്ങള്‍ ഒന്നു ഞെട്ടി. നടന്നുപോകുന്ന പട്ടരെ കണ്ടാല്‍ പെണ്ണല്ല, ഒരു പിടക്കോഴിയെപ്പോലും നോക്കാനുള്ള ആമ്പിയര്‍ ഇല്ലെന്ന് വ്യക്തം. മാത്രമല്ല കഴുത്തിലും നെറ്റിയിലും ചന്ദനക്കുറിയും കൈയ്യില്‍ ഏതോ ഒരു നോട്ടുപുസ്തകവും പിടിച്ചാണോ പെണ്ണു പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്? അതും നട്ടുച്ചക്ക്? ഇനി മൂപ്പരുടെ‍ സ്റ്റൈല്‍ അങ്ങനെയാണെങ്കില്‍ തന്നെ ഒറ്റനോട്ടത്തില്‍ തന്നെ താലിബാന്റെ സൃഷ്ടാവ് എന്ന് തോന്നിക്കുന്ന, ഒരു പരിചയമോ, ദയയോ മുഖത്തില്ലാത്ത ഈ മൊതലിനോട് തന്നെ "ശ്..ശ്..ചേട്ടാ ഇവടെ മ്മടെ മറ്റേ സംഗതി....പെണ്ണ്.. കിട്ട്വോ?" എന്ന് തലക്ക് വെളിവുള്ള ആരെങ്കിലും ചോദിക്കുമോ? ഏതെങ്കിലും ദേവീ ക്ഷേത്രത്തിന്റെ പേരോ, സ്ട്രീറ്റ് പേരോ ആയിരിക്കും ചോദിച്ചത് എന്ന് ഞാന്‍ മനസ്സില്‍ നടുക്കത്തോടെ ഓര്‍ത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് ഒസാമയുടെ കരകര ശബ്ദം.
"അപ്പോ വണ്ടി എടുക്കുകയല്ലേ.."
"പിന്നേ...എടുത്തു കഴിഞ്ഞു" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ വലം കൈ എന്റെ കവിളില്‍ മെല്ലെ തടവിയത് എന്തിനോ എന്തോ.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. എ റ്റി എമ്മില്‍ നിന്ന് പൈസ വലിച്ചു കൊടുത്തു, പേപ്പറും ബുക്കും തന്നു.ഓണര്‍ഷിപ്പ് ട്രാന്‍സഫര്‍ പേപ്പര്‍ റെഡിയാക്കി റഹ്മാന്‍ വശം കൊടുത്തയക്കാം എന്നു പറഞ്ഞു ഒസാമ ഒന്നു കൈ പിടിച്ച് കുലുക്കുകയും കൂടെ ചെയ്യാതെ പോയി.വഴിയില്‍ നിന്ന് ആരോ ഏല്‍പ്പിച്ചു മുങ്ങിയ കുട്ടിയേയും കൈയ്യില്‍ പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നവന്റെ മനസ്ഥിതിയുമായി റഹ്മാന്റെ മാര്‍വെലിന്റെ പിന്നാലേ ഞാന്‍ കൈനെറ്റിക് വിട്ടു.
ബി റ്റി എമ്മില്‍ കൈനറ്റിക് എത്തിയതും ദിലീപും തെലുങ്കനുമെല്ലാം ചിലവ് വേണമെന്ന് പറഞ്ഞതിനാല്‍ എല്ലാവരും കൂടി ഉഡുപ്പിഹോട്ടലില്‍ പോയി മസാല്‍ ദോശ കഴിച്ചു. എല്ലാവരും വണ്ടി ഓടിച്ചു നോക്കി, മോശമില്ല, അമറന്‍ സാധനം, പതിനാലിന് ഒടുക്കത്തെ ലാഭമായി എന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഓരോ മീഠാ മുറുക്കാന്‍ കൂടെ തിരിച്ചു പോകുന്ന വഴി ഞാന്‍ വാങ്ങിക്കൊടുത്തു.

പിറ്റേ ദിവസം കൈനറ്റിക് ഹോണ്ടായില്‍ ഓഫീസില്‍ പോകുന്നതിനാല്‍ വളരെ നേരത്തെ തന്നെ (ആറര-ആറേ മുക്കാല്‍ അതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്) ഞാന്‍ എഴുന്നേറ്റ് ദിലീപിനും മുന്‍പേ ബാത്ത്‌റൂം ഉപയോഗിച്ച് , കുളിച്ച് ഡ്രസ്സ് ചെയ്തു. ആദ്യമായി സ്വയം വണ്ടി ഓടിച്ച് ഓഫീസില്‍ പോകുകയല്ലേ, അല്പം നേരത്തെ, മംഗളകരമായി പുലര്‍കാല വെയിലേറ്റ് യാത്രയാവാം എന്നു നിനച്ച്, സ്കൂട്ടറുരുട്ടി റോഡില്‍ കൊണ്ടു വന്ന് സീറ്റില്‍ കയറിയിരുന്ന്, ഫസ്റ്റ് നൈറ്റില്‍ മണവാട്ടിയുടെ കൈയ്യില്‍ സ്പര്‍ശിക്കുമ്പോള്‍ തോന്നുന്ന സൈസ് നാണത്തോടെ സ്റ്റാര്‍ട്ട് ബട്ടനില്‍ കൈവിരലാല്‍ സ്പര്‍ശിച്ചു.

-ഒന്നും സംഭവിച്ചില്ല.

അല്പം ബലം കൊടുത്ത് ബട്ടനില്‍ ഒരു ഞെക്ക് ഞെക്കിയപ്പോള്‍ കുടിച്ചിട്ട് വാള് വെയ്കാന്‍ പോകുന്നതിന് തൊട്ട് മുന്‍പ് കമട്ടുന്ന മോഡല്‍ ഒരു വികൃതശബ്ദം കൈനെറ്റിക് പുറപ്പെടുവിച്ചു.തുടര്‍ന്ന് എത്ര ശക്തിയില്‍ ഞെക്കി നോക്കിയിട്ടും സംഗതി സ്റ്റാര്‍ട്ടാവുന്നില്ല.
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തൂത്ത് കളഞ്ഞ് വണ്ടി സ്റ്റാന്‍ഡിലിട്ട് ദിലീപിനെ വിളിക്കാന്‍ അകത്ത് കയറി. മൂപ്പര്‍ ബാത്ത്രൂമില്‍ കയറിക്കഴിഞ്ഞിരുന്നു.
"താമസമെന്തേ വരുവാന്‍...." അകത്ത് നിന്ന് അവന്റെ പാട്ട് കേള്‍ക്കാം. കോണ്‍സ്റ്റിപ്പേഷന്‍- ഞാനോര്‍ത്തു.
വണ്ടിക്ക് വല്ലതും പറ്റിയോ എന്നോര്‍ത്ത് അവശനായി ബെഡ്ഡില്‍ പോയിരുന്ന്, റഹ്മാന്റെ മൊബൈലില്‍ വിളിച്ചു. പണ്ടാരം, എടുക്കുന്നില്ല.
തിരിച്ച് ബാത്ത്‌റൂമിന്റെ വാതിലില്‍ പോയി ചെവിയോര്‍ത്തപ്പോള്‍ ദിലീപ് "ഇവിടെ കാറ്റിന് സുഗന്ധം....." പാടുന്നു. രക്ഷപെട്ടു, മംഗളം പാടി,ഇനി പെട്ടെന്നിറങ്ങും.
ദിലീപ് കുളിക്കാന്‍ തോര്‍ത്തെടുക്കാന്‍ ഇറങ്ങിയപ്പോള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാവുന്നില്ല എന്ന് ഞാന്‍ ഉള്ളിലെ പരിഭ്രമമൊന്നും മുഖത്ത് കാട്ടാതെ പറഞ്ഞു."ബാംഗ്ലൂരിലെ തണുപ്പല്ലേ, സ്വിച്ചിടാതെ, ചവുട്ടി സ്റ്റാര്‍ട്ടാക്കെടേയ്" എന്ന് പറഞ്ഞ് കുളിക്കാന്‍ അവന്‍ തിരിച്ച് ബാത്ത് റൂമില്‍ കയറി.
ഓഹ് അത്രേയുള്ളോ എന്ന് ആശ്വാസപ്പെട്ട് ഞാന്‍ പുറത്ത് വന്ന് കൈനറ്റിക്കിന്റെ കിക്കര്‍ കണ്ടു പിടിച്ച് ചവുട്ടാന്‍ തുടങ്ങി.ഓരോ ചവിട്ടിനും, സിനിമകളില്‍ പലപ്പോഴും കുതിരകള്‍ മുന്‍കാലുകള്‍ രണ്ടും പൊക്കി നിന്ന് ഉണ്ടാക്കുന്ന ചിനച്ചിലുകള്‍ പോലെയുള്ള ശബ്ദം പുറപ്പെടുവിച്ച് എന്റെ കൈനെറ്റിക് തണുത്തു മരച്ചു തന്നെ കിടന്നു.
ഇട്ടിരുന്ന ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നു. ചവുട്ടി ചവുട്ടി കാലിലെ മസില് കയറി. പരവശനായി വീടിനകത്തു കയറി മേക്കപ്പിട്ടു കൊണ്ടു നിന്ന ദിലീപിനോട് ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചു.

ദിലീപ് ആള് ജിമ്മനാണ്. മസില് കാരണം ഒരു പഴം കൈകൊണ്ടെടുക്കാന്‍ വയ്യാത്ത പരുവം.

'അളിയാ ആദ്യമായിട്ട് സ്കൂട്ടറ് വാങ്ങണതാടേയ്..ചവിട്ടാനൊന്നും ഒരു നാക്കില്ല. നീ ഒന്ന് സ്റ്റാര്‍ട്ടാക്കി താ മച്ചാ' എന്ന് പറഞ്ഞപ്പോള്‍ ശല്യം എന്ന മുഖഭാവത്തോടെ അവന്‍ കൈലിയും മടക്കിക്കുത്തി ചാവിയും വാങ്ങി പുറത്തേക്ക് പോയി. "ചവിട്ടാന്‍ തന്നൂന്ന് വെച്ച് ചവിട്ടിക്കൂട്ടല്ലേ മച്ചാ"' എന്ന് ദിലീപിന്റെ ഗദകാലുകളിലേക്ക് നോക്കി തളര്‍ച്ചയോടെ പറഞ്ഞ്, വിയര്‍പ്പാറ്റാന്‍ വേണ്ടി കിതപ്പോടെ ഞാന്‍ ഫാന്‍ ഫുള്‍ സ്പീഡിലിട്ട് ബെഡ്ഡിലേക്ക് ചാഞ്ഞു.
ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ അടിമുടി വിയര്‍ത്ത് കുളിച്ച് ദിലീപ് റൂമിലേക്ക് കയറി വന്ന് ചാവി എന്റെ നേരെ വലിച്ചെറിഞ്ഞു.
"എന്തു പണ്ടാരാടാ ആ സാധനം..ആറ് മാസം എന്റെ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കാന്‍ വേണ്ട ചവുട്ട് ഞാന്‍ ചവുട്ടി വേസ്റ്റാക്കിയെഡേ. അതിനെന്തോ പ്രശ്നണ്ട്..സ്റ്റാര്‍ട്ടാവണില്ല"
"ചങ്കില്‍ കൊള്ളണ വര്‍ത്താനം പറയല്ലേ ദിലീപേ"
"അവന്റെ ഒരു ചങ്കില്‍ കൊള്ളല്‍..ചവുട്ടി എന്റെ കാല് ഒന്നിനും കൊള്ളാതായി.." അവന്‍ തോര്‍ത്തെടുത്ത് ഒന്നു കൂടി കുളിക്കാന്‍ കയറി.
തകര്‍ന്ന മനസ്സോടെ ഞാന്‍ വീണ്ടും സ്കൂട്ടറിനടുത്തേക്ക്. ഇപ്പോള്‍ ചവിട്ടുമ്പോള്‍ എഞ്ചിനകത്തിരുന്ന് ആരോ ബീഡി വലിച്ചു വിടുന്ന പോലെ ഇത്തിരി പുക പിന്നില്‍ കൂടി വരുന്നുമുണ്ട്. ചവിട്ടിന്റെ ശബ്ദവും ചവിട്ട് കൊണ്ട് കൈനറ്റിക് മോങ്ങുന്ന സ്വരവും കേട്ട് അടുത്ത വീട്ടിലെ കന്നഡ സുന്ദരിപ്പെണ്ണ് മുറ്റത്ത് വന്ന് എത്തിനോക്കി. ധനനഷ്ടവും മാനഹാനിയും മുന്നില്‍ കണ്ട്, സ്കൂട്ടര്‍ വിറ്റ ഒസാമയുടെ നെഞ്ചിലാണ് ചവിട്ടുന്നതെന്ന് കരുതി ഒരഞ്ചാറ് ചവിട്ട് ഞാന്‍ തുരുതുരാ ചവുട്ടിയപ്പോള്‍....വെളിച്ചപ്പാടിന് ബാധകേറിയപോലെ വിറച്ച് കുലുങ്ങി കൈനെറ്റിക് സ്റ്റാര്‍ട്ടായി! ആക്സിലരേറ്റര്‍ മാക്സിമം കൊടുത്ത് ഇരപ്പിച്ചപ്പോള്‍ കണവ വെള്ളത്തില്‍ മഷി തൂറ്റിയ പോലെ ചുറ്റും കറുത്ത പുക പടര്‍ന്നു. ചുമച്ചു കൊണ്ട് അകത്തേക്കോടി ബാഗും എടുത്ത് തിരിച്ചോടി വന്ന് സ്റ്റാന്‍ഡില്‍ നിന്ന് തള്ളി സ്കൂട്ടര്‍ വിട്ടപ്പോഴേ സമാധാനമായുള്ളൂ.
പോണ വഴിക്ക് രണ്ട് ട്രാഫിക് ലൈറ്റില്‍ വണ്ടി പിന്നേയും ഓഫായി. എല്ലായിടത്തും പതിനഞ്ച് മിനിട്ട് നിന്നു ചവിട്ട് നാടകം കളിച്ച് വണ്ടി വീണ്ടും സ്റ്റാര്‍ട്ടാക്കി.
അന്ന് ആകെ ചവുട്ടിയ ചവിട്ട് മുന്നോട്ട് ചവുട്ടിയിരുന്നെങ്കില്‍ ഓഫീസില്‍ നടന്നെത്താമായിരുന്നു.

ഓഫീസിലെത്തി നേരെ പോയി റഹ്മാനെ പൊക്കി.
ഏയ്..പ്രശ്നം ഒന്നുമുണ്ടാവാന്‍ വഴിയില്ലല്ലോ..നിനക്ക് ചവിട്ടേണ്ട സ്കൂട്ടര്‍ മര്‍മ്മം അറിയാന്‍ പാടില്ലാഞ്ഞിട്ടാ എന്നു അവന്‍.
അതേടാ ചവിട്ടേണ്ടത് കൈനെറ്റിക്കിന്റെയല്ല, നിന്റെ മര്‍മ്മത്തിനിട്ടാ എന്ന് മനസ്സില്‍ ഞാന്‍ മുരണ്ടു..
വൈകുന്നേരം തിരിച്ച് പോകുമ്പോള്‍ അവന്‍ ചവുട്ടി സ്റ്റാര്‍ട്ടാക്കി തരാമെന്നും. സ്കൂട്ടര്‍ ചവിട്ടേണ്ട അന്‍പത് എളുപ്പവഴികള്‍ പഠിപ്പിച്ചു തരാമെന്നും റഹ്‌മാന്‍ ഏറ്റു.
അഞ്ചരക്ക് വീട്ടില്‍ പോകാന്‍ പ്ലാനിട്ട ഞാന്‍ നാലരക്കേ റഹ്‌മാനെ വിളിച്ച് കീ കൊടുത്തു. പാര്‍ക്കിംഗില്‍ സ്കൂട്ടര്‍ വെച്ച സ്ഥലം പറഞ്ഞു കൊടുത്തു.
"അല്ല, നീ കൂടെ വരുന്നില്ലേ?" അവന്‍ എന്നോട് ചോദിച്ചു.
"നീ ചെന്ന് മെല്ലെ ചവിട്ട് തുടങ്ങളിയാ..ഞാന്‍ നിനക്കൊരു നാരങ്ങാവെള്ളവും വാങ്ങി വരാം."
റഹ്മാന്‍ അല്പം കണ്‍ഫ്യൂഷനോടെ പാര്‍ക്കിംഗിലേക്ക് വിട്ടു.

അഞ്ചേകാലിന് ഞാന്‍ പാര്‍ക്കിംഗിലെത്തിയപ്പോള്‍ സ്കൂട്ടര്‍ സ്റ്റാന്റിലിട്ട് റഹ്മാന്‍ അതിന്റെ മുകളില്‍ താടിക്ക് കൈയ്യും കൊടുത്തിരിക്കുന്നു.
"എന്തേടാ? സംഗതി സ്റ്റാര്‍ട്ടായാ?''
"അളിയാ, ഇത് കലിപ്പായീന്നാ തോന്നുന്നത്..ചവുട്ടി ചവുട്ടി എന്റെ കാലിലെ മസ്സില് വെള്ളമായളിയാ.."
"നീ ആ പന്ന താടിയെ വിളിക്കെടാ..നമുക്കിത് തിരിച്ച് കൊടുക്കാം.' ഞാന്‍ ചൂടായി.
"ഞാന്‍ വിളിക്കാമളിയാ.." റഹ്മാന്‍ അവന്റെ കവിള് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.
"നാളത്തേക്ക് ഒരു വഴിയുണ്ടാക്കാം."
"ഡാ റഹ്‌മാനേ.." ഞാന്‍ ഗൌരവ പൂര്‍വ്വം റഹ്മാനെ വിളിച്ചു.
ങും?
"അളിയാ ഹെല്‍പ്പളിയാ ഹെല്‍പ്പ്...ഈ കുരിശ്..എന്റെ പതിനാലായിരം..കൈ വിടരുതളിയാ, എന്നെ കൈ വിടരുത്...നീ നാളെത്തന്നെ ഒരു വഴിയുണ്ടാക്കണം.." ഞാന്‍ ദയനീയമായി കെഞ്ചി.

അന്നു ഞാന്‍ ബി റ്റി എമ്മിലേക്ക് ബസ്സ് പിടിച്ച് പോയി.

പിറ്റേന്ന് രാവിലെ ഉറക്കച്ചടവോടെ, ഷേവ് ചെയ്യാത്ത മുഖവുമായി ഓഫീസിലേക്ക് ഒരു ഓട്ടോ പിടിച്ചു.
റഹ്മാനെ കണ്ടപ്പോള്‍, ഒസാമയുടെ ഫോണ്‍ വിളിച്ചിട്ട് ഔട്ട് ഓഫ് റേഞ്ചാണെന്നും, പള്ളിയിലെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അങ്ങേര്‍ക്കും വലിയ പിടിപാടൊന്നും ഇല്ലെന്നും, ഒസാമ മൈസൂരില്‍ എവിടെയോ ബിസിനെസ്സാണെന്നും വല്ലപ്പോഴുമേ ബാംഗ്ലൂര്‍ വരുകയുള്ളു എന്നും മറ്റും ഒരു ഗുണവുമില്ലാത്തെ കുറേ വിവരം പറഞ്ഞു തന്നു.
"നമുക്ക് ഒരു വര്‍ക്ക് ഷോപ്പില്‍ കൊണ്ടു പോയി കാണിക്കാമളിയാ." റഹ്മാന്‍ പറഞ്ഞു.
ഞാനും റഹ്മാനും മാറി മാറി തച്ചിന് നിന്ന് ചവുട്ടിയും, രണ്ട് പേരും ഒരുമിച്ച് ചവുട്ടിയും ഉച്ചയോടെ കൈനെറ്റിക്ക് സ്റ്റാര്‍ട്ടാക്കി.
കൈനെറ്റിക്ക്, റോഡില്‍ കൂടി വര്‍ക്ക്ഷോപ്പിനെ ലക്ഷ്യമാക്കി പായ്കപ്പല്‍ പോലെ ആടിയാടി നീങ്ങി.

ഇന്ദിരാനഗറിലെ വര്‍ക്ക്ഷോപ്പിന്റെ മുന്‍പില്‍, ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ പുറത്ത് അക്ഷമയോടെ കാത്തു നില്‍ക്കുന്നവരെ പോലെ ഞങ്ങള്‍ കാത്തു നിന്നു.മെക്കാനിക്ക് പുറത്തേക്ക് കൈയ്യും തുടച്ച് വന്നപ്പോള്‍ "സ്കൂട്ടര്‍ എഞ്ചിന്‍ ഔട്ട് കം‌ബ്ലീറ്റിലി?" എന്ന ഭാവത്തില്‍ അയാളെ നോക്കി.

കൈനെറ്റിക്കിന്റെ സ്റ്റാര്‍ട്ടിംഗ് മെക്കാനിസ്സത്തില്‍ കാര്യമായ കേടുപാടുണ്ട് പോലും. ചെറിയ ഒരു പാര്‍ട്ട് മാറ്റി വച്ചാല്‍ ശരിയാകുമായിരിക്കുമത്രേ! പക്ഷേ സംഗതി ഇപ്പോള്‍ ഇന്ത്യയില്‍ കിട്ടില്ല. ജപ്പാനില്‍ നിന്ന് ഇം‌പോര്‍ട്ട് ചെയ്ത് വരണമത്രേ! ഒരു മൂന്ന് മാസം തന്നാല്‍ അത് വരുത്തി ഫിറ്റ് ചെയ്ത് തരാമെന്ന് മെക്കാനിക്ക്.
"എത്രായാകും ചേട്ടാ? "
"നാലായിരം റ്റു ആ‍റായിരം."
പെട്രോള്‍ പമ്പിലെ മീറ്റര്‍ പോലെ ഒരു മീറ്റര്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പതിനാലായിത്തിമുന്നൂറ്റിപ്പ്പത്തില്‍‍ നിന്ന് കറക്കം ആരംഭിച്ച് പതിനെണ്ണായിരത്തില്‍ പോയി നിന്നു.(മുന്നൂറ്റിപ്പത്ത് മസാല്‍ദോശ+മീഠാപാന്‍ വകയില്‍. ആറ്റില്‍ കളഞ്ഞത് അളന്ന് കളഞ്ഞതാ)
"തല്‍ക്കാലം വേറെ ഒന്നും ചെയ്യാന്‍ പറ്റില്ലേ?"
"വേണമെങ്കില്‍ ചെറിയ ഒരു ഷോര്‍ട്ട് കട്ട് വര്‍ക്ക് ചെയ്ത് തരാം..വണ്ടി അത്യാവിശ്യം സ്റ്റാര്‍ട്ടാകും എന്നേയുള്ളൂ..പക്ഷേ ലോംഗ് റ്റേമില്‍ വണ്ടിക്ക് കേടാണ്. പിന്നെ അങ്ങനെ ചെയ്താല്‍ ഒരു ഗ്യാരണ്ടിയുമില്ല, എത്രകാലം മെച്ചം ഉണ്ടാകും എന്നു പറയാനും പറ്റില്ല."
"അത് ചെയ്യാന്‍ എത്രാവും?"
"രണ്ടായിരം. അങ്ങിനെ ചെയ്തിട്ടാ ഇതു വരെ വണ്ടി ഓടിയേ..അത് ഒന്നുകൂടി ശര്യാക്കിത്തരാം."
മീറ്റര്‍ പിന്നോട്ട് കറങ്ങി പതിനാറായിരത്തിമുന്നൂറ്റിപ്പത്തിലെത്തി.

അന്ന് ആറാറരയോടെ ഉല്‍‌സൂരില്‍ നിന്ന് ബി റ്റി എമ്മിലേക്ക് ഒരു പുകപടലം റോഡില്‍ കൂടി പാഞ്ഞു പോയി.


* * *

പാച്ച് വര്‍ക്ക് ചെയ്തതില്‍ പിന്നെ വണ്ടി അത്യാവിശ്യം ഒരു പത്തിരുപത് ചവിട്ടിനകം സ്റ്റാര്‍ട്ടാവുന്നുണ്ട് എന്ന ധൈര്യത്തിലാണ്, ദിലീപിനേയും കൂട്ടി, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരിചയക്കാരനായ ഒരു കന്നഡക്കാരന്റെ വീട്ടില്‍ അവന്റെ കല്യാണം കൂടാന്‍ കൈനെറ്റിക്കില്‍ പോകാം എന്നു തീരുമാനിച്ചത്.
"നിന്റെ മേഘദൂത് വഴിയില്‍ ബ്രേക്ക് ഡൌണ്‍ ആവുമോടേയ്? എന്റെ വണ്ടിയെടുക്കാം." ദിലീപിന് സംശയമായിരുന്നു.
"വെണ്ട്രെയ്ക.ഇത് ഇപ്പോ കണ്ടീഷന്‍ വണ്ടിയാ." ഞാന്‍ അവനെ ആശ്വസിപ്പിച്ചു.
കല്യാണം കെ ആര്‍ പുരവും കഴിഞ്ഞെവിടെയോ ആണ്. വഴി നല്ല നിശ്ചയമില്ല. ലൈസന്‍സില്ലാത്തത് കൊണ്ട് മെല്ലെ വിട്ടാണ് പോയത്. പോരാഞ്ഞ് പിന്നിലിരിക്കുന്ന ദിലീപിന്റെ മസില്‍ വെയ്റ്റ് കാരണമാകാം അലൈന്മെന്റ് ശരിയാകുന്നുമില്ല. എങ്കിലും ആത്മാഭിമാനം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.
ഏതോ ഗലിയില്‍ കൂടി വെട്ടി വെട്ടി പോയപ്പോള്‍ ഒരു സൈക്കിള്കാരന്‍ പിന്നില്‍ വന്ന് ബെല്ലടിച്ചു. "കേറിപ്പോഡാ ശവമേ..ഇത് സ്കൂട്ടറാണെന്ന് കണ്ടൂടേ?" ഒതുക്കിക്കൊടുക്കുമ്പോള്‍ പ്രാകി.

അടുത്ത ജംഗ്ഷനില്‍ ചുവപ്പില്‍ വണ്ടി നിര്‍ത്തിയതും സൈഡില്‍ പതുങ്ങി നിന്ന ട്രാഫിക് പോലീസ് ചാവിയെടുത്ത് കൊണ്ട് പോയി.ലൈസന്‍സ് ഇല്ലാത്തതിനാല്‍ എത്ര കെഞ്ചിയിട്ടും വിടുതല്‍ കൂലി അഞ്ഞൂറില്‍ താഴ്ത്തിയില്ല.അഞ്ഞൂറ് രൂപാ പോലീസിന്റെ പോക്കറ്റില്‍ തള്ളി വണ്ടിയുരുട്ടിയപ്പോള്‍ പോലീസ് പറഞ്ഞു: "നിന്റെ ഓട്ടീര് കണ്ടാലേ അറിയാം ലൈസന്‍സ് ഇല്ലാ എന്ന്"
കല്യാണസദ്യക്ക് പകരം ഗോതമ്പുണ്ടയുടെ മണമടിച്ചതിനാല്‍ വണ്ടിയുടെ കണ്ട്രോള്‍ ദിലീപിന് കൈമാറി.
കല്യാണസദ്യക്ക് ലേറ്റായോ എന്ന് ആശങ്കിച്ച് ദിലീപ് കൈനറ്റിക്ക് ധൃതിപ്പെട്ട് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു.
എവടെ! എഞ്ചിന്‍ പിന്നേയും ബീഡിവലി തുടങ്ങി.
ദിലീപ്, ഞാന്‍, ഞങ്ങള്‍ നിന്നിരുന്നതിന്റെ സമീപമുള്ള പെട്ടിക്കടക്കാരന്‍, ആ പോലീസ്‌കാരന്‍ പിന്നെ റോഡില്‍ക്കൂടിപ്പോയ ഒരു പിച്ചക്കാരന്‍ വരെ ചവുട്ടി നോക്കിയിട്ടും സംഗതി സ്റ്റാര്‍ട്ടാവുന്നില്ല.
ദിലീപ് ഓട്ടോ പിടിച്ച് എന്നെ ഉപേക്ഷിച്ച് പോകാനൊരുങ്ങിയപ്പോള്‍ ഞാന്‍ മല്ലന്റേം മാതേവന്റേം കഥ പറഞ്ഞു- കരടിക്ക് പകരം പോലീസിനെ വെച്ചു. ദിലീപടങ്ങി.
കല്യാണവീടിന്റെ അഡ്രസ്സ് പറഞ്ഞപ്പോള്‍ പെട്ടിക്കടക്കാരന്‍ അത് അവിടെ അടുത്താണെന്നും ഉന്തേണ്ട ദൂരമേയുള്ളൂ എന്നു പറഞ്ഞു തന്നു.സ്കൂട്ടര്‍ പെട്ടിക്കടയുടെ മുന്നില്‍ വെച്ചു ഞങ്ങള്‍ കല്യാണവീട്ടിലേക്കോടി.
കല്യാണവീട്ടിലെത്തിയതും സദ്യക്ക് താമസിച്ചു എന്ന് മനസ്സിലായി. ചെക്കനെ ഒന്നു മുഖം കാണിച്ച് നേരെ സദ്യ വിളമ്പുന്നിടം എന്ന് തോന്നിയ ഒരു സ്ഥലത്തേക്ക് ഞാനും ദിലീപും പാഞ്ഞു കയറി.
പിന്നില്‍ നിന്നും ഒരു അലര്‍ച്ച കേട്ടാണ് വേക്കന്റ് സീറ്റുകള്‍‍ തപ്പി നടന്നിരുന്ന ഞങ്ങള്‍ സഡന്‍ സ്റ്റോപ്പിട്ട് തിരിഞ്ഞ് നിന്നത്.

പിന്നില്‍ ഒരു രൂപം.

പുഞ്ചക്കണ്ടത്തില്‍ ഞാറു നട്ടതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പോലെ നരച്ച കുറ്റി തലമുടി.
കാതില്‍ കടുക്കന്‍.
‍കഴുത്തില്‍ പുലിനഖം, കാലില്‍ കുഴിനഖം.
ബുള്‍ഡോസറിന്റെ റോളര്‍ പോലെ മുന്നില്‍ ഉരുണ്ടുവരുന്ന കുടവയര്‍.
ചെക്കന്റെ അമ്മാവന്‍ ആണത്രേ!
മൈസൂര്‍ രാജാവിന് ഇടിവെട്ടിയ സൈസ് ഐശ്വര്യമേ മുഖത്തുള്ളൂവെങ്കിലും ആ കന്നഡബ്രാഹ്മണന്‍ അല്പം പുശ്ചത്തോടെ ഞങ്ങള്‍ നിന്നിരുന്ന സദ്യപ്പന്തല്‍ ബ്രാഹ്മണന്‍മാര്‍ക്ക് മാത്രം ഊണ് കൊടുക്കുന്ന സ്ഥലമാണെന്നും മറ്റുള്ള ശൂദ്രന്മാര്‍ക്ക് പുറത്ത് വേറെ സ്ഥലമുണ്ടെന്നും ഐശ്വര്യമായിപ്പറഞ്ഞു!

പൂണൂല്‍ വീട്ടില്‍ വെച്ച് മറന്നു പോയതാണ്, ഞാന്‍ അരവിന്ദ് ബ്രാഹ്മണന്‍, ഇവന്‍ ദിലീപ് ബ്രാഹ്മണന്‍ എന്ന് പറയാമായിരുന്നു എന്ന് ആദ്യം കരുതിയെങ്കിലും പെട്ടെന്ന് കോപത്തിന്റെ ഒരമിട്ട് പെരുവിരലില്‍ നിന്ന് കുതിച്ച് കയറി, വയറ്റില്‍ ഒന്നു ശങ്കിച്ച് നിന്ന്, തൊണ്ട വഴി തലയില്‍ കേറി പൊട്ടി വിരിഞ്ഞു.
അഞ്ഞൂറ് രൂപാ ഫൈന്‍, സ്റ്റാര്‍ട്ടാവാത്ത സ്കൂട്ടര്‍, പെരുവഴിയില്‍ കൂടി ഓട്ടം, ഇനി തിരിച്ചു പോയി ചവിട്ട്, നാണക്കേട്, ഇപ്പോ ദാ സദ്യ കഴിക്കാന്‍ നേരാത്ത് സീറ്റ് വിവേചനവും!
ഒറ്റക്ഷണം കൊണ്ട് ദിലീപിന്റെ കൈയ്യും പിടിച്ച് സദ്യാലയത്തിന് പുറത്തിറങ്ങിയ ഞാന്‍ അങ്ങ് പുറത്ത് കാര്‍പ്പോര്‍ച്ചില്‍ വെറും തറയില്‍ തിങ്ങിയിരുന്ന് സദ്യ കഴിക്കുന്ന എന്റെ മറ്റ് കൂട്ടുകാരെ കണ്ടു.
സഹിച്ചില്ല.
ഒരു കൊടുങ്കാറ്റുപോലെ അവരുടെ അരികിലേക്ക് ഞാന്‍ പാഞ്ഞു ചെന്ന് -
അവരുടെ ഇടയില്‍ ഒരു സീറ്റ് സെറ്റപ്പാക്കി.

"ഡാ ദിലീപേ നല്ലോം വെട്ടിക്കോ, സ്കൂട്ടര്‍ ചവിട്ടാനുള്ളതാ.." ഇല മുന്നില്‍ നിരത്തി ചോറുകുട്ടക്കാരാനെ വിളിക്കുന്നതിന് മുന്‍പ് ഞാന്‍ ദിലിയെ ഓര്‍മിപ്പിച്ചു.

ആ ദിവസം ഒരു മൂന്ന് മണിയോടെ ദിലീപ് ബി റ്റി എമ്മില്‍ ഒരു ഓട്ടോ പിടിച്ചെത്തുകയും, ഒരു ഏഴുമണിയോടെ ഞാന്‍ സ്കൂട്ടറില്‍ വന്നടിയുകയും ചെയ്തു.

അതോടെ എനിക്ക് മടുത്തിരുന്നു. എന്റെ എല്ലാ പ്രതീക്ഷയും പോയിരുന്നു. ഈ സ്കൂട്ടര്‍ വെച്ചു കൊണ്ടിരുന്നാല്‍ എന്റെ പൈസയും ആരോഗ്യവും മാനവും പോണ വഴി കാണില്ല എന്ന് എനിക്ക് മനസ്സിലായി.
റഹ്മാനോട് സ്കൂട്ടറില്‍ നടത്തിയ മേക്ക് ഷിഫ്റ്റ് റിപ്പയറിന്റെ കാറ്റ് പോയി എന്ന് ഫോണ്‍ വിളിച്ച് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത്, ബി റ്റി എമ്മിന്‍ അവന്റെ ഒരു കസിന്‍ നജീബ് താമസിക്കുന്നുണ്ട്, അവനെ എനിക്ക് പരിചയപ്പെടുത്തിത്തരാം എന്നായിരുന്നു. നല്ല മെക്കാനിക്കാണോ എന്ന് ചോദിച്ചപ്പോള്‍, അല്ല നല്ല ജിമ്മാണ്, അവന്‍ വന്ന് എന്നും ചവുട്ടി സ്റ്റാര്‍ട്ടാക്കിത്തരും എന്ന് റഹ്മാന്‍.
അവന്റെ സീരിയസ്സായ പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് പാവം തോന്നിപ്പോയി. സ്കൂട്ടര്‍ ചവുട്ടിസ്റ്റാര്‍ട്ടാക്കിത്തരാന്‍ അവന്റെ കസിനെ ഏര്‍പ്പാട് ചെയ്യാമത്രേ! ഇനിയും അവനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്നു മനസ്സിലായി-അല്ലെങ്കിലും ഏതു വകയ്ക്? ഈ പണ്ടാരപ്പാട്ട വാങ്ങാം എന്നു പറഞ്ഞതു ഞാന്‍ തന്നെയല്ലേ!

രണ്ട് കുപ്പി സ്മിര്‍നോഫ്, വൈന്‍ സ്റ്റോറിന്റെ മുന്നില്‍ സ്കൂട്ടര്‍ ഓഫാക്കാതെ അതിന്റെ മുകളില്‍ അശ്വാരൂഡനായി ഇരുന്ന് അലറി വിളിച്ച് വാങ്ങിച്ചാണ് അന്ന് ഞാന്‍ ബി റ്റി എമ്മിലെ ഗുഹയില്‍ തിരിച്ച് എത്തിയത്.
ദിലീപും ഞാനും ഗ്ലാസ്സുകള്‍ എടുത്ത്, തറയില്‍ ന്യൂസ് പേപ്പര്‍ വിരിച്ചുപവിഷ്ഠരായി. പന്തലില്‍ കണ്ട കന്നഡബ്രാഹ്മണനു സഹസ്രനാമാര്‍‌ച്ചന നടത്തിക്കൊണ്ട് കര്‍മ്മം തുടങ്ങി. ഒസാമയെ ഒഴിവാക്കി-കാരണം, തെറി വിളിക്കാന്‍ എനിക്ക് ഒസാമയുടെ ഫാമിലി ട്രീയില്‍‍ ബാക്കിയാരും അതിനകം ഇല്ലാതായിരുന്നു. മൂപ്പരുടെ പിതാമഹരെ ഇനി തെറി വിളിക്കുവാണെങ്കില്‍ കുരങ്ങനെ വിളിക്കേണ്ടി വരും-കാരണം പരിണാമ ലെവല്‍ അത്രക്കും തെറിവിളിച്ചു മുകളിലേക്ക് കയറിയിരുന്നു.

വോഡ്ക പെഗ്ഗ് പതിനൊന്നെണ്ണം എണ്ണിയതോര്‍മയുണ്ട്.

രാവിലെ കരിങ്കല്ലിന്റെ ഭാരമുള്ള തലയോടെ എഴുന്നേറ്റ് ബാത്ത് റൂമിലെ കണ്ണാടിയില്‍ നോക്കിയ ഞാന്‍ ഞെട്ടി. എന്റെ തല പൊട്ടി തലച്ചോര്‍ വെളിയില്‍ ചാടിയിരിക്കുന്നു!അലറിപ്പോയി. പിന്നെ കൈ കൊണ്ട് തൊട്ടു നോക്കിയപ്പോള്‍, മനസ്സിലായി. വാളുവെച്ചത് തലമുടിയില്‍ ഉണങ്ങിപ്പിടിച്ചതാണ്.
കണ്ണാടിയിലെ ഭ്രാന്തനോട് സോറി പറഞ്ഞ് ബെഡ്‌റൂമില്‍ പോയി നോക്കിയപ്പോള്‍ ഞാന്‍ കിടന്നതിന്റെ മറ്റേ സൈഡില്‍ സ്വന്തം വാളില്‍ തലചായ്ച്ച് ദിലീപ് അപ്പോളും ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ ജട്ടിയിട്ടുറങ്ങുന്നു.

തല മന്തിച്ചിരുന്നെങ്കിലും ചെയ്യേണ്ടത് എന്താണെന്ന് ഉറപ്പുണ്ടായിരുന്നു.ദിലീപിനെ തൊഴിച്ചെഴുന്നേല്‍പ്പിച്ച്, മുറിയെല്ലാം വൃത്തിയാക്കി, ബെഡ്ഡ് ഉണക്കാന്‍ ടെറസ്സില്‍ കൊണ്ടുപോയിട്ട്, കുളിച്ച് ശുദ്ധിയായതിന് ശേഷം നേരെ ഓട്ടോ പിടിച്ച്, ഇന്ദിരാനഗറിലെ വര്‍ക്ക് ഷോപ്പില്‍ ചെന്നു.
മെക്കാനിക്ക് പറഞ്ഞ വെറും ഏഴായിരം രൂപക്ക് ഒട്ടും പേശാതെ സ്കൂട്ടര്‍ വിറ്റു.
ചാവി കൊടുത്തു, അഡ്രസ്സ് കൊടുത്തു, എപ്പോള്‍ വേണമെങ്കിലും എടുത്തോണ്ട് പൊയ്കോളാന്‍ പറഞ്ഞു.

തിരിച്ച് ഓട്ടോയില്‍ ഇരുന്നപ്പോള്‍ മനസ്സ് ശാന്തമായിരുന്നു. വല്ലാത്ത ഒരു മനസമാധാനം തോന്നിയിരുന്നു.
റോഡ് സൈഡില്‍ ഒരു കൈനെറ്റിക്ക് സ്റ്റാന്‍ഡിലിട്ട് അരികില്‍ കൈ നെറ്റിക്ക് വെച്ചു നില്‍ക്കുന്ന ഒരു യുവാവിന്റെ രൂപം ഇനി ബാംഗ്ലൂര്‍ നഗരം കാണില്ല.

***

അടുത്ത തിങ്കളാഴ്ച സൂര്യന്‍ ഫ്ലാറ്റുകള്‍ക്ക് മുകളില്‍ ഉദിച്ചു.
ബി റ്റി എമ്മില്‍ ബസ്സു കാത്തു നിന്നിരുന്ന ഞാന്‍ സൈഡ് ചരിഞ്ഞാടിയാടി വരുന്ന ഉത്സൂര്‍ ബസ്സ് കണ്ട് നിരാശനായില്ല.
ബസ്സിന്റെ വാതിലില്‍ തൂങ്ങിക്കിടന്നിരുന്ന പൃഷ്ഠങ്ങള്‍ വകഞ്ഞൊതുക്കി, ഒരു കെ എസ് ആര്‍ റ്റി സി കണ്ടക്ടറുടെ മെയ്‌വഴക്കത്തോടെ ബസ്സിന്റകത്തേക്ക് ഊളിയിടുമ്പോള്‍, മനസ്സില്‍ നയണ്‍-വണ്‍-സിക്സ് സമാധാനം മാത്രമായിരുന്നു.സത്യം.

Monday, March 03, 2008

സീറോ ഹോണ്ട-ഒരാമുഖം

ജനനം മുതല്‍ മരണം വരെയുള്ള ഒരു മനുഷ്യന്റെ ജീവിതത്തെ നാലേ നാല് കുപ്പികള്‍ കൊണ്ട് ഉപസംഹരിക്കാം എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പാല്‍‌ക്കുപ്പി, ബീയര്‍ കുപ്പി, പൈന്റ് കുപ്പി, പിന്നെ ആശുപത്രിക്കിടക്കക്കരികിലെ ഗ്ലൂക്കോസ് കുപ്പി. ജനനം തൊട്ടുള്ള ആ മഹത്തും ബൃഹത്തുമായ യാത്രക്കിടയില്‍, കുപ്പികള്‍ക്കിടയില്‍, എന്തൊക്കെയാഗ്രഹങ്ങള്‍, എന്തൊക്കെയിച്ഛാഭംഗങ്ങള്‍, എന്തൊക്കെ അനുഭവങ്ങള്‍, കയ്പും പുളിപ്പും ചവര്‍പ്പും..ഇടക്ക് മധുരവും.

ഞാനിന്ന് വളരെ ഫിലോസഫിക്കല്‍ ആകുന്നു-രാവിലെ ബ്രേക്ക്ഫാസ്റ്റിനു കഴിച്ച, ബ്രെഡ്ഡും നാരങ്ങാഅച്ചാറും വയറ്റില്‍ പിടിച്ചു കാണില്ല.

അച്ഛന്‍ റിട്ടയേര്‍ഡ് ആയി വന്ന് ഒരു കൊല്ലം കൂടി കഴിഞ്ഞാണ് വീട്ടില്‍ ഹീറോ ഹോണ്ടാ സ്‌പ്ലെന്‍ഡര്‍ വാങ്ങുന്നത്. ഞാനന്ന് ഡിഗ്രീ അവസാനവര്‍ഷം നിന്നു തള്ളുന്നു. ബജാജ് ചേതക് സ്‌കൂട്ടര്‍ എടുക്കാനായിരുന്നു അച്ഛന് താല്പര്യമെങ്കിലും കുമ്പനാട്ടു താമസിച്ചിരുന്ന എന്റെ വല്യച്ഛന് ചേതക്കുമായി ബന്ധപ്പെട്ടുള്ള ഒരനുഭവത്തിന് ഞങ്ങളെല്ലാവരും മൂകസാക്ഷികളായതിനാല്‍ അത് വേണ്ടെന്ന് വയ്കുകയായിരുന്നു.
വല്യച്ഛന് ചേതെക്ക് മൂലമുണ്ടായ ദൌര്‍ഭാഗ്യകരമായ സംഭവം എന്താണെന്ന് വെച്ചാല്‍, ഒരു ദിവസം വീട്ടില്‍ ഫ്രന്റ്‌ലി വിസിറ്റിനു വന്ന ശേഷം തിരി‍കെ പോകാന്‍ ഇറങ്ങിയ വല്യച്ചന്‍, മുറ്റത്ത് ചേതക് മുന്നോട്ടൊന്ന്, പിന്നോട്ടൊന്ന് ചരിച്ച് , പെട്രോളൊക്കെ ഒഴുക്കേണ്ടടിത്തൊക്കെയൊഴുക്കി, ചവുട്ടി സ്റ്റാര്‍ട്ടാക്കാന്‍ ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ എല്ലാവരും വല്യച്ഛനെ യാത്രയയക്കാന്‍, ഫ്രീകിക്കെടുക്കുനവന്റെ മുന്നില്‍ നിരന്നു നില്‍ക്കുന്ന ഫുട്ബോള്‍ കളിക്കാരെപോലെ, നിരന്ന് പൂമുഖത്തും. "എന്നാ ശരി....കുമ്പനാട്ട് പ്ലാവേല്‍ വെളഞ്ഞ ചക്ക നില്പൊണ്ട്, അടുത്ത പ്രാവശ്യം കൊണ്ടരാം,അല്ലേല്‍ ഇവനെ അങ്ങോട്ട് നാളെ വിട്..കൊടുത്ത് വിടാം" എന്ന് താടി കൊണ്ട് എന്നെ ചൂണ്ടി പറഞ്ഞ്, വല്യച്ചന്‍ സര്‍വ്വശക്തിയും എടുത്ത് കിക്കറില്‍ ഒറ്റ ചവിട്ടായിരുന്നു.

വല്യച്ചന്റെ മുണ്ടിന്റെ ഒരറ്റം, ഒരിത്തിരി, ചേതക്കിന്റെ മോട്ടറിന്റെ അകത്തേക്ക് കയറി പോയിരുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല.

ഖേയ്താന്‍ ഫാനിനുള്ളില്‍ എലി കുടുങ്ങിയത് പോലെ വല്ലാത്ത ഒരു ശബ്ദവും പുകയും, പിന്നെ വല്യച്ഛന്റെ കൈയ്യിലിരുന്ന ചേതക്, ചരിഞ്ഞു പൂഴിയിലേക്കും വീണു. "എന്റെ മുണ്ട് ആരാ വലിച്ചു പറിച്ചേ?എങ്ങോട്ടാ പോയേ?" എന്ന മുഖഭാവത്തോടെ വല്യച്ചന്‍ ചേതക് പൊക്കണോ, മുണ്ട് തപ്പണോ എന്ന കണ്‍ഫ്യൂഷനില്‍ മുന്നില്‍ കാലു പിണച്ചു വെച്ചു നില്‍കുന്നു.
ഡബിള്‍ മുണ്ടിട്ട് നിന്നിരുന്ന വല്യച്ഛന്‍ ക്ഷണം കൊണ്ട് മുത്താരംകുന്ന് പി ഓ യില്‍ ദാരാസിംഗ് ഗുസ്തിപിടിക്കാന്‍ വരണ സ്റ്റൈലില്‍ ഒരു ടൈറ്റ് നിക്കറും ഇട്ട് നില്‍ക്കുന്നത് കണ്ട് സ്തംഭിച്ച് ഞങ്ങള്‍ പൂമുഖത്തും!

ചിരിയും, അലറലും, തെറിവിളിയും, അകത്തേക്കോടലും എല്ലാം പെട്ടെന്ന് നടന്നു. അച്ഛന്‍ തോളത്തിട്ടിരുന്ന തോര്‍‍ത്തുമുണ്ട് വല്യച്ഛന് ചുഴറ്റിഎറിഞ്ഞു കൊടുത്ത് രംഗം ശാന്തമാക്കി അമ്മയേയും ചേച്ചിയേയും വഴക്കു പറഞ്ഞ് അകത്തേക്കോടിച്ചതിനു ശേഷം സ്പോട്ടില്‍ അവശേഷിച്ച ഞാനാണ് ചേതക്കിന്റെ മോട്ടറിനകത്ത് നിന്നും ആ ഡബിള്‍ മുണ്ട് വളരെ ശ്രദ്ധാപൂര്‍‌വ്വം വലിച്ച് വലിച്ചെടുത്തത്.
മോ‍ട്ടറിനകത്തു കുടുങ്ങി, ഭരതനാട്യത്തിനുടുക്കുന്ന ഡ്രസ്സിലെ ഞൊറികള്‍ പോലെ അതില്‍ കീലും കരിയും പറ്റിയ ഞൊറികള്‍ രൂപപ്പെട്ടിരുന്നു.അവിടെയിവിടെ കടിച്ചു കീറിയ പോലെ കീറലുകളും, കത്തിപ്പോയ തുളകളും.
അച്ഛന്റെ ഒരു മുണ്ട് കടം വാങ്ങിയുടുത്ത് വല്യച്ഛന്‍ അന്നു വിട്ടു പോയെങ്കിലും ചേതക് എന്നു കേള്‍ക്കുമ്പോഴേ കരിഞ്ഞ മുണ്ടും, നാണക്കേടും എന്ന നിലയിലായിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ മനസ്ഥിതി-പിന്നെ എന്റച്ഛന് കത്തിച്ച് കളയാന്‍ ഡബിളുകള്‍ അധികം ഇല്ലായിരുന്നു താനും.

ചെറുപ്പത്തില്‍ ഒഴിവുസമയത്ത് പറമ്പിനകത്തുകൂടിയും പുഴയില്‍ കുളിക്കാന്‍ പോകുമ്പോളും സ്വയം റാന്നി-വാളക്കുഴി-തിരുവല്ല റൂട്ടിലോടുന്ന ബസ്സാണെന്ന് സങ്കല്‍പ്പിച്ച് പാഞ്ഞിരുന്നപ്പോള്‍ എന്നെ കടന്നു പോകുന്ന ഹെര്‍‌ക്കുലീസ് സൈക്കിളുകള്‍ കണ്ട് കൊതിച്ചിരുന്നു. ഫ്രന്റ് വീലിന്റെ റിമ്മില്‍ ചകിരിപ്പൂ പിടിപ്പിച്ച, മുന്നിലും ബാക്കിലും റ്റാ-റ്റാ തരുന്ന കൈകള്‍ ഫിറ്റു ചെയ്ത, ക്രോസ്സ്ബാറില്‍ "മുദ്ര" സിനിമയുടേതോ "പൂര്‍ണിമ" ടെക്സ്റ്റൈത്സിന്റേയൊ പരസ്യമുള്ള പച്ചക്കവറിട്ട ഡബിള്‍ ഡൈനാമോയുള്ള ഹെര്‍ക്കുലിസ് സൈക്കിളുകള്‍‍.
വര്‍ഷങ്ങള്‍‌ക്ക് ശേഷം അക്കൊല്ലത്തെ നെല്‍കൃഷിയില്‍ നിന്നും കിട്ടിയ പൈസയില്‍‍ നിന്ന് ആയിരത്തി അഞ്ഞൂറ് രൂപാ മുടക്കി "സ്ട്രീറ്റ് ക്യാറ്റിന്റെ" ഷോക്ക് അബ്‌സോര്‍ബറുള്ള ആദ്യത്തെ മോഡല്‍ സൈക്കിള്‍ അമ്മാവന്‍ എനിക്കു വാങ്ങിത്തന്നപ്പോള്‍ എന്തായിരുന്നു സന്തോഷം! ആ സന്തോഷത്തില്‍ ഞാന്‍ സൈക്കിള്‍ കടയില്‍ നിന്നും വീടു വരെ ഒറ്റചവിട്ടായിരുന്നു. വെറും പതിനഞ്ച് കിലോമീറ്റര്‍.(അരപ്പ് കലങ്ങിപ്പോയെങ്കിലും !)
ലേറ്റസ്റ്റ് മോഡല്‍ വാങ്ങണമെന്ന പിടിവാശി കാരണം എത്ര നിര്‍ബന്ധിച്ചിട്ടും ഹെര്‍ക്കുലീസ് വേണ്ടാ എന്നു വെച്ചു സ്ട്രീറ്റ് ക്യാറ്റ് വാങ്ങുകയായിരുന്നു ഞാന്‍. താമസിയാതെ അതിന്റെ പൊട്ടത്തരം മനസ്സിലാകുകയും ചെയ്തു. അന്നു തന്നെ ഏകദേശം അഞ്ചരയടിയും അമ്പത്തഞ്ച് കിലോയുമുണ്ടായിരുന്ന‍ ഞാന്‍ അധികം ഉയരമില്ല്ലാത്ത സൈക്കിളില്‍ ഇരുന്നു ചവിട്ടുന്നത് കണ്ടാല്‍ ഒരു മാതിരി കരടി സര്‍ക്കസ്സില്‍ കുഞ്ഞ്യേ സൈക്കിള്‍ ചവിട്ടുന്നത് പോലെയായിരുന്നു. മാത്രമല്ല, കൊഡൈക്കനാലില്‍ ബോട്ട് ചവിട്ടുന്നത് പോലെ കാല് ഫുള്‍ സ്റ്റ്രെച്ചാവാതെ ചവുട്ടി ചവുട്ടി എനിക്ക് പെട്ടെന്ന്‍ മടുത്തു, എന്റെ കാല് കഴച്ചു.
ഖദര്‍ കൈമുറിയന്‍ ജുബ്ബായും, വെളുത്ത ഡബിളും, തേയ്ചു കഴുകിയ പാരഗണ്‍ ഹവായും, നെറ്റിയില്‍ ചന്ദനക്കുറിയു, അതിനു കണ്ണുകിട്ടാതിരിക്കാന്‍ അതിന്റെയുള്ളില്‍ കുങ്കുമം കൊണ്ടൊരു ബ്യൂട്ടീസ്പോട്ടും, വെളിച്ചെണ്ണ തേയ്ച്ച്, കഷണ്ടിക്ക് മുകളിലേക്ക്‍ തലമുടി ചീകി "ഓല മേഞ്ഞ" ഹെയര്‍ സ്റ്റൈലുമായി ദിവസവും കച്ചവടത്തിന് പോയിരുന്ന അമ്മാവനും "സ്ട്രീറ്റ് ക്യാറ്റി"നെ‍ തൊട്ടില്ല.

നാട്ടിന്‍‌പുറത്തെ ചായക്കടക്ക്‍ തലപ്പാവ് വെച്ച സപ്ലയര്‍ ചേരില്ലല്ലോ.

താമസിയാതെ സ്റ്റ്രീറ്റ് ക്യാറ്റ് ഏതാണ്ട് വേസ്റ്റ് ക്യാറ്റ് ആയി കാറ്റു പോലുമില്ലാതെ പശുത്തൊഴുത്തിന്റെ സൈഡില്‍ ചുമരിനോട് ചാരി നിന്നു. പഴയ സിനിമകളില്‍ വേണു നാഗവള്ളി മരത്തില്‍ ചാരി നിന്നു കാമുകിയുടെ കല്യാണം കാണുന്ന സ്റ്റൈലില്‍‍ നിന്നത് നടന്നു പോകുന്ന ഞങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു.

അക്കാലം കഴിഞ്ഞ് സ്വന്തം ഇഷ്ടത്തിന് ഒരു വണ്ടിയെടുക്കുന്നത് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു.

ബാംഗ്ലൂര്‍ - ഒരു ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറന്മാരുടെ വാഗ്‌ദത്ത ഭൂമി. പെട്ടിക്കടകള്‍ പോലെയുള്ള കമ്പനികളില്‍ പോലും സിക്സ്- സിഗ്മാ ക്വാളിറ്റി സോഫ്റ്റ്വെയര്‍ രചിക്കുന്ന മിടുക്കന്മാരുടേയും മിടുക്കീകളുടേയും കേളീരംഗം.ഇന്ത്യന്‍ യുവത്വത്തിന് ലോകമൊട്ടുക്കും പറക്കാനുള്ള കിളിവാതില്‍. ഇന്ത്യന്‍ സിലിക്കന്‍ വാലി, ലോകത്തിന്റെ ബ്രെയിന്‍ ക്യാപ്പിറ്റല്‍.ഒലക്കേടെ മൂട്. -

എന്നൊക്കെ ചുമ്മാ പൊക്കിയടിക്കാം.

സംഗതി, ജമ്മു കാഷ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള വലിയൊരു ശതമാനം ബിരുദധാരികളും വന്നട്ടിപ്പേറ് കിടക്കുന്ന സ്ഥലമാണെങ്കിലും, ആറക്ക ശമ്പളം ആറാം മാസം അറിവുള്ളവന് അറിഞ്ഞു കിട്ടാന്‍ സ്കോപ്പുള്ള സെറ്റപ്പുകളുണ്ടെങ്കിലും, ഒരു വളവിന് മിനിമം രണ്ട് മല്‍ട്ടിനാഷണല്‍ കമ്പനികള്‍‍ വെച്ചു പണിഞ്ഞിട്ടുണ്ടെങ്കിലും, ഒരു ആവറേജ് ബാം‌ഗ്ലൂര്‍ എഞ്ചിനീയറുടെ ജീവിതം അത്ര മെച്ചമുള്ളതൊന്നുമല്ലായിരുന്നു.

അല്ല്ല, അതിന് അവനവനെ മാത്രം പഴിച്ചാല്‍ മതി.

ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും മിനിമം മൂന്ന് ആള്‍ക്ക് കിടക്കാം എന്ന തത്വത്തില്‍ വിശ്വസിച്ച് സകല കന്നഡക്കാരും വീടിന്റെ ടെറസ്സില്‍ തീപ്പെട്ടിക്കൂട് മുറികളും, ഉള്ള മുറികളില്‍ കാര്‍ഡ് ബോര്‍‌ഡും കര്‍ട്ടനും വെച്ച് പകുത്ത് എക്സ്റ്റ്റാ മുറികളും നിര്‍മ്മിച്ച് കഴുത്തറപ്പന്‍ തുകക്ക്‍ വാടകക്ക് കൊടുത്തിരുന്നെങ്കില്‍, വീണേടം വിഷ്ണുലോകം, പഷ്ണിയില്ലാതിരുന്നാല്‍ മതി എന്ന മട്ടില്‍ യാതൊരു ജാതി-മത-ദേശ ഭേദവുമില്ലാതെ വീടൊന്നിനു പത്തോ പതിനഞ്ചോ പേര്‍ വെച്ച് ചോദിച്ച വാടകയും കൊടുത്ത് , സോഫ്റ്റ്വെയര്‍ പിള്ളേര്‍ അവിടെയൊക്കെ അട്ടിയിട്ടു താമസിച്ചും പോന്നു.

ആകെ കൂടി ഒരു ആവറേജ് ടി മോഡല്‍ ബാച്ചി വീട്ടില്‍ ഉള്ള ഇലക്ട്രോണിക് ഉപകരണം ഒരു കളര്‍ റ്റി വിയാകുന്നു. പിന്നെ കിച്ചണില്‍ ഒരു ഗ്യാസ് സ്റ്റൌ-വിത്ത് ആള്‍ ദ ഫുഡ് സാം‌പിള്‍‌സ് -വേണ്ടവര്‍ക്ക് റ്റേസ്റ്റു ചെയ്യാനാകാം-സ്റ്റൌവ്വിന്റെ മുകളില്‍, ഉണങ്ങിപ്പിടിച്ച്.
വാഷ്ബേസിനില്‍ പരിത്രാണയുഗത്തിലെങ്ങോ മറ്റോ പാലും പിന്നെ മൂടും കരിഞ്ഞു കരിക്കട്ടയായ നിലയില്‍ അനാഥമായ ഒരു സോസ്‌പാന്‍-പകുതി വെള്ളം നിറച്ച്.
അടുക്കളയില്‍ ഒരു മൂലക്ക് നിറഞ്ഞു തുളുമ്പിയ വേസ്റ്റ് ബിന്‍..അതില്‍ പൊറോട്ട, ചിക്കണ്‍, ഫ്രൈഡ് റൈസ് മുതലായ പാര്‍സല്‍ ഫുഡ്ഡിന്റെ ബാക്കി നിറഞ്ഞിരിക്കുന്നു .
കക്കൂസില്‍ നിരനിരയായി വെച്ചിരിക്കുന്ന ടൂത്ത് പേസ്റ്റുകള്‍, പാരഷ്യൂട്ട് കുപ്പികള്‍, റ്റൂത്ത് ബ്രഷുകള്‍‍..ചുവരില്‍ പൊട്ടല്‍ വീണ, റ്റൂത്ത് പേസ്റ്റ് പതയും, സോപ്പ് പതയും കൊണ്ട് വെള്ളപ്പൊട്ടുകള്‍ നിറഞ്ഞ, മുഖക്കണ്ണാടി.

അമ്പതു കൊല്ലം ബീഡി വലിച്ചവന്റെ പല്ലിന്റെ കളറില്‍ ക്ലോസെറ്റ്.

സിറ്റിംഗ് മുറിയുടെ ഒരു മൂലക്ക് ട്രെയിന്‍ ആക്സിഡന്റ് കഴിഞ്ഞ സീനിനെ അനുസ്മരിപ്പിക്കുന്ന വിധം ചിതറിക്കിടക്കുന്ന ഷൂ, ചപ്പല്‍, സോക്സുകള്‍.
ഒരോ കിടപ്പുമുറികളിലും നിലത്ത് ചിതറിക്കിടക്കുന്ന മെത്തകള്‍. അതില്‍ നല്ല ജംബോ സൈസ് മത്തന്‍ മുളക്കാന്‍ വേണ്ട ഫലഭൂയിഷ്ടിയുള്ള മണ്ണും ചെളിയുമുള്ള ബെഡ് ഷീറ്റുകള്‍.
ചാഞ്ഞു ചരിഞ്ഞും കെട്ടിയിരിക്കുന്ന അയകളില്‍ ബലം കൊടുത്ത് ഒന്നു മടക്കിയെടുത്താല്‍, ഒരാളെ അടിച്ചു വീഴ്ത്താന്‍ പോന്ന ബലമുള്ള, വടി പോലെ നില്‍ക്കുന്ന ഉണങ്ങിയ തോര്‍ത്തുകള്‍.
വീട്ടില്‍ ഓടി നടന്നു ചിരിച്ചുല്ലസ്സിക്കുന്ന പാറ്റകള്‍.
വീട്ടില്‍ അങ്ങുമിങ്ങും മേഘങ്ങളെ പോലെ പറന്നു നടക്കുന്ന ദിനപത്രത്തിന്റെ പേജുകള്‍.

കറുത്ത കരിയില്‍ നിന്ന് എങ്ങനെ തിളങ്ങുന്ന വജ്രമുണ്ടാകുന്നുവോ, അതു പോലെ തന്നെ ഈ മോഡല്‍ ആദിമഗുഹകളില്‍ നിന്നായിരുന്നു, ബ്ലൂചിപ്പ് കമ്പനികളില്‍ ടൈയ്യും ഷൂസും, പതുക്കി ചീവിയ മുടിയുമായി സുന്ദരക്കുട്ടപ്പന്മാരായി യുവാക്കള്‍ ജോലി ചെയ്യാന്‍ എത്തിയിരുന്നത്.

ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ എത്തിയിരുന്ന യുവാക്കളില്‍ പലരും ആദ്യമായാണ് വീട് വിട്ടു താമസിക്കുന്നത് എന്ന കാരണത്താല്‍ വൃത്തി, വെടിപ്പ്, സ്വയം മാനേജ്മെന്റ് എന്ന കാര്യങ്ങളില്‍ അമ്പേ പിന്നിലായിരുന്നു.

ചിലരൊക്കെ അലക്കാതെ ഒരു ഷര്‍ട്ട് രണ്ടാഴ്ചയിടും. വൃത്തികെട്ടവന്മാര്‍.

ചെറുപ്പത്തിലേ മുതല്‍ നവോദയയില്‍ നല്ല ശിക്ഷണം കിട്ടിയിരുന്നതിനാല്‍‍, ഞാന്‍ അവരെ പോലെയാകാതെ, ഷര്‍ട്ടിന്റെ കോളറിന്റെ പിന്‍‌ഭാഗവും, കക്ഷവും ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം ഇറ്റിച്ച് വൃത്തിയാക്കുമായിരുന്നു.

വീടിനടുത്തുള്ള മലയാളിചേട്ടന്റെ ബേക്കറി, അവിടുത്തെ മസാലക്കടല, കര്‍ണ്ണാടക ട്രാന്‍‌സ്പോര്‍ട്ടിന്റെ നീല-വെള്ള ബസ്സുകള്‍, മഡിവാലയിലെ കല്ലട/ഫ്രന്റ്സ് ട്രാവല്‍ ഏജന്‍സികള്‍, കൈരളി/മാസ്സ് ഹോട്ടലുകള്‍, വീടിന്റെ പിന്നിലെ ഓടയുടെ സുഗന്ധം, കൊതുകടി, പട്ടിശല്യം, ഉഡുപ്പി ഹോട്ടലിലെ സാമ്പാര്‍/ലെമണ്‍ റൈസ്, ആന്ധ്രാ മീല്‍‌സ്, കിംഗ്‌ഫിഷര്‍, ചിക്കന്‍ സിക്സ്റ്റിഫൈവ്, ഉറക്കച്ചടവോടെ മഡിവാലയില്‍ ബസ്സിറങ്ങി ഓഫീസിലേക്ക് കുതിക്കുന്ന തിങ്കളാഴ്ചകള്‍, കല്ലട വരാന്‍ കാത്ത് നില്‍ക്കുന്ന വെള്ളിയാഴ്ച സന്ധ്യകള്‍, മലയാളം പടം കാണാനിറങ്ങുന്ന ശനിയാഴ്ച രാത്രികള്‍..ഇങ്ങനെ ഒരു ബാംഗ്ലൂര്‍ മലയാളികളുടെ ജീവിതത്തിന് നിറവും മണവും നല്‍കുന്ന ഒത്തിരി ചിത്രങ്ങള്‍ ഉണ്ട്.

എന്റെ താമസം ബി റ്റി എമ്മിലും ജോലി മഡിവാലയിലും, കൂലി ഐ സി ഐ സി ഐയ്യിലും മനസ്സ് അങ്ങനെ പ്രത്യേകിച്ച് ഒരിടത്തുമല്ലാതെയുമായിരുന്ന കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലെ പ്രമുഖ ഒരു കമ്പനിയില്‍ കയറി, പ്രത്യേകിച്ച് പണിയൊന്നുമില്ല്ലാതെ "ബഞ്ചി"ലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇന്റ്രാനെറ്റിലെ മെസ്സേജ് ബോര്‍ഡില്‍ "ഗട്ടര്‍ ഫ്ലവര്‍" എന്ന അനോണി പേരില്‍ ചില തമശകളൊക്കെയെഴുതി എല്ലാവരെക്കൊണ്ടും "ആരാ ഈ ഗട്ടര്‍ ഫ്ലവര്‍?" എന്നു ചോദിപ്പിച്ചിരുന്ന ഒരു കാലം. ഫൈന്‍ഡര്‍ എന്നൊരു ഇന്‍റ്റ്രാനെറ്റ് സുനാപ്പി ഉപയോഗിച്ച് കമ്പനിയിലുള്ള സകല പെണ്‍പിള്ളേരുടേയും ഫോട്ടോ നോക്കി “ഇവള്‍ എനിക്ക് മച്ചാണോ?” എന്ന് നോക്കിയിരുന്ന സമയം.(“ഫൈന്‍ഡ്‌ ഹെര്‍” എന്നായിരുന്നു അതിനെ ഞങ്ങള്‍‍ വിളിച്ചിരുന്നത്). പുതിയ ജോലി ആയിട്ടും, പുരപ്പുറം പോയിട്ട് ഇരിക്കുന്ന സീറ്റ് പോലും തൂക്കാതെ "ബഞ്ചി"ല്‍ യാതൊരു പണിയും ചെയ്യാതെ നടന്ന ടൈം.

വിതക്കാതെ കൊയ്യുന്ന ഈ ടൈപ്പ് ബഞ്ച് വീരന്മാരെ ആട്ടിത്തെളിച്ച് നടന്നിരുന്ന കന്നാഡക്കാരന്‍ ആനന്ദന്‍ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു:

"ടേയ്, നീ ഇങ്ങനെ ഇരുന്നാല്‍ ശരിയാവൂല. അവിടെ ഉത്സൂരിലുള്ള അമേരിക്കന്‍ ഭീമന്‍ കമ്പനിയില്‍ നമ്മുടെ റ്റീമില്‍ ഒരാളിനെ വേണം..നിനക്ക് പോകാന്‍ പറ്റുമോ?"
"ഇല്ല-അസംഭവ്യം"
"അതെന്ത്?"
"സോറി, ഒണ്‍ലി അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍ പ്രൊജക്റ്റ്സ്"
"അതിന് അവിടെ വല്ലതും ഒഴിവു വേണ്ടേ? യുദ്ധകാലത്ത് റേഷന്‍ ഷാപ്പിന്റെ മുന്നിലെ ക്യൂ പോലാ അവിടെ ഒഴിവിനു കാത്ത് പിള്ളേര്‍ ഇടിച്ചു നില്‍ക്കുന്നത്"
"സാരമില്ല, ഞാനും നില്‍ക്കാം"
"നീ ഇവടെ പുതിയതാ അല്ലേ?"
(വിനയത്തോടെ)"ഉവ്വ്"
"ഇവിടെ‍ എല്ലാ കൊല്ലവും പത്ത് ശതമാനം ജോലിക്കാരെ നിര്‍ബന്ധമായും പിരിച്ചു വിടും എന്നറിയാമോ?"
"ഉവ്വോ? അതെന്താ?"
"ഉപയോഗമില്ലാഞ്ഞിട്ട്. മിക്കവാറും അവര്‍ ബെഞ്ചേല്‍ ഇരിക്കുന്നവരാകും..ദേ വര്‍ഷം അവസാനിക്കാന്‍ പോകുന്നു."
"ഒഴിവ് എവടാന്നാ സാര്‍ പറഞ്ഞത്?"
"ഉല്‍‌സൂരില്‍..അമേരിക്കന്‍ ഭീമനാ..പോകുമോ?"
"പോണോ?" "പോണം"
"പോകാം"
"പോകൂ"

അങ്ങനെ ഞാന്‍ ഉല്‍‌സൂരിലെ അമേരിക്കന്‍ ഭീമന്‍ കമ്പനിയില്‍ വാടകക്ക് ജോലി ചെയ്തിരുന്ന ഞങ്ങളുടെ കമ്പനിയില്‍ നിന്നുള്ള റ്റീമില്‍ കയറി.

അമേരിക്കന്‍ ഭീമന്‍ കമ്പനി- ഐ.ഐ.ടി, ആര്‍.ഇ.സി, ബിറ്റ്സ് പിലാനി എന്നിവിടങ്ങളില്‍ നിന്നുള്ള ഘടാഘടിയന്മാര്‍‌, ചന്തയിലെ ഗുണ്ടകളെപ്പോലെ കമ്പ്യൂട്ടറെടുത്തിട്ട് പെരുമാറി പൊടിപാറിക്കുന്ന സ്ഥലം. യുവാക്കള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റില്‍ അടിച്ചുവാരാന്‍ വന്ന സുന്ദരിയായ യുവതിയെപ്പോലെ, നാണത്തോടെയും അല്പം ഭീതിയോടെയും ഞാന്‍ ആ ഓഫീസില്‍‍ വലംകാല്‍ വെച്ചു കയറി.
ഉള്ളത് പറയാമല്ലോ..എന്റെ കമ്പനിയില്‍ നിന്ന് അവിടെ കോണ്ട്രാക്റ്റിനു ജോലി ചെയ്യാന്‍ വന്നതാണ് എന്നു പറഞ്ഞാല്‍ ആ ഐ.ഐ.റ്റി ഗുണ്ടകള്‍ക്ക് ഇത്തിരി ആദരവാണ്. അവിടെ തന്നെ പണികള്‍ ചെയ്യുന്ന മറ്റു ചില കമ്പനികളിലെ ജോലിക്കാരനാണെന്ന് പറഞ്ഞാല്‍, മാത്യു ഹെയ്ഡന്‍, ദിനേശ് കാര്‍ത്തികിന്റെ ബൈസെ‌പ്സ് മസിലിലേക്ക് നോക്കുന്ന പോലെ പുശ്ചിച്ച ഒരു നോട്ടമാണ്! "അങ്ങോട്ട് മാറി നില്‍ക്ക് ചൂലേ, തൊട്ടശുദ്ധാക്കാതെ" എന്ന മട്ടില്‍!

പേരിലൊക്കെ തറവാട്ട് പേര് ചിലര്‍ ചേര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലായ സന്ദര്‍ഭമായിരുന്നു അത്. ‍

എന്റെ പ്രൊജക്റ്റ് ലീഡര്‍ ഫ്രം ഐ.ഐ.റ്റി. പ്രൊജെക്റ്റ് മാനേജര്‍ ഫ്രം ഐ.ഐ.എം. കൂടെയുള്ളവര്‍ ആര്‍.ഇ.സി.ആനന്ദലബ്ധിക്ക് വേറെന്തു വേണം! പിന്നെ എനിക്കു ഒന്നു മനസ്സു തുറക്കാന്‍‍ ആകെ കൂടി ഒരു ചപ്പടാച്ചി കന്നട കമ്പനിയില്‍‍ നിന്നും ഒരു സാധു തെലുങ്കനും. ഇല്ലത്തെ ജോലിയെല്ലാം കഴിഞ്ഞു വന്നു പിന്നാമ്പുറത്തിരുന്ന് അന്യോന്യം സങ്കടം പറയുന്ന വേലക്കാരിയേയും വിറക് വെട്ടുകാരനേയും പോലെ എല്ലാ സന്ധ്യകളിലും ഒഴിഞ്ഞ ക്യാന്റീനിലെ‍ മെഷീനില്‍ നിന്നും കാശിനു കൊള്ളാത്ത കാലിച്ചായ ഉണ്ടാക്കിക്കുടിച്ച് ഞങ്ങള്‍ സകല ഐ ഐ റ്റിക്കാരന്റേയും അപ്പന് പറഞ്ഞു.

എന്നു വെച്ചാല്‍ അമ്മാതിരി ബുദ്ധിമുട്ടായിരുന്നു അവിടെ ഒന്നു പിടിച്ചു നില്‍ക്കാന്‍!

പുതിയ സോഫ്റ്റ്വെയര്‍, അറിയാത്ത കുറേ റ്റെക്നോളജി, വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിലുള്ള ഡെഡ് ലൈന്‍സ്.....നിലാവത്തിറങ്ങിയ കോഴിയേപ്പോലെ അമേരിക്കന്‍ കമ്പനിയില്‍‍ ഞാന്‍ ചുമരുകളില്‍ ഇടിച്ചിടിച്ച് കറങ്ങി നടന്നു.
റ്റീം മീറ്റിംഗുകളില്‍ ഒന്നും മനസ്സിലാകാതെ വായപൊളിച്ച് ഇരുന്നപ്പോള്‍, തുണ്ടുപടമാണെന്ന് കരുതി, ഒസ്കാര്‍ അവാര്‍ഡ് കിട്ടിയ ഡയലോഗ് പടം "ഇം‌ഗ്ലീഷ് പേഷ്യന്റ്" കാണാന്‍ കയറിയപ്പോള്‍‍ തോന്നിയ വികാരമായിരുന്നു. (ങേ? ആ പടത്തില്‍‍ അത്യാവിശ്യം പീസ് ഉണ്ടെന്നോ? ആ സംവാദം നമുക്ക് പിന്നെയാകാം ഉണ്ണികളേ.)

മീറ്റിംഗുകളില്‍, ചില ചോദ്യങ്ങള്‍ എന്നോട് മാനേജര്‍ ചോദിക്കുമ്പോള്‍ , എല്ലാവരും എന്റെ ഉത്തരം കേള്‍ക്കാന്‍ തുറിച്ചുനോക്കിയിരിക്കുമ്പോള്‍, ഫോണിന്റെ അങ്ങേത്തലക്കല്‍ ഉള്ള അമേരിക്കന്‍ സായിപ്പ്, "ഈസ് സംബഡി ഗോയിംഗ് റ്റു ആന്‍‌സ്വെര്‍ മൈ ക്വസ്റ്റ്യന്‍?" എന്ന് മൂപ്പിക്കുമ്പോള്‍....കൂട്ടബലാത്സംഗത്തിനിരയാവുന്നവര്‍ക്ക് പീഡനം എത്ര കുറവാണ് സഹിക്കേണ്ടത് എന്ന് തോന്നിപ്പോകും!

ഇതിലൊക്കെ ഏറ്റവും പാര, ഐ.ഐ.എം മാനേജര്‍ ആയിരുന്നു. അമേരിക്കന്‍ കമ്പനിക്ക് ഇന്ത്യന്‍ കമ്പനിയിലുണ്ടായ അവിഹിതഗര്‍ഭത്തിന്റെ ഫലമാണ് ഞാന്‍ എന്നത് കൊണ്ടാവാം, അങ്ങേര്‍ക്ക് സകല സമയവും ഞാനെന്ത് ചെയ്യുന്നു എന്നറിയണം. എല്ലാ ദിവസവും എന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൊടുക്കണം പോലും! സ്റ്റാറ്റസ് വളരെ മോശം ഏമാനേ എന്നല്ലാതെ എന്ത് അപ്‌ഡേറ്റ് കൊടുക്കാന്‍! അതും ഒരു പൊടിക്കും മനസ്സിലാവാത്ത ഒരു പ്രൊജക്റ്റിന്റെ സ്റ്റാറ്റസ്.
എല്ലാ ദിവസവും ഒരു മൂന്നര നാലാകുമ്പോള്‍ ടിയാന്‍ എന്റെ സീറ്റിന്റെ പിന്നില്‍ പ്രത്യക്ഷപ്പെടും.

"അര്‍ബിന്ദ്, വാട്ടീസ് യുവര്‍ സ്റ്റാറ്റസ്?"
"ങ്ങ് അത്പിന്നെ‍...ഗോയിംഗ് ഓണ്‍ മദന്‍...ഐ വില്‍ ഫിനിഷ് ഇറ്റ് റ്റുഡേ"

പിന്നെ മൂപ്പിലാന്‍ പിന്നോക്കം ഒന്നു വളഞ്ഞു നിന്നിട്ട് അഞ്ചാറ് ചോദ്യമാണ്.

"ഡിഡ് യൂ മേര്‍ജ് ദ കാസ് സ്റ്റാക്ക് വിത്ത് ദി പി എച്ച് റ്റു ഡെലിവര്‍ ദ വേര്‍ഷന്‍ നയന്റി സെവന്‍ റ്റു പ്ലാന്റേഷന്‍ റ്റുമോറോ?"
"....."
"ഡിഡ് യൂ അപ്ഡേറ്റ് ദി കോണ്‍ഫിഗ് സ്പെക് റ്റു ഗെറ്റ് ദി ലേറ്റസ്റ്റ് സ്ലീ വേര്‍ഷന്‍ വേര്‍ ദേ ഹാവ് റിലീസ്ഡ് എ ന്യൂ എ പി എസ്സ് വേഷന്‍?"
".............."
"വാട്ടീസ് യുവര്‍ എ പി എസ് ലൈന്‍? ആര്‍ യൂ യൂസിംഗ് ദി ലേറ്റസ്റ്റ് ഫീച്ചര്‍ വേര്‍ഷന്‍/ ഈസ് ഇറ്റ് ദി എയിറ്റി ഫൈവ് ലൈന്‍?"

നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ? ങാ, എനിക്കും ഏതാണ്ട് അത്രയൊക്കെയേ മനസ്സിലാകുമായിരുന്നുള്ളൂ.

സ്റ്റാറ്റസ്സ് ചോദിക്കുമ്പോള്‍ വിഷണ്ണനായി, ദയനീയത പരമാവധി മുഖത്ത് വരുത്തി, പണ്ട് റാഗിംഗ് നേരിടാന്‍ സീനിയേര്‍സിന്റെ മുന്നില്‍ നിന്നപോലെ നിന്നു നോക്കിയിട്ടും ഐ ഐ എമ്മിന് ഒരു കുലുക്കവുമില്ല.
കണ്ണില്‍ ചോരയില്ലാത്ത കാപാലികന്‍.

"ഏയ് ഇങ്ങനെ പോയാല്‍ ശരിയാവില്ല, നിങ്ങളുടെ‍ കമ്പനിക്കാര്‍ കുറച്ചു കൂടി ഉഷാറാവണം" എന്ന് അങ്ങേര്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഒരു പത്തു ശതമാനത്തിന്റെ കണക്ക് മനസ്സിലെവിടെയോ മുഴങ്ങുകയും, ഈ കാലമാടന്‍ മാനേജറുടെ അടുത്ത് ഇങ്ങനെ പാവം കളിച്ച് നിന്നാല്‍ ഉടന്‍ തന്നെ നാട്ടില്‍ പഴങ്കഞ്ഞിയും കുടിച്ച് പറമ്പില്‍ കൂടി നടക്കാം എന്നു മനസ്സിലായി.
സംഗതി, എന്റെ പ്രൊജെക്റ്റിന് ഒരു കുഴപ്പവും ഇല്ല. എന്റെ പ്രൊജെക്റ്റ് ലീഡറിന്, എന്നെക്കുറിച്ച് ഒരു പരാതിയുമില്ല. പ്രൊജെക്റ്റില്‍ അത്യാവിശ്യം ചെയ്യേണ്ട കുഴപ്പം പിടിച്ച പണികളോ, ഫിക്സ് ചെയ്യേണ്ട ബഗ്ഗുകളോ ഇല്ല-എന്നിട്ടും മുറുമുറുപ്പ് മാനേജര്‍ക്ക്. എന്നും വൈകുന്നേരം വന്ന് എന്തൊക്കെയോ കണുകുണാ ചോദിക്കുന്നു...അതിനുത്തരം പറഞ്ഞില്ലെങ്കില്‍ എന്തോ മഹാവിപത്ത് സംഭവിച്ചത് പോലെ തലയും കുലുക്കി നടന്നു പോകുന്നു.

ഇവനൊക്കെയെവട്‌ന്ന് വരണടേയ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മൂപ്പര്‍ക്കും തോന്നിയിരിക്കും.

താമസിയാതെ ഈ റാഗിംഗ് ഇങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് എനിക്ക് തോന്നി. മോശം നമുക്ക് മാത്രമല്ല, നമ്മക്ക് പച്ചരി വാങ്ങാന്‍ കാശ് തരുന്ന കമ്പനിക്ക് കൂടിയാണേ.
സാധാരണ പോലീസ് ഏമാന്‍ പോക്കറ്റടിക്കാരന്റെ വീട്ടില്‍ വന്ന് "രാജപ്പന്‍ ഇല്ലേടീ ഇവടെ" എന്നു ചോദിച്ചാല്‍ രാജപ്പന്‍ എന്താണ് ചെയ്യുക? എവിടെയെങ്കിലും മാറി നിന്നിട്ട്, രാജപ്പന്‍ വീട്ടിലില്ല എന്നു പറയാന്‍ രാജമ്മയെ(രാജപ്പന്റെ ഭാര്യ) ചട്ടം കെട്ടും.അല്ലേ?
അതുപോലെ, മാനേജര്‍മറുതാ എന്നും സ്റ്റാറ്റസ്സ് ചോദിക്കാന്‍ ഇറങ്ങുന്ന നേരം സീറ്റില്‍ നിന്ന് അല്പനേരം മാറി നിന്നാല്‍ സംഗതി സോള്‍വാകും എന്ന് എനിക്കും തോന്നി. ഇരയെ കണ്ടു കിട്ടിയില്ലെങ്കില്‍ കുറച്ചു നേരം ചുറ്റിക്കറങ്ങി വേരെ ഏതെങ്കിലും വാടക ജോലിക്കാരനെ പേടിപ്പിച്ചിട്ട് ശല്യം വീട്ടില്‍ പൊയ്കോളും എന്നുറപ്പായിരുന്നു.
എവിടേയ്ക് മുങ്ങും? ക്യാന്റിനില്‍ പറ്റില്ല. വേറെ പലരും കാണും. ചിലപ്പോള്‍ ഈ മറുതാ തന്നെ ചായയും ബോണ്ടയും കഴിക്കാന്‍ അവിടെ വന്നുകൂടെന്നില്ല. എന്നാള്‍ പിന്നെ ബോണ്ടക്ക് തൊടാന്‍ അയാള്‍‍ "അരവിന്ദ് കിച്ചടി"‍ തരമാക്കും. ലൈബ്രറി? ഏയ്...ബുക്ക് കണ്ടാല്‍ തന്നെ എനിക്ക് തുമ്മല്‍ വരും..മാത്രമല്ല, അവിടെ നിന്നെങ്ങാനും വരുന്നത് കണ്ടാല്‍ പണിയെടുക്കാതെ മാഗസിനുകളും വായിച്ച് നടക്കുകയാണെന്നും കരുതും. പാര്‍ക്കിംഗ്? വണ്ടിയില്ലാതെ തെണ്ടിനടക്കുന്നവന് അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗില്‍ എന്തുണ്ട് കാര്യം? സെക്യൂരിറ്റി ചേട്ടന്മാര്‍ പ്രശ്നമുണ്ടാക്കിയേക്കും.

സ്വച്ഛസുന്ദരവും, നിത്യമോഹനവുമായ, മണിക്കൂറുകള്‍ ഇരുന്നാലും യാതൊരു വിധത്തിലും ആര്‍‌ക്കും ഒരു കുറ്റവും കുറവും പറയാന്‍ പറ്റാത്ത, മുങ്ങാന്‍ പറ്റിയ ഒരു സ്പോട്ട് പെട്ടെന്ന് എന്റെ മുന്‍പില്‍ തെളിഞ്ഞു.

കക്കൂസ്.

സത്യത്തില്‍ ഈ കക്കൂസ് മുങ്ങല്‍ വിദ്യ പണ്ട് പണ്ടേ വീട്ടില്‍ പയറ്റി ഞാന്‍ വിജയിച്ചിട്ടുള്ളതാണ്. വര്‍ഷങ്ങളുടെ പാരമ്പര്യവും, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസവുമുള്ള മുങ്ങല്‍ വിദ്യ.

പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ അവധിക്ക് നാട്ടില്‍ വന്ന അച്ഛന്‍ എനിക്ക് ഇന്ത്യയുടെ നാലുദിക്കുകള്‍ ഏതൊക്കെ എന്ന മഹാവിജ്ഞാനം ഉപദേശിച്ച് തരാന്‍ തീരുമാനിക്കുകയും, ഒരു വടിയും പിന്നെ എന്നേയും എടുത്ത് കൊണ്ട് പിന്നിലെ ചായ്പ്പില്‍ പോയി ഇരുപ്പാവുകയും ചെയ്തു. അച്ഛന്‍ എത്ര തവണ പറഞ്ഞിട്ടും "തെക്ക് ഇന്ത്യന്‍ മഹാസമുദ്രം, കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് ഹിമാലയം" (അങ്ങനെത്തന്നെയല്ലേ?) എന്ന് എനിക്കങ്ങോട്ട് പിടി കിട്ടുന്നില്ല. എന്തോന്ന് തെക്ക് എന്തോന്ന് വടക്ക്? പരിപ്പുവട തിന്ന് തെക്ക് വടക്ക് നടക്കേണ്ട പ്രായത്തില്‍ എന്തോന്ന് ചോക്രപി? മകന്റെ വഞ്ചിയിപ്പോഴും വടക്ക് കരക്ക് തന്നെ എന്നു മനസ്സിലാക്കിയ അച്ഛന്‍ കുറേശ കൈപ്രയോഗം തുടങ്ങി.
രംഗം വഷളാവുന്നു എന്നു കണ്ടപ്പോഴാണ്, കക്കൂസില്‍ പോണം എന്ന്, നിഷേധിക്കാന്‍ കഴിയാത്ത അരടിയന്തിരപ്രമേയം ഉന്നയിച്ച് ഞാന്‍ കക്കൂസിലേക്ക് മുങ്ങിയത്.
അതിനകത്ത് കയറി, ചെറിയ കിളിജനലിലൂടെ ചായ്പ്പിലേക്ക് നോക്കി നിന്നു. ചായ്പ്പിലിരുന്ന അച്ഛന്‍ എന്റെ ഭാഗത്തു നിന്നും ശബ്ദമൊന്നും കേള്‍‌ക്കാതെയിരുന്നപ്പോള്‍ പുരികം ചുളിച്ച് മെല്ലെ കക്കൂസിന്റെ പിന്‍‌ഭാഗത്ത് നിന്ന് ചെവി വട്ടം പിടിച്ചു. ഒന്നു ഞെട്ടിയ ഞാന്‍ മെല്ല, ഒരു മഗ്ഗ് വെള്ളമെടുത്ത് ക്ലോസെറ്റില്‍ ഒഴിക്കുകയും വായ കൈത്തണ്ടയോട് ചേര്‍ത്ത് വെച്ച് ഊതി, വികൃതമായ ഒരു ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു.

അച്ഛന്‍ വടി വലിച്ചെറിഞ്ഞ്, മൂക്ക് തിരുമ്മി, "ശോ പാവം" എന്ന മുഖഭാവത്തോടെ വേഗം എങ്ങോട്ടോ നടന്നു പോയി.

അച്ഛന്‍ പറ്റി. പിന്നെയാണ് ഐ ഐ എം. മാനേജര്‍. അങ്ങനെ നാലു മണിക്ക് സ്റ്റാറ്റസ് ചോദിക്കാന്‍ വരുന്ന മാനേജറെ ഒഴിവാക്കാന്‍ ഒരു മൂന്നമ്പതാകുമ്പോള്‍ ഞാന്‍ മെല്ലെ റ്റോ‌യ്‌ലെറ്റിലേക്ക് സ്കൂട്ടായി തുടങ്ങി. വെറും ഇരുപത് മിനിട്ട് അതിനകത്ത്-അതിനിടയില്‍ ധൂമകേതു പ്രദക്ഷിണം കഴിഞ്ഞ് പൊയ്കോളും. തിരിച്ചു വന്നാല്‍ പിന്നെ നേരം വൈകുവോളം സ്വസ്ഥമായിരുന്ന് ചാറ്റ് ചെയ്യാം..സോറി, ജോലി ചെയ്യാം.
എന്നും റ്റോയ്‌ലെറ്റില്‍ പോയി ചുമ്മാ കയറി കതകടച്ചിരിന്നു സമയം കൊല്ലുന്നതെങ്ങിനെ? അന്നുണ്ടായിരുന്ന "ഇടിക്കട്ട" നോക്കിയാ മൊബൈലിലെ "ടെട്രിസ്സ്" എന്ന ഗെയിം കളിച്ചു കൊണ്ടിരിക്കാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഏതായാലും അവിടം വരെ ചെന്നതല്ലേ എന്നു കരുതി കാര്യം കഴിക്കുകയും ചെയ്തു.‍

സത്യം പറയണമല്ലോ..യൂറോപ്പ്യന്‍ ക്ലൊസെറ്റ് അടച്ചിട്ട്, അതിന്റെ മുകളില്‍ ടിഷ്യൂ വിരിച്ച് വെറുതേയിരിക്കാന്‍ നല്ല സുഖമായിരുന്നു. എങ്ങും നിറഞ്ഞു നില്‍ക്കുന്ന മൂക ശാന്തത..അപ്പുറത്ത് നിന്നും ഫ്ലഷ് ചെയ്യുന്നതിന്റെ കളകളാരവം..നിശബ്ദതയെ ഭന്‍‌ജിച്ചുകൊണ്ട് ഇടക്കിടെ അപ്പുത്ത് നിന്ന് കളകൂജനങ്ങള്‍..ഭീതിയുയര്‍ത്തും വിധം ദൂരെ നിന്നെവിടെയോ മുഴങ്ങുന്ന വന്യ ഗര്‍ജ്ജനങ്ങള്‍..കാറ്റില്‍ ഒഴുകിയെത്തുന്ന സോപ്പിന്റെ സുഗന്ധം..ഇരുപത് മിനിട്ട് സമയം കൊല്ലാന്‍ ഇതില്‍‌പരം സെറ്റപ്പ് വേണോ!
ഇടക്ക് മൂക്കിന്റെ നെല്ലിപ്പലക പൊളിയുന്ന സൈസ് അത്യാഹിതങ്ങള്‍ അടുത്ത മുറികളില്‍ ഉണ്ടാവുമ്പോള്‍, മാളത്തില്‍ നിന്ന് പുകച്ച് ചാടിച്ച എലിയെപ്പോലെ പ്രാണവായുവിനായി ഓടിരക്ഷപെടേണ്ടി വന്നിട്ടുമുണ്ട്.

ഏതാണ്ട് ഒരു മാസം അങ്ങനെ പോയി. റ്റെട്രിസ്സില്‍ കളിക്കാന്‍ ലെവലുകളൊന്നും ബാക്കിയില്ലാതെയായി.

മാനേജര്‍ സീറ്റില്‍ എന്നെക്കാണാതെ ഇടക്ക് സ്റ്റാറ്റസ്സ് ചോദിച്ച് മെയിലയക്കാന്‍ തുടങ്ങി. അത് സാരമുള്ളതല്ല, മെയിലാണെങ്കില്‍ ആരോടെങ്കിലും ചോദിച്ചിട്ട് മറുപടി അയച്ചാല്‍ മതിയല്ലോ.

പക്ഷേ അത്ഭുതമെന്ന് പറയട്ടെ, ഇതിനിടെ അരവിന്ദന്‍ മെല്ലെ മെച്ചപെടാന്‍ തുടങ്ങിയിരുന്നു..പലരോടും ചോദിച്ചും, മെയിലയച്ചും, ശനിയാഴ്ച ഒറ്റക്കൊഫീസില്‍ വന്നും വീട്ടിലിരുന്നു വായിച്ചും, മെല്ലെ മെല്ലെ ഓഫീസില്‍ ചെയ്യുന്ന മഹാസംഭവം അരവിന്ദന്‍ പഠിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. പഠിക്കും തോറും മാനേജറുടെ ഭാഷ മനസ്സിലാക്കാന്‍ അമേരിക്കന്‍ കമ്പനിയില്‍ സാധാരണയുപയോഗിക്കുന്ന പേരുകള്‍ അറിഞ്ഞിരിക്കേണ്ട കാര്യമേയുള്ളൂവെന്നും, സോഫ്റ്റ്വെയറിന്റെ ചോരക്ക് എവിടേയും നിറം ചുവപ്പ് തന്നെയെന്നും മനസ്സിലായി വന്നു.

പ്രൊജെക്റ്റ് ലീഡര്‍ക്ക് അരവിന്ദന്‍ പ്രിയങ്കരനായി. വലം കൈയ്യായി. എന്റെ പണിമിടുക്ക് കണ്ടാണോ, അതോ എന്നും ചായ കുടിക്കാന്‍ പോകുമ്പോള്‍‍ മൂപ്പര്‍ വാങ്ങുന്ന ഹല്‍‌ദിറാമിന്റെ ഖട്ടമീട്ടാ മിക്സ്ചറിന്റെ പൈസ ഞാന്‍ തന്നെ കൊടുത്തത് കൊണ്ടാണോ എന്നെനിക്കുറപ്പില്ല-ഇന്നും.

താമസിയാതെ ഞാന്‍ കക്കൂസില്‍ പോകല്‍ നിര്‍ത്തി- അയ്യേ അതല്ല. മുങ്ങലിന്റെ കാര്യാ ഉദ്ദേശിച്ചത്. വഴിയിലെവിടെയോ എന്തു കൊണ്ടോ, റാഗിംഗ് മടുത്തിട്ടാകാം, മാണേജറിന്റെ വരവും നിന്നു പോയി. ഉരുളക്കുപ്പേരി കൊടുക്കാറായപ്പോഴേക്കും ചോറു തീര്‍ന്നു പോയിരുന്നു എന്നു സാരം.

* * *

മാസങ്ങള്‍ കഴിഞ്ഞ് പ്രൊജക്റ്റ് സംബന്ധമായി എന്റെ റ്റീമിന് അമേരിക്കയിലെ റ്റീമുമായി ഒരു എമെര്‍ജെന്‍സി മീറ്റിംഗ്. വിചാരിച്ചതു പോലെ പ്രൊജെക്റ്റ് നടന്നില്ല. ഡിലേ ഉറപ്പ്. ക്വാളിറ്റിയും പല കാരണങ്ങളാല്‍ അമ്പേ മോശം. അങ്ങൊട്ടുമിങ്ങോട്ടും പഴി ചാരാന്‍ ഇരു കൂട്ടരും ആരോപണശരങ്ങള്‍ മൂര്‍ച്ച കൂട്ടി വെച്ചിരിക്കുന്നു. എന്തായാലും സായിപ്പിന്റെ തെറി ഞങ്ങള്‍‌ക്ക് ഉറപ്പ്. എങ്കിലും ശക്തമായി പോരാടാന്‍ ഞാനും എന്റെ പ്രൊജെക്റ്റ് ലീഡറും തയ്യാര്‍. മീറ്റിംഗ് റ്റേബിളില്‍ ചോര പൊടിയും എന്ന് കണിശം. ചായ കുടിച്ച് ബണ്ണും തിന്ന് കണ്ഠം ശുദ്ധമാക്കി ഞാനും ലീഡറും ഫോണിന്റെ ഇടം വലം ഇരുന്നു. മീറ്റിംഗ് തുടങ്ങാന്‍ രണ്ട് മിനിറ്റ്. മറ്റു റ്റീമംഗങ്ങള്‍ മുന്നില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് സപ്പോര്‍ട്ടിനായി പിന്‍‌നിരയില്‍ സുസജ്ജം. ഇനി ഒരാള്‍ കൂടെ വന്നാല്‍ യുദ്ധം ആരംഭിക്കാം.

വരാനുള്ള ആള്‍, ഞങ്ങളുടെ മാനേജര്‍ മദന്‍..എം ബി എ ഫ്രം ഐ ഐ എം.

പ്രൊജെക്റ്റ് ലീഡര്‍ മേനേജറുടെ എക്സ്റ്റെന്‍ഷനില്‍ വിളിച്ചു നോക്കി..എടുക്കുന്നില്ല.
മൊബൈലില്‍ വിളിച്ചു..എടുക്കുന്നില്ല. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തു.

അല്പ നേരത്തെ ഓകെ ഓകെയ്കു ശേഷം ലീഡര്‍ ഒരു ചിരിയോടെ ഫോണ്‍ കട്ടാക്കി.

"നമുക്ക് മീറ്റിംഗ് തുടങ്ങാം..." ലീഡര്‍ എന്നോട് പറഞ്ഞു.
"മദന്‍?"
"മൂപ്പര്‍ക്ക് വയറിന് സുഖമില്ലത്രേ...റ്റോയ്‌ലെറ്റിലാ....താമസിച്ചേ വരൂ."

റൂമില്‍ അടക്കിയ ചിരികള്‍.

"ഇത് മദന്റെ സ്ഥിരം പരിപാടിയാ..പണ്ടു തൊട്ടേ..അമേരിക്കയിലെ സായിപ്പ് ദേഷ്യപ്പെട്ട് മീറ്റിംഗ് വിളിച്ചാല്‍ മൂപ്പര്‍ക്ക് ഉടന്‍ വയറിളകും."

ലീഡര്‍ വിശദീകരിച്ചു. ഞങ്ങളെല്ലാവരും ചിരിച്ചു. ഇല്ല, ഞാന്‍ ചിരിച്ചില്ല.

ദൈവമേ അങ്ങ് വലിയവന്‍ എന്നു മനസ്സില്‍ പറഞ്ഞ്, കൈയ്യൊന്ന് കൂട്ടിത്തിരുമ്മി, സ്പീക്കര്‍ ഫോണിനടുത്തേക്ക് കസേര വലിച്ചിട്ട് ഞാന്‍ പറഞ്ഞു.

" ദെന്‍, ലെറ്റ്സ് സ്റ്റാര്‍ട്ട്".


വാല്‍ക്കഷ്ണം : അമേരിക്കന്‍ കമ്പനി പുറത്ത് നിന്ന് ആളെയെടുക്കന്നതിനോട് മാനേജര്‍‌ക്ക് ഭയങ്കര എതിര്‍പ്പായിരുന്നുവത്രേ...വന്ന് വന്ന് പ്രൊജക്റ്റ് മൊത്തമായി ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടപ്പെടുമോ എന്ന ഒരു പേടി ആയിരുന്നുവത്രേ. ആ ഒരു ഈര്‍ഷ കാരണമായിരുന്നു എന്റെ പിഞ്ചു ഹൃദയത്തിന് അദ്ദേഹത്തിന്റെ അണോഫിഷ്യല്‍ റാഗിംഗ് നേരിടേണ്ടി വന്നതത്രെ.
അക്കാലഘട്ടത്തില്‍ എന്നെ അകമഴിഞ്ഞ് സഹായിച്ച, ചില ഒടുക്കത്തെ ഐ ഐ ടി ബുദ്ധിമാന്മാരോടൊഴിച്ച് ബാക്കി ആര്‍ ഇ സി, ബിറ്റ്സ് പിലാനി കാളികൂളികളോട് ഇടിച്ച് നില്‍ക്കാന്‍ ആം‌പിയര്‍ ഉണ്ടാക്കിത്തന്ന ലോകമെങ്ങുമുള്ള എന്റെ എല്ലാ കൂട്ടുകാര്‍‌ക്കും....

ഫ്രം ദ ഹാര്‍ട്ട് ഓഫ് മൈ ബോട്ടം..അയ്യേ ഛെ തെറ്റി..ഫ്രം ദ ബോട്ടം ഓഫ് മൈ ഹാര്‍ട്ട്..ഞാന്‍ ഇവിടെ നന്ദി പറയുന്നു.

അങ്ങനെ അധികം കുഴപ്പമില്ലാതെ സ്മൂത്തായി ജീവിതം പോകുമ്പോളായിരുന്നു ആ സുന്ദരി എന്റെ ജീവിതത്തിലേക്ക് കയറി വന്നത്. മനം മയക്കുന്ന ആകാരവടിവോടെ, നാണത്തോടെ എന്റെ മുന്നില്‍ ചരിഞ്ഞു നിന്ന, നെറ്റിയില്‍ ചുവന്ന കുറി തൊട്ട, മിതഭാഷിയായ , ഒരു കറുത്ത സുന്ദരി..ഒരു സെക്കനാന്റ് കൈനറ്റിക്ക് ഹോണ്ട.

(തുടരും)

Wednesday, January 16, 2008

ബഞ്ചി

ദെന്ത് ചേട്ടാ, കാലിമ്മേ കയറ് കെട്ടീട്ട് കീപ്പട്ട് ചാട്‌ണാ?

തന്നീ. ബഞ്ചി ബഞ്ചി.

ബോഞ്ചിയാ

ബഞ്ചി. ഇവനെവട്ന്ന് വരണടേയ്

തള്ളേ ആ കയറ് പൊട്ടിപ്പോവൂലേ അണ്ണാ

ഇല്ലഡേയ്..ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് കയറല്ലീ. പോരാഞ്ഞ് നെന്റെ കാലിനെടേകൂടെ നെഞ്ചത്തും കക്ഷത്തിലും വേറൊരു കെട്ടും കെട്ടും..നല്ല സ്റ്റ്റാങ്ങ് കയറാണ് ചെല്ല.

ദൈവമേ കണ്ടിട്ട് തല മിന്നണ്. എന്നാലും ഒന്നു പൊട്ടിയാല്‍ പിന്നെ പാറേന്ന് ചൊരണ്ടിയെടുക്കേണ്ടി വരൂലേ അണ്ണാ

പോടേയ് പോടേയ് പേടിയാണേ നീ മാറി നില്ല്, പിന്നി നിക്കണ ആ മറുതായേ കടത്തിവിട്, യവന്‍ ചാടട്ട്‌

ചാടാന്‍ എത്രേണ്ണാ

എഴുന്നൂറ് റാന്‍‌ഡെട്

എന്റമ്മേയ് എഴുന്നൂറാ? മൂവായിരത്തഞ്ഞൂറ് രൂപാ !

പിന്നെ ഫോട്ടം വീഡിയോ അതിന് വേറെ ഇരുന്നൂറട്

അണ്ണാ അന്യായവെല..വെറുതേ പാലത്തേന്ന് ചാടാന്‍ ഇത്രേ കായാ?

ടേയ്, ഈ പാലത്തിന്റെ പേരെന്നാന്നറിയാവാ?

ഞും ഞും

ബ്ലൂഖ്രാന്‍‌സ്

അണ്ണന്‍ കാര്‍ക്കിച്ചതാണാ?

നീയെന്റെ കൈയ്യീന്ന് പിച്ച് മേടിക്കും. എഡാ ഇതാണ് ലോകത്തിലെ ഏറ്റം ഉയരം കൂടിയ ബഞ്ചി ചാടണ സ്ഥലം..

ഏറ്റം ഉയരം കൂടിയ?

തന്നീ..ദാ ആ ചൊമരുമ്മേ ഇരിക്കണ് ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടീറ്റ്.

എറിപ്പണ്ണാ എറിപ്പ്. അണ്ണനെ സമ്മതിച്ച്

അപ്പോ പിന്നെ കായ് ഇത്തിരി കൂടിയാലെന്നടേയ് പ്രശ്നം

എന്നാലും വെറുതേ പാലത്തീന്ന് ചാടണേന് അണ്ണന്‍ ഇത്രേം കായ് വാങ്ങണത് മോശണ്ണാ

ടേയ് കായ് പാലത്തീന്ന് ചാടാനല്ല

പിന്നെ?

നീയൊക്കെ കടച്ചക്ക പോല് താഴോട്ട് പോയി‍ പാറേല്‍ പറ്റാതെ പിന്നോട്ട് പിടിക്കാനായിറ്റ്

എന്നാലും കൂടുതലാ അണ്ണാ, ഒന്നു താഴ്ത്തിപ്പിടിച്ചാ ഞാന്‍ ചാടും

നീയെവട്‌ന്ന്

ഇന്ത്യാ..കേരള കേരള

മാറി നില്ലെടേയ് എന്റെ സമയം കളഞ്ഞ് നെനക്കൊന്നും ആം‌പിയറില്ല.പേടിത്തൂറന്മാരുടെ സ്ഥലം

അണ്ണാ..

പോടേയ്

ഇന്നാ കായ് പിടി
പിടിച്ചു
ചീട്ട് കീറ്
കീറി
കാലി കെട്ട് (മുറുക്കി കെട്ടണേ)
കെട്ടി
എടുത്തോണ്ട് പോയി അറ്റത്ത് ചരിച്ച് നിര്‍ത്തീ

അതിനു മുന്നി നീയിവടെ ഒന്നൊപ്പിട് ചെല്ലാ

എന്നായിത് അണ്ണാ ആപ്ലിക്കേഷന്‍ ഫാറമാ?

അല്ലെടേ ഇത് നീ താഴെപ്പോയി പഴമായാല്‍ നീ തന്നെ ഉത്തരവാതി എന്നെഴുത്യേക്കണ് കടലാസ്സ്

അണ്ണാ ഇത് നേരത്തെ പറയാര്ന്ന്

ചുമ്മാ ഒപ്പിട്ട് പോയി ചാടറേ

ഒപ്പിട്ട്..ഇനി എന്നെ കൊണ്ടു പോയി അറ്റത്ത് കുത്തി നിര്‍ത്തീ
നിര്‍ത്തി

അണ്ണന്‍ മെല്ലെയൊന്നുന്ത്

പോടേ എന്നിട്ട് വേണം കൊലക്കുറ്റത്തിന് ഞാന്‍ കോടതി നെരങ്ങാന്‍‌‍

ഞാന്‍ തന്നെ ചാടണാ?

വേണം

കൊടല് മറിയുവോ അണ്ണാ

ഫൈവ് ഫോര്‍ ത്രീ ടൂ....

നില്ല് നില്ല് എന്തോന്നിത് അണ്ണാ റോക്കറ്റ് വിടാന്‍പോണാ?

എഡേയ് ഇത് കൊഉണ്ട് ഡൊഉണ്‍ ആണ്..സീറൊയ്ക് മുന്‍പ് നീ ചാടീരിക്കണംഇല്ലേ

ഇല്ലേ?

നിന്റെ കാശ് പോയി, വീട്ടി പെയ്യൂടണം.


കാശ് പോവേ? സ്വാമിശരണം ഞാന്‍ ദേ ചാടി


യെവന്റെ ഒരു കാരിയം..പോണെ പോക്ക് കണ്ടില്ലേ.





Sunday, October 07, 2007

ഓള്‍ ഇന്ത്യാ മേടിക്കല്‍ എന്‍‌ട്രന്‍സ്

ഞാന്‍ പ്രീഡിഗ്രി പാസ്സായ കാലത്ത് മെഡിക്കല്‍ കോളേജിലൊരു മെഡിക്കല്‍ സീറ്റ് ഇന്നത്തെ കണക്ക് മേടിക്കാന്‍ ലഭ്യമല്ലായിരുന്നതിനാലും, സീറ്റിന് പകരം ആവശ്യത്തിനുള്ള മെഡിസിന്‍ വാങ്ങിക്കാനുള്ള സ്വാതന്ത്ര്യമേ അന്നത്തെ സാമ്പത്തികശേഷി അനുവദിച്ചിരുന്നുള്ളൂ എന്നിരുന്നതിനാലും , ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍‌ട്രന്‍സ് ഞാന്‍ പഠിച്ച് എഴുതിയെടുക്കണം എന്നുള്ളത് ഒരു വലിയ മോഹമായിരുന്നു-എന്റെ അമ്മയുടെ.

അമ്മയുടെ ആഗ്രഹമല്ലേ, അതില്‍ പകുതിയെങ്കിലും സാധിച്ചു കൊടുക്കാം എന്നു കരുതിയാണ് തിരുവനന്തപുരം വരെ പോയി ഈ പരീക്ഷ വെറുതെ ഒന്നു എഴുതാമെന്ന് കരുതിയത്.
അല്ലാതെ , തിരുവനന്തപുരത്ത് പരീക്ഷയെഴുതാനെന്നും പറഞ്ഞ് പോയി, നവോദായിലെ കൂട്ടുകാരോടൊപ്പം പരീക്ഷക്ക് തലേന്നു രാത്രിയും, പരീക്ഷ കഴിഞ്ഞിട്ടാ ദിവസം തിരുവല്ലക്കുള്ള ലാസ്റ്റ് ബസ്സ് സ്റ്റാന്‍ഡ് വിടും വരെയും അര്‍മ്മാദിക്കാം എന്നു വിചാരിച്ചിട്ടേയല്ലായിരുന്നു.

തിരുവനന്തപുരം പോയിട്ട്, തൃശൂരിന്റെ ഇപ്പുറം തെക്കോട്ട് പരിചയമില്ലാത്ത 'മലപ്പുറം കാക്ക' മൊയ്തീന്‍‍, പരീക്ഷക്ക് രണ്ട് ദിവസം മുന്‍പ് തന്നെ "തെക്കന്‍ ലോക്കല്‍" ആയ എന്റെ വീട്ടില്‍ വന്നു തമ്പടിച്ചിരുന്നു-കമ്പയിന്‍ഡ് സ്റ്റഡി എന്ന പേരില്‍. സൊറപറയലുകളുടെ ഇടവേളകളില്‍, ബ്രില്ല്യന്റ് ഇന്‍‌സ്റ്റിറ്റ്യൂട്ടിന്റെ തടിച്ച മെഡിക്കല്‍ എന്‍‌ട്രന്‍സ് കോച്ചിംഗ് ഗൈഡുകളുടെ പിന്‍‌ചട്ടകളില്‍ കളം വെട്ടി കളിക്കുമ്പോള്‍,‍ "ഓപറേഷന്‍ തിരുവനന്തപുരം" മാസ്റ്റര്‍ പ്ലാന്‍ ഞങ്ങള്‍ കമ്പയിന്‍ഡ് ആയി തയ്യാറാക്കി.

പരീക്ഷയുടെ മൂന്നു മണിക്കൂര്‍ ഒഴിച്ചു ബാക്കി സമയം ആകാവുന്നത്ര പടം കാണുക-ലേറ്റസ്റ്റ് മോഹന്‍ലാല്‍ മമ്മുക്ക പടങ്ങള്‍, പിന്നെ കേക്കിനു മുകളില്‍ ഐസിംഗ് പോലെ "എം.എ.ധവാന്‍, പി.എ.കരണ്‍ " ടൈപ്പ് പടങ്ങള്‍ ഒന്നുരണ്ടെണ്ണം-പിന്നെ ഹോട്ടലില്‍ കയറി ആകാവുന്നത്ര തിന്നുക. ഇത്രേയുള്ളൂ യാത്രാ ഉദ്ദേശ്യം.

ജയന്‍, സുരേഷ് ബാബു, ഷംസു, ഷബീറലി, ഷാജി, ലാല്‍, നിസാറ് എന്നിങ്ങനെ ടീമിലെ ടോപ്പ് പ്ലെയേര്‍സ് ഓള്‍റെഡി സിറ്റി മാപ്പ്, തീയെറ്റര്‍ ലൊക്കേഷന്‍, കളി സമയം എന്നിവ പ്ലാന്‍ ചെയ്തു ഫുള്‍ ട്രിപ്പ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നുവത്രേ! ആക്രാന്തം മൂത്ത് അവന്മാര്‍ താമസിക്കാന്‍ സ്റ്റേ പോലും അറേഞ്ച് ചെയ്തിട്ടില്ല, റെയില്‍‌വേ സ്റ്റേഷനില്‍ സെക്കന്റ് ഷോ കഴിഞ്ഞ് കിടന്നുറങ്ങനാണത്രേ പ്ലാന്‍!

ഇങ്ങനെ കയറും പൊട്ടിച്ച് , "അര്‍മാദത്തിനിടേലാ പരീക്ഷകച്ചവടം" എന്ന രീതിയില്‍ തിരുവനന്തപുരം കാണാനിറങ്ങിയവരുടെ കൂട്ടത്തില്‍ എങ്ങനെങ്കിലും ചെന്നു പറ്റിയാല്‍ മതി എന്നുവച്ചിരിക്കുമ്പോഴാണ് അമ്മ ഞങ്ങളുടെ സ്വപ്നങ്ങളുടെ അന്തര്‍വാഹിനിക്ക് (അകത്ത് കൊണ്ടു നടക്കുന്ന സ്വപ്നങ്ങള്‍ എന്ന്!)ചോട്ടില്‍ ടോര്‍പ്പിഡോ പൊട്ടിച്ചത്!

ഞങ്ങളുടെ സ്റ്റേ, ഭക്ഷണം, പരീക്ഷാ ഹാളിലേക്ക് പോകല്‍, തിരികെ വരല്‍, റെയില്‍‌വേ സ്റ്റേഷനില്‍ സ്വീകരണം, യാത്രയയപ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും പണ്ട് മലപ്പുറത്ത് അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ജമീല റ്റീച്ചറേയും, കണവന്‍ കമാല്‍‍ മാഷെയും ഏല്‍‌പ്പിച്ചിരിക്കുന്നുവത്രേ!

രണ്ടാഴ്ച മുന്‍പ് തന്നെ അമ്മ റ്റീച്ചര്‍ക്ക് കത്തെഴുതിയെന്നും, അതിന് മറുപടിയായി, "ഓ-കെ, മകനെ ഇങ്ങടയക്കൂ..സ്വന്തം മകനെപ്പോലെ നോക്കി, രണ്ടീസം കൊണ്ട് നിരപ്പാക്കിത്തരാം" എന്നുള്ള മറുപടി അന്നു വന്നുവെന്നും അമ്മ ഞങ്ങളുടെ കെട്ടുമുറുക്കി യാത്രക്ക് തൊട്ടു മുന്‍പുള്ള ദിവസം പറഞ്ഞപ്പോള്‍ ; "ഡേഷേ നിന്റെ കൂടെ കൂടി എന്റെ ജീവിതവും കുളമായി..ഇനി ആ നൂണ്‍ഷോകള്‍ എപ്പോ കാണാനാണ് തെണ്ടീ,അതിനാര് സമാധാനം പറയും! " എന്ന മട്ടില്‍ മൊയ്തീന്‍ എന്നെ ഒരു നോട്ടം നോക്കി.

ഏയ്..പരിപാടിയില്‍ ചെറിയ മാറ്റം വന്നാലും സാരല്ല, നമ്മള്‍ കമാല്‍ മാഷിന്റെ വീട്ടില്‍ പോയി ബേഗ് വയ്കുന്നു, നേരെ ഓട്ടോ പിടിച്ച്പോയി മച്ചാന്മാരുടെ കൂടെ ചേരുന്നു. പിന്നെ വൈകുന്നേരം ഉറങ്ങാന്‍ ചെന്നാല്‍ മതിയല്ലോ. പരീക്ഷ കഴിഞ്ഞാലും മാഷുടെ കൂടെ പോകണ്ട. പരീക്ഷക്ക് പോകുമ്പോഴേ ബേഗും എടുത്തിറങ്ങാം..പരീക്ഷ കഴിഞ്ഞതും നേരെ തിരികെ പോകണം, മാഷ് യാത്രയയപ്പിന് വരണ്ടാ എന്ന് പറഞ്ഞാല്‍ മതിയല്ലോ..പിന്നെ അര്‍മാദിച്ചൂടെ!- എന്നൊക്കെ പറഞ്ഞ് ഞാന്‍ മൊയ്തീനേയും എന്നെത്തന്നെയും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാഷിനെ ഞാന്‍ പണ്ടെങ്ങോ കണ്ടതാണ് . ജമീല റ്റീച്ചര്‍ ഇടക്ക് മലപ്പുറത്ത് വീട്ടില്‍ വരാറുണ്ടായിരുന്നു , പക്ഷേ മാഷിന്റെ മുഖപരിചയം കുറവാണ്.. അതു കൊണ്ട് തന്നെ തമ്പാനൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഞാനൊന്ന് പരുങ്ങി. പ്ലാറ്റ് ഫോമില്‍ ജനസാഗരം. എന്‍‌ട്രന്‍സ് എഴുതാന്‍ വന്ന പിള്ളേരേം രക്ഷിതാക്കളേയും കൊണ്ട് സ്റ്റേഷന്‍ നിറഞ്ഞിരിക്കുന്നു. കമാല്‍ മാഷിനെ എവിടെപ്പോയി കണ്ടു പിടിക്കാനാണ്!

അഞ്ച് മിനിട്ട് ഞങ്ങള്‍ അങ്ങനെ പ്ലാറ്റ് ഫോറത്തില്‍, മദിരാശിയിലിറങ്ങിയ ദാസനേയും വിജയനേയും പോലെ നിന്നപ്പോള്‍ ഒരു മദ്ധ്യവയസ്കഗഡി ഞങ്ങളുടെ നേരെ വന്ന് കൈ നീട്ടി.
"ഹലോ..ഞാന്‍ ഇവടെ വെയിറ്റ് ചെയ്യാരുന്നു...മുഷിഞ്ഞോ?"
ഭാഗ്യം..മാഷ് എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
"ഏയ്..." ഞാന്‍ ചിരിച്ചു, എന്നിട്ട് മൊയ്തീനെ പരിചയപ്പെടുത്തി.
"ഉവ്വ്..ഗോപാലകൃഷ്ണന്‍ എഴുതിയിട്ടുണ്ടായിരുന്നു" അദ്ദേഹം പറഞ്ഞു.
ങേ?ഗോപാലകൃഷ്ണനാ? എന്റെ അമ്മയല്ലേ എഴുത്ത് എഴുതിയത്? അതോ ഇനി അച്ചന്റെ പേര് വെച്ചാണോ എഴുതിയത്? ബൈ ദ ബൈ, അച്ഛന്റെ പേരും ഗോപാലകൃഷ്ണന്‍ എന്നല്ലല്ലോ....ഏതായാലും നല്ല പേരല്ലേ..പോട്ട്..മാഷിന് തെറ്റിയതാകും. ഞാന്‍ മനസ്സിലോര്‍ത്തു.
"ഓ ശരി" ഞാന്‍ ചിരിച്ചു.
"വരൂ..വീട്ടിലേക്ക് പോകാം" മാഷ് മുന്‍പേ നടന്നു.
ഓവെര്‍ഹെഡ് ബ്രിഡ്ജിലൊക്കെ ഭയങ്കര തിരക്ക്..എല്ലാവരും പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥികളും പരിവാരങ്ങളുമാണ്..ഈശ്വരാ..തീയേറ്ററില്‍ ടിക്കറ്റ് കിട്ടാതെ വരുമോ..എന്റെ ചങ്ക് പിടച്ചു.
"ഒറ്റ ഹോട്ടല്‍ റൂം കിട്ടാനില്ല...ഫുള്‍ ബുക്ക്‌ ഡാ..വളരെ കഷ്ട്ടപ്പെട്ടാ ഞാന്‍ ഒരു ലോഡ്ജ് ഒപ്പിച്ചത്!"
കമാല്‍ മാഷ് നടക്കുന്നതിനിടയില്‍ പറഞ്ഞു.
ഞാന്‍ ഞെട്ടി. ലോഡ്‌ജാ? അയ്യേ..അമ്മയുടെ ബെസ്റ്റ് ഫ്രെണ്ടാണെന്നൊക്കെ പറഞ്ഞിട്ട്...താമസിക്കാന്‍ ലോഡ്‌ജാ? ആ ഏതായാലും പടം കാണാന്‍ എളുപ്പായി -എന്നു ചിന്തിച്ചെങ്കിലും ചെറിയ ഒരു സംശയം വന്നു.
പെട്ടെന്നായിരുന്നു മൊയ്തീന്‍ ഇടപെട്ടത്.
"നിങ്ങള്‍ ആരെ കാത്ത് നിന്നതാണ്?"
മുന്നില്‍ നടന്ന 'മാഷ്' ഞെട്ടിനിന്നു. "ഇത് ഗോപാലകൃഷ്ണന്റെ മകന്‍ അനൂപല്ലേ? ആനത്തലവട്ടത്ത് നിന്നും?"
"മാഷെ നിങ്ങള്‍ക്കാള് തെറ്റി"
'കമാല്‍ മാഷ്" ഒന്നും സ്തംഭിച്ച് "ഹയ്യോ" എന്ന് ഒന്നമറി, തലക്കടിച്ച്, വന്ന വഴി തന്നെ തിരിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഒറ്റയോട്ടമായിരുന്നു.ഞങ്ങളോട് ഒരക്ഷരം മിണ്ടാതെ.
"ഓരോ പിണ്ണാക്കന്മാര്‍...നീയെന്തറ തെണ്ടീ കണ്ട ആള്കളുടെ പിന്നാലെ പോണേ" എന്നെന്നെ ശാസിച്ച്, മൊയ്തീന്‍ പുറത്തേക്ക് നടന്നു.
"അതിന് ഞാനെന്ത് ചെയ്യാന്‍? ഒരോ സെബാസ്റ്റ്യന്മാര്‍ ഇങ്ങട് വന്ന് ഹെഡ് ചെയല്ലേ?

സ്റ്റേഷനു പുറത്ത് കാത്തിരുന്ന ഒറിജിനല്‍ കമാല്‍ മാഷെ കണ്ടതും ഞാന്‍ തിരിച്ചറിഞ്ഞു.
എന്നെക്കണ്ടതും കമാല്‍ മാഷ് വന്ന് കെട്ടിപ്പിടിച്ചു.
"നിന്നെ ചെറ്യേ കുട്ടി ആയിരിക്കുമ്പോള്‍ കണ്ടതാ..ഒരിക്കെ ഒക്കത്തെടുത്തപ്പോള്‍ നീ അവിടിരുന്ന് അപ്പിയിട്ടു...ഹ ഹ ഹ ഹ" . മാഷ് വെളുക്കെ ചിരിച്ചു.

ഞാന്‍ ചമ്മി "ബിശ്‌ശ്‌ശ്" എന്ന് ചിരിച്ചു കൊണ്ടു നിന്നു.

മാഷിന്റെ മാരുതിക്കാറില്‍ ഞങ്ങള്‍ രണ്ടും പിന്നില്‍‍ കയറി മാഷിനെ മുന്നില്‍ ഡ്രൈവറാക്കി. മുന്‍‌സീറ്റില്‍ ഒരു കമ്പനി കൊടുക്കുന്നതാണ് മര്യാദ എന്ന് അറിയില്ലായിരുന്നു.

കോവളം റൂട്ടില്‍ എവിടെയോ ഉള്ള മാഷിന്റെ വീട്ടിലെത്തുന്ന വരെ വേറെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല..ഇടക്ക് "മാരുതിക്കാറിന്റെ ഡോര്‍ അകത്തു നിന്നെങ്ങനെ തുറക്കും...അതറിയില്ലെങ്കില്‍ അവിടെ ചെല്ലുമ്പോള്‍ ആകെ നാറും" എന്ന വിചാരം മൂലം ഡോറില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയതു കൊണ്ട് വഴിക്ക് വെച്ച് ഡോറ് തുറന്നു പോയി എന്നല്ലാതെ. മാഷ് ഒന്നു പേടിച്ചു എന്നു മാത്രം.

അമ്മയുടെ ആത്മസുഹൃത്തായിരുന്നു ജമീല ടീച്ചര്‍..അതിനാല്‍ തന്നെ അവിടെ ചെല്ലുമ്പോള്‍ ഒരു മാതിരി ഫോര്‍മാലിറ്റി എടുത്ത് ജാഡയടിച്ചിരിക്കരുതെന്ന് അമ്മ എന്നോട് ഒരു നൂറുവട്ടം പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് ആതിഥേയ ഗൃഹത്തിലെ ഫോര്‍മാലിറ്റി എന്നു പറഞ്ഞാല്‍ : വിശന്നു പൊരിയുകയാണെങ്കിലും ഭക്ഷണം അല്പം മാത്രം കഴിക്കുക എന്നിട്ട് "തീരെ വിശപ്പില്ല" അല്ലെങ്കില്‍ ഇത്രയേ സാധാരണ കഴിക്കൂ" എന്ന് പറയുക, രണ്ടാമതൊന്നും കഴിക്കാന്‍ വാങ്ങാതിരിക്കുക, കക്കൂസില്‍ പോകാന്‍ മുട്ടിയാലും "കക്കൂസ് എവിടെയാണ്" എന്ന് ചോദിക്കാതെ സഹിച്ചിരിക്കുക, വെടിമരുന്നിന്റെ ചൊയയുള്ള കൂട്ടാനാണെങ്കിലും, ഇത്രയും നല്ലൊരു കൂട്ടാന്‍‍ ഞാനിതുവരെ കൂട്ടിയിട്ടില്ല എന്ന് പറയുക, കണ്ടാല്‍ ദൈവം പവര്‍കട്ടിന്റെ സമയത്ത് ഡിസൈനിട്ട പോലെ മുഖമുള്ള കുട്ടിയാണെങ്കിലും "സുന്ദരക്കുട്ടാ മുത്ത് മണിയേ മാമന്റെ അടുത്തേക്ക് വാടാ" എന്ന് ആതിഥേയന്‍ കേള്‍ക്കെ പറയുക...എന്നിവയൊക്കെയാണല്ലോ.

അങ്ങനെ എന്തു ചോദിച്ചാലും "വേണ്ടാ" "കൊഴപ്പില്ല്യ" "സാരല്യ" "അടിപൊളി" എന്നൊക്കെ പറയുന്ന ഫോര്‍മാലിറ്റി വേണ്ട, പോരാഞ്ഞ് അമ്മക്ക് വേണ്ടി ഇത്തിരി എക്‌സ്ട്റാ ഇന്‍‌ഫോര്‍മാലിറ്റി സ്വന്തം കൈയ്യില്‍ നിന്നും ഇടാം എന്ന് ഞാന്‍ നേരത്തെ കരുതിയിരുന്നു.

ചായ കുടിക്കുന്ന സമയത്ത് തന്നെ ഞാന്‍ ഭയങ്കര ഇന്‍ഫോര്‍മല്‍ ആയി.

സാധാരണ കുഞ്ഞുനാള്‍ മുതലേ ചായ, കാപ്പി എന്നിവ ഞാന്‍ കുടിക്കാറില്ല. പാലാണെങ്കില്‍, അതു തണുത്തതാണെങ്കില്‍ മാത്രം വല്ലപ്പോഴും കുടിക്കും. (പിന്നെ കുറച്ചു നാള്‍ മുന്‍പ് പാലിനോട് ഭയങ്കരമായ ഒരു ആക്രാന്തം ഉണ്ടായി..നമ്മുടെ ജഗതി, പല സിനിമകളിലും നല്ല പശൂന്‍പാല്‍ കുപ്പിഗ്ലാസില്‍നിന്ന് ഒറ്റ വലിക്ക് ഗ്ലും ഗ്ലും ഗ്ലും എന്ന് കുടിക്കുന്നത് കണ്ടിട്ടില്ലേ? അത് കണ്ട് എനിക്ക് ആകെ വ്യാക്കൂണായി, ഭയങ്കര പാലുകുടിയായിരുന്നു, കുപ്പിഗ്ലാസ്സില്‍ നിന്ന് മാത്രം, ഒറ്റവലിക്ക്..ജഗതി സ്റ്റൈലില്‍. ഇപ്പോ നിര്‍ത്തി.). പക്ഷേ ജമീലറ്റീച്ചര്‍ വന്ന് "ചായയിടട്ടെ?" എന്ന് ചോദിച്ചപ്പോള്‍ ഓ ആകാം എന്ന് പറഞ്ഞു.

തീരെ ഇഷ്ടമല്ലാത്ത ചായ ഒരു മാതിരി കുടിച്ച് കഴിഞ്ഞപ്പോള്‍ റ്റീച്ചര്‍ "കുറച്ചു കൂടി വേണോ?" എന്ന് ചോദിച്ചു. വേണ്ട എന്ന് പറഞ്ഞാല്‍ ഫോര്‍മല്‍ ആവൂലേ എന്ന് കരുതി, ഒരു കപ്പ് കൂടെയാകാം എന്ന് ഞാന്‍ പറഞ്ഞു. അമ്മക്ക് വേണ്ടി മകന്റെ ത്യാഗം.

ടീച്ചറുടെ മുഖം പാമ്പിനെക്കണ്ട കോഴിയുടെപോലെ ആയതെന്താണാവോ..

അടുക്കളയിലേക്ക് പോയ റ്റീച്ചറെ കുറേ ആയിട്ടും കാണുന്നില്ല...അവിടെ നിന്ന് ഭയങ്കര തട്ടും മുട്ടും കേള്‍ക്കുന്നുണ്ട് താനും!
മാഷ് ഞങ്ങളുടെ മുന്നില്‍ വിഷണ്ണനായി ഇരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോള്‍ പാല്‍ കുറവായി,ഫെയര്‍ ആന്റ് ല‌വ്‌ലി തേച്ച അണ്ണാച്ചിയുടെ കളറുള്ള , വെട്ടിത്തിളക്കുന്ന ഒരു ചായയുമായി ടീച്ചര്‍ തിരിച്ചു വന്നു. പാവം..പാലു സ്റ്റോക്ക് തീരാറായിരുന്നു...ഈ മാടന്‍, ചായ ഇങ്ങനെ പായസം കുടിക്കണമാതിരി കപ്പ് കണക്കിനു കുടിക്കും ന്ന് ആരു വിചാരിച്ചു!!

പൊള്ളുന്ന ചായ , നിറകണ്ണുകളോടെ, പുകയുന്ന നാവോടെ ഊതിയൂതി വേണ്ടാതെ കുടിച്ചു തീര്‍ക്കേണ്ടി വന്നു. പടക്കത്തിന് വാലിട്ട മരുന്ന് കത്തിപ്പോകുമ്പോലെ ആമാശയം, പിത്തനാളം മുതലായവയുടെ കറക്റ്റ് പൊസിഷനിംഗ് വ്യക്തമാക്കിക്കൊണ്ട് ചൂടുചായ വയറ്റിലെത്തിയപ്പോള്‍ "ഇനി ഞാന്‍ കട്ട ഫോര്‍മല്‍" എന്ന ദൃഡനിശ്ചയം ഞാന്‍ കൈക്കൊണ്ടു.

കിടന്നുറങ്ങാന്‍ കമാല്‍ മാഷുടെ സിംഗപ്പൂരിലുള്ള മകന്‍ നജീബിന്റെ മുറിയായിരുന്നു ഒരുക്കിയിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ പഠിച്ചിറങ്ങിയ കാലത്ത് നജീബേട്ടന്‍ ഉപയോഗിച്ചിരുന്ന മുറി.
ഹോ..എഞ്ചിനീയറൊക്കെ (അതും മെക്ക്) ആയ ആളടെ മുറിയല്ലേ, ടൈം പാസ്സിന് എന്തെങ്കിലും തടയാതിരിക്കില്ല എന്ന് കരുതിയാണ് മുറിയിലേക്ക് കാലെടുത്ത് വെച്ചത് തന്നെ. വാതിലടച്ച് ബെഡ്ഡില്‍ അല്പം റെസ്റ്റെടുത്ത ശേഷം, ഷെല്‍ഫില്‍ അടുക്കി വച്ചിരിക്കുന്ന പൊടിപിടിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബുക്കിനിടയിലും, മേശവലിപ്പിലും, ബെഡ്ഡിനടിയിലുമെല്ലാം ഞാനും മൊയ്തീനും തപ്പി നോക്കി..വെറുതേ...എന്തെങ്കിലും ഇന്ററസ്റ്റിംഗ് ഫൈന്‍ഡിംഗ്‌സ് കിട്ടിയാല്‍ ടൈം പാസ് ആവുമായിരുന്നു.ഒരു പ്രേമലേഖനം, പഴയ ഒരു ഫാന്റസി മാസിക, ഒരു ഡയറി അങ്ങിനെയെന്തെങ്കിലും....

അലമാരയുടെ മുകളില്‍ നിന്ന് "കഴക്കൂട്ടം സദാശിവന്‍ പിള്ള" എഴുതിയ "സമ്പൂര്‍ണ്ണ ശരീരലക്ഷണശാസ്ത്രം" എന്ന ബസ്സ്‌സ്റ്റാന്റ് ബുക്ക് മാത്രം കിട്ടി.

അഞ്ചാമത്തെ പേജില്‍വരച്ചു വെച്ചിരിക്കുന്ന സ്ത്രീശരീരത്തിന്റെ പടം കണ്ടപ്പോഴേ എന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. സ്റ്റാന്‍ഡേര്‍ഡില്ലാത്ത സാതനം.
ഞാനെഴുന്നേറ്റ് പോയപ്പോഴും മൊയ്തീന്‍ ഒരു കൈയ്യില്‍ പുസ്തകവും പിടിച്ച് തന്റെ ശരീരത്തിന്റെ പലഭാഗത്തേക്കും തുറിച്ചു നോക്കിയിരിക്കുന്നുണ്ടായിരുന്നു.

ബാത്ത്റൂമില്‍ യൂറോപ്പ്യന്‍ ക്ലോസെറ്റ് ആയിരുന്നു. ആകെ ബുദ്ധിമുട്ടി. മൂലക്കുരുവുള്ളവന് ഇരിക്കാന്‍ മുള്ളാണിയടിച്ച കസേര കൊടുത്താല്‍ എങ്ങനെയിരിക്കും!

ഈ 'യൂറോപ്പ്യന്‍' ശുചിത്വപ്രശ്നം ചില ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോഴും എനിക്ക് പിന്നീട് അനുഭവപ്പെട്ടിട്ടുണ്ട്. ട്രെയിനുകളിലും മറ്റും പലതരം ആള്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ "കയറി നിരങ്ങുന്ന" യൂറോപ്പ്യന്‍ ക്ലോസെറ്റുകള്‍ പൊതുവായി എങ്ങിനെയുപയോഗിക്കാനാണ്! ഇതൊക്കെ ഫിറ്റു ചെയ്യുന്നവന്റെ ബോധം അപാരം തന്നെ.
അകെയുള്ള ഒരു ഓപ്‌ഷന്‍ , ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരിലെ നടുവിലിരിക്കുന്നവന്റെ സ്റ്റൈലില്‍ ക്ലോസെറ്റിനു മുകളില്‍ കയറി കുന്തിച്ചിരിക്കുക എന്നതാണ്. തുപ്പല്‍ കോളാമ്പിക്ക് മുകളില്‍ മരത്തവളയിരിക്കുന്ന ലുക്കാണെങ്കിലും സംഗതിക്ക് ഒരു ഇന്ത്യന്‍ ഫീല്‍ ഇതു മൂലം ലഭിക്കുന്നു. ശുചിത്വവും പരിപാലിക്കാം. എന്നാല്‍ കഷ്ടകാലത്തിന് ഒരു ദുര്‍ബല നിമിഷത്തില്‍ ട്രെയിന്‍ പാളം മാറിയാലോ ബ്രേക്കിട്ടാലോ ഒന്നുകില്‍ മോന്തയടിച്ച് താഴെ, അല്ലെങ്കില്‍ കാലൊരെണ്ണം തെന്നി കുഴിയില്‍..ഇതിനൊക്ക ചാന്‍സ് ഉണ്ട്. അതിനാല്‍ ബലത്തില്‍ പിടിക്കാന്‍ അടുത്ത് ഒരു പൈപ്പോ, വാഷ്‌ ബേസിന്റെ വക്കോ മറ്റോ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
രണ്ടാമത്തെ വഴി ന്യൂസ് പേപ്പര്‍ പ്രയോഗമാണ്. ഒരു പഴയ ന്യൂസ് പേപ്പറെടുത്ത് കൂട്ടുകാരന്റെ കൈയ്യില്‍ കൊടുത്ത്, നല്ല ബലത്തില്‍ വിടര്‍ത്തിപ്പിടിക്കാന്‍ പറയുക. അവന്റെ ഫേസ് അല്പം മാറ്റിപ്പിടിച്ചോളാനും. എന്നിട്ട് അതിന്റെ പിന്നില്‍ വന്ന് നിന്ന് സര്‍‌വ്വശക്തിയുമെടുത്ത് ന്യൂസ് പേപ്പറിന്റെ മദ്ധ്യത്തില്‍‌ ആഞ്ഞ് ഇടിക്കുക. ഇങ്ങനെ ന്യൂസ് പേപ്പറിന്റെ നടുവില്‍ സൃഷ്ടിച്ചെടുത്ത ദ്വാരം സ്വന്തം ആസനത്തിന്റെ ഷേയ്പ്പും വിസ്താരവും അനുസരിച്ച് ശ്രദ്ധാപൂര്‍‌വ്വം കീറിക്കളയുക. എന്നിട്ട്, ഇങ്ങനെ നടു കീറിക്കളഞ്ഞ പത്രം യൂറോപ്പ്യന്റെ മുകളില്‍ വിരിച്ച്, നല്ലോം പൊസിഷന്‍ ചെയ്ത് ഇരിക്കുക. (വാര്‍ണിംഗ് : ഇരിക്കുന്ന പൊസിഷന്‍ കറക്റ്റ് ആയിരിക്കണം, ഇല്ലെങ്കില്‍ കുഞ്ഞ് നാപ്പിയില്‍ അപ്പിയിട്ട പോലെയാകും.)

ഏതായാലും കമാല്‍ മാഷടെ വീട്ടില്‍ ന്യൂസ് പേപ്പറിന് പഞ്ഞമില്ലായിരുന്നതിനാല്‍ അന്ന് അധികം ബുദ്ധിമുട്ടിയില്ല.

സഹപാഠികള്‍, ബയോളജിയുടെ പുതിയ തിരിച്ചറിവുകള്‍ തിരുവനന്തപുരം നഗരത്തിലോടുന്ന വൈവിധ്യമാര്‍ന്ന ചലച്ചിത്രങ്ങളില്‍ കൂടി സ്വായത്തമാക്കിയ ആ രാത്രിയില്‍ ഞാനും മൊയ്തീനും ദീര്‍ഘനിശ്വാസത്തോടെ കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു സമയം കൊന്നു-ഞങ്ങളുടെ നടുവില്‍ 'കഴക്കൂട്ടം സദാശിവന്‍ പിള്ള' അനാഥമായിക്കിടന്നു.‍

പിറ്റേന്ന് രാവിലെ കമാല്‍ മാഷ് റെഡിയായി വന്നപ്പോഴേക്കും ഞങ്ങല്‍ കുളിച്ച് കുറി തൊട്ട്, ബേഗുമെടുത്ത് യാത്ര പറയാന്‍ തയ്യാറായിരുന്നു.
"ഇതെന്താ ബേഗൊക്കെ? പരീക്ഷ കഴിഞ്ഞ് തിരിച്ച് വരില്ലേ?"
"ഇല്ല മാഷേ..ഞങ്ങള്‍ നേരെ വീട്ടില്‍ പൊയ്കോളാം" ഞാന്‍ ശബ്ദത്തില്‍ ആവുന്നത്ര സ്വാഭാവികത വരുത്തി.
"ഏയ്..അതൊന്നും പറ്റില്ല, തിരിച്ച് വരണം, ഇന്നു വൈകിട്ട് നമുക്ക് ഒന്നു കറങ്ങാന്‍ പൂവാം..ഇതു വരെ വന്നിട്ട്..."
"ഏയ് അതല്ല, പോയിട്ട് അര്‍ജന്റായി ചില ...." മൊയ്തീനും ശ്രമിച്ചു.
"ഏയ്...എന്ത് അര്‍ജന്റ്...തിരുവനന്തപുരം കാണാണ്ടെ പോവ്വേ?, പരീക്ഷ കഴിഞ്ഞ് ഞാന്‍ പിക്ക് ചെയ്യാം..ബാഗ് ഒക്കെ അവിടെ വച്ചോ. നാളെ രാവിലെ പോയാല്‍ മതി"

പരീക്ഷാഹാളിലേക്ക് പോകുംവഴി കാറിലിരിക്കുമ്പോള്‍ ഞാന്‍ മൊയ്തീനെ നോക്കിയതേയില്ല.അതി രാവിലെ തന്നെ തെറി കേള്‍ക്കാന്‍ ആര്‍ക്കാണ് താല്പ്പര്യം?

പരീക്ഷ വളരെ എളുപ്പമായിരുന്നു. കറക്കിക്കുത്തിയതെല്ലാം ശരിയാണോയെന്ന് ഒന്നു കൂടി കറക്കിക്കുത്തിപരിശോധിക്കാന്‍‍ വരെ ടൈം കിട്ടി.

പരീക്ഷാ ഹാളിന് പുറത്ത് വെളുക്കെ ചിരിച്ചു കൊണ്ട് ജയനും ഷാജിയും ഷബീറലിയുമെല്ലാം
കഴിഞ്ഞ ദിവസത്തെ വീരപരാക്രമങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് നില്പുണ്ടായിരുന്നു, പോരാഞ്ഞ് അന്നത്തെ അജണ്ടയുടെ വിവരണവും.

ആദ്യം അവര്‍ ഇന്‍ഡീസന്റ് എന്‍‌ട്രി കണ്ടത്രെ, പിന്നെ മമ്മൂട്ടിപ്പടം, പിന്നെ ഫസ്റ്റ് ഫോര്‍ നൈറ്റ്സ്,
പിന്നെ ശരത്കുമാറീന്റെ ലേറ്റസ്റ്റ് തമിഴ് പടം....ഇന്ന് തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കവറ് ചെയ്യാനാത്രേ പ്ലാന്‍.

"എന്നെ വഴിക്ക് വെച്ച് കാണാതെ പോയി എന്ന് നിന്റെ മാഷിനോട് പറേടാ, ഞാനിവന്മാരടെയൊപ്പം പോട്ടെ" എന്ന് മൊയ്തീന്‍ എന്നോട് കെഞ്ചി.
"അവന്മാര് വെറുതേ ഡാവടിക്കണതാഡേയ്..സില്‍മേടെ പോസ്റ്ററ് കണ്ടൂന്നായിരിക്കും" എന്ന് മൊയ്തീനെ ഞാന്‍ ആശ്വസിപ്പിച്ചു.

കമാല്‍ മാഷ് കാറുമായി കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.

തിര്വന്തോരം ടൂറെങ്കില്‍ തിര്വന്തോരം..കുറേ കൊട്ടാരം, മ്യൂസിയം ,സിറ്റി,ഇതൊക്കെ കാണാം, കൂട്ടത്തില്‍ മാഷിന്റെ ചിലവില്‍ വല്ലതും തിന്നാന്‍ കിട്ടാനും ചാന്‍സ് ഉണ്ട്. ഇനി എല്ലാം കഴിഞ്ഞ് ലേറ്റസ്റ്റ് മോഹന്‍‌ലാല്‍ പടത്തിന് മാഷ് ഞങ്ങളെ കൊണ്ടു പോകുകയും ചെയ്താലോ! ഞങ്ങള്‍ പോസീറ്റീവായി ചിന്തിച്ചു തുടങ്ങി.

മാഷിന്റെ പിന്നില്‍ കാറിലിരിക്കുമ്പോള്‍ പടം കാണണോ എന്ന് ചോദിച്ചാല്‍ ഏതു പടം പറയണം എന്നുള്ള സന്തോഷകരമായ കണ്‍ഫ്യൂഷന്‍ ഞങ്ങള്‍ ആസ്വദിച്ചു.

എല്ലാ പ്രതീക്ഷയും "സംസ്ഥാന ചെറുകിട ഭക്ഷ്യ വ്യാവസായിക മേള" എന്നു നീളത്തിലെഴുതിയ ബാനറിന്റെ മുന്നില്‍ സമാപിച്ചു.

കാണിക്കാന്‍ കൊണ്ടു പോകാന്‍ കണ്ട മൊതല് ! തിരുവനന്തപുരത്ത് നടക്കുന്ന ഏതോ മേള.
ബ്രഡ് മുറിക്കണ യന്ത്രം, മാവ് കുഴക്കുന്ന യന്ത്രം, തേങ്ങ പൊതിയന്‍, ജ്യൂസടിയന്‍, ഒലക്ക, അമ്മിക്കൊഴ, പപ്പടം കുത്തി, ഉപ്പേരി കോരി, അരിപ്പ മുതലായ യന്ത്ര സാമഗ്രികളുടെ പ്രദര്‍ശനം. പിന്നെ കുറേ അച്ചാറും ജാമും കൊണ്ടാട്ടവും വറ്റലും തേങ്ങാപ്പീരയും കുപ്പിയിലാക്കിയത് നിരത്തി വെച്ചിരിക്കുന്നു. റബ്ബര്‍ പാലില്‍ നിന്ന് എങ്ങനെ കൊപ്രാപ്പിണ്ണാക്ക് നിര്‍മ്മിക്കാമെന്നോ മറ്റോ ഉള്ളതിന്റെ പഠനവിവരങ്ങള്‍, ക്ലാസ്സ്, ലഘു ലേഖകള്‍, ചിത്രങ്ങള്‍.

എങ്ങനെങ്കിലും വീട്ടില്‍ തിരിച്ചു പോയാല്‍ മതിയെന്നായിരുന്നു. ഇതിലും ഭേദം കഴക്കൂട്ടം പിള്ളച്ചേട്ടന്‍ തന്നെയാ!

സന്ധ്യമയങ്ങി തിരിച്ച് മാഷുടെ വീട്ടിലേക്കുള്ള വഴിയില്‍ കാറിലിരിക്കുമ്പോള്‍ മതിലുകളില്‍ ഒട്ടിച്ചു വെച്ച സിനിമാ പോസ്റ്ററുകള്‍ നോക്കി ഞങ്ങളുടെ മനം തേങ്ങി.
"എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ" എന്ന് വടക്കന്‍‌വീരഗാഥയില്‍ ചന്തുക്ക ആരോമലുണ്ണിയോട് ഡയലോഗടിക്കുന്ന ഭാവത്തില്‍‍ "ഞങ്ങള്‍ കാണാതെ പോയ സിനിമയാണല്ലോ തള്ളേ ഇത്" എന്ന് മനസ്സില്‍ കേണു.

പിറ്റേ ദിവസം പരശുറാമില്‍ കയറി ഇരുന്ന ഞങ്ങളോട് മുന്നിലിരുന്ന മദ്ധ്യവയസ്കന്‍ കുശലം ചോദിച്ചു:
"എ‌ന്‍‌ട്രന്‍സ് എഴുതാന്‍ വന്നതാ കുട്ട്യോള്‍?"

ഞാന്‍ ഒന്നും മിണ്ടിയില്ല.രാവിലെ ഓരോ നൊസ്സ്.

"ഏയ്...വെറുതെ വന്നതാ" മൊയ്തീന്‍ പിറുപിറുത്തു.

'അത് കറക്റ്റ്.' ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ ഞാന്‍ മനസ്സിലോര്‍ത്തു.


വാല്‍‌ക്കഷ്ണം : ജയനേയും ഷാജിയേയും സംഘത്തിനേയും തിരുവനന്തപുരം സിറ്റി പോലീസ് തലേ ദിവസം പൊക്കിയത്രേ! കൂലങ്കുഷമായ പ്ലാനിംഗ് നടത്താനും വന്ന ചിലവിന്റെ കണക്ക് സെറ്റില് ചെയ്യാനും മറ്റും‍ സിറ്റിയിലെ ഏതോ കലുങ്കില്‍ ഇരുന്ന് സംസാരിച്ചെന്നും പറഞ്ഞ് പെറ്റിയടിച്ചു! എന്‍‌ട്രന്‍സ് കാംക്ഷികള്‍ ആണെന്നറിഞ്ഞിട്ടും, അറിയാതെ ചെയ്തതാണെന്ന് കെഞ്ചിയിട്ടും, സിറ്റിയിലെ പിള്ളേരല്ല എന്നു പറഞ്ഞിട്ടും വെറുതേ ഒരു രസം എന്ന മട്ടില്‍ അവരെ സ്റ്റേഷനില്‍ ഇട്ടു കോണ്‍‌സ്റ്റബിള്‍സ് വിരട്ടി പോലും. അവസാനം സി ഐ സ്റ്റേഷനില്‍ വന്നതും അദ്ദേഹം കാണാതെ ഇവരെ പിന്‍‌വാതില്‍ വഴി പറഞ്ഞു വിട്ടു .
ആകെ വിരണ്ട പാവങ്ങള്‍ ആദ്യം കണ്ട കന്യാകുമാരി സൂപ്പര്‍ ഫാസ്റ്റില്‍ കയറി ഓപ്പസിറ്റ് ഡയറക്ഷനില്‍ വിട്ട് പോയെന്നും, "ഒരു കോട്ടപ്പടി, മൂന്ന് വളാഞ്ചേരി, ഒരു പുത്തനത്താണി" ടിക്കറ്റ് പറഞ്ഞപ്പോ നല്ല ചെന്തമിഴില്‍ കണ്ടക്ടറുടെ തെറി കേട്ടതും ദിശാബോധം വീണ്ടുകിട്ടി തിരിച്ച് കോയമ്പത്തൂര്‍ ഫാസ്റ്റില്‍ കയറി കഴിച്ചിലായെന്നും ഒക്കെ കേട്ടു.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ..എന്‍ട്രന്‍സിന്റെ റാങ്ക് താമസിയാതെ വന്നു. എന്റെ റാങ്ക് എനിക്കടിച്ച ലോട്ടറിയുടെ തുകയായിരുന്നെങ്കില്‍, ഞാനൊരു ബില്‍‌ഗേറ്റ്‌സ് ആയേനെ.മൊയ്തീന്റെ റാങ്ക്..ലോട്ടറി തുകയാകാനും പറ്റില്ലായിരുന്നു..കാരണം,അത്രയും വലിയ തുക കൊടുക്കാന്‍ വേള്‍ഡ് ബാങ്ക് പോലും ഒന്നു കഷ്ടപ്പെടും! (ടിയാന്‍ ഇപ്പോള്‍ ലണ്ടനില്‍ എഫ്.ആര്‍.സി.എസ്സിനു ശ്രമിക്കുന്നു.)

Tuesday, September 18, 2007

ഒരു ക്രിക്കറ്റ് നുറുങ്ങ്

സ്റ്റേഡിയത്തില്‍ ഒടുക്കത്തെ ചൂടായിരുന്നു.
ആഫ്രിക്കക്കു മുകളില്‍ "നീയൊക്കെ ഇനീം കറത്ത് കരിക്കട്ടയാവെഡാ" എന്ന മട്ടില്‍ സര്‍‌വ്വശക്തിയോടെയും കത്തിനില്‍ക്കുന്ന സൂര്യന്‍.
പോരാഞ്ഞ് ഫുള്‍ കപ്പാസിറ്റി കാണികളും.
പിന്നെ അലറിയലറി തൊണ്ടയിലെ വെള്ളവും വറ്റി.

ഇന്നിം‌ഗ്‌സ് ബ്രേക്കിന് എന്തെങ്കിലും അണ്ണാക്കിലൊഴിച്ച് ഒന്നു സ്‌മൂത്താക്കാം എന്നു കരുതിയാണ് ഇരുപത് റാന്‍ഡ് വീതം മാത്തച്ചന്‍ അങ്കിളിന്റെ കൈയ്യില്‍ കൊടുത്ത് ഞങ്ങള്‍ ഐസ്‌ക്രീം വാങ്ങി വരാന്‍ പറഞ്ഞത്-മാത്തച്ചനങ്കിള്‍‍ ബ്രേക്കിന് മൂത്രമൊഴിക്കാന്‍ എന്തായാലും പുറത്തിറങ്ങുന്നുണ്ടായിരുന്നു.

പുറത്തേക്കിറങ്ങാന്‍ ക്യൂ നില്‍ക്കണ ലൈന്‍ കണ്ടപ്പോഴേ എന്റെ ചങ്ക് പാളി. ഒടുക്കത്തെ ക്യൂ.സായിപ്പന്മാര്‍ എല്ലാവരും തിന്നാനോ കുടിക്കാനോ വാങ്ങാന്‍ തുനിഞ്ഞെറെങ്ങീക്കാണ്.അല്ലെങ്കില്‍ ഞാനും അങ്കിളിന്റെ കൂടെ പോയേനെ. ആറ് കോണ്‍-കോല്‍ ഐസ്ക്രീം കൊണ്ടു വരാന്‍ ഒരു കൈ സഹായമായി. ഇനി മൂപ്പര്‍ തന്നെ കൊണ്ടരട്ടെ. പോയാല്‍ തിരിച്ചു കേറുമ്പോളേക്കും മൂന്ന് നാല് ഓവറ് മിസ്സാവാന്‍ ചാന്‍‌സില്ലാതില്ല.

അങ്കിള്‍‍ കാശും പോക്കറ്റിലിട്ട് എവിടെയോ മറഞ്ഞു.

കുറേക്കഴിഞ്ഞും ഐസ്‌ക്രീമിനെ കാണാത്തപ്പോള്‍ ഞങ്ങള്‍ വ്യാകുലരായി. ഇന്നിംഗ്‌സ് ദേ തൊടങ്ങാന്‍ പോണു. ജോണ്‍‌സങ്കിള്‍ മാത്തച്ചന്‍ അങ്കിളിന്റെ നമ്പര്‍ കറക്കി.
അദ്ദേഹം‍ ഐസ്‌ക്രീം വാങ്ങിച്ചു കൊണ്ടിരിക്കുകയായിരുന്നു.
"ഒടുക്കത്തെ ക്യൂവാ...നിന്നു നിന്ന് അരപ്പ് കലങ്ങി" അങ്കിള്‍‍ റേസായി.
"അകത്തോട്ട് കയറാന്‍?"
"നമ്മടെ എന്‍‌ട്രന്‍സില്‍ ഒടുക്കത്തെ ഇടിയാ..ഞാന്‍ അപ്പറം കറങ്ങി ബഞ്ചിന്റെ എന്‍‌ട്രന്‍സില്‍ കൂടി വരാം"
"ഗുഡ് ഐഡിയ! എതിലേയേലും കൊണ്ട് വാ..വെശന്നിട്ട് വയ്യ"

ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങളിരിക്കുന്നതിന്റെ ഓപ്പസിറ്റ്, സ്റ്റേഡിയത്തിന്റെ അങ്ങേപ്പുറം, ബഞ്ച് സെക്‌ഷന്റെ അവിടെ മാത്തച്ചനങ്കിളിന്റെ കഷണ്ടിത്തലയില്‍ സൂര്യന്‍ മുഖം നോക്കിയത് ഞങ്ങള്‍ കണ്ടു.
ഗുലാന്‍ പരിശ് കളിക്കാന്‍ ചീട്ട് കൈയ്യില്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും പോലെ അങ്കിളിന്റെ കൈയില്‍ ആറ് കോലൈസുകളും+കോണൈസ്‌ക്രീമും.

ആ കാഴ്ച കണ്ട ഞങ്ങളുടെ മനസ്സില്‍ ഒരു ഐസ്‌ബര്‍ഗ് പാളി മെല്ലെ അടര്‍ന്നു വീണ പോലെ ഒരു എഫക്റ്റ്.

എന്നാല്‍ -
ബഞ്ചിന്റെ എന്‍‌ട്രന്‍സില്‍ നിന്നും ഞങ്ങളിരിക്കുന്ന സ്ഥലംവരെ നീണ്ടു നില്‍ക്കുന്ന ക്യൂവില്‍ അങ്കിള്‍‍ പെട്ടു പോയപ്പോള്‍...
തിരിഞ്ഞിറങ്ങാനും വയ്യ, ക്യൂ ലംഘിച്ച് മുന്നോട്ട് വരാനും വയ്യ എന്ന മട്ടില്‍.....
ആറ് ഐസ്ക്രീമും കൈയ്യില്‍ പിടിച്ച് ആ പൊരി വെയിലില്‍ ചുട്ടുപൊള്ളി അങ്കിള്‍ മെല്ലെ മെല്ലെ മുന്നോട്ട്‍....
വെയിലില്‍ ഐസ്ക്രീം ഉരുകുന്നു..അങ്കിള്‍‍ ഉരുകുന്നു..ഇങ്ങു ദൂരെ ഇതു കണ്ടോണ്ടിരിക്കുന്ന ഞങ്ങളും ഉരുകുന്നു. ക്യൂ മാത്രം അതിന് തോന്നിയതുപോലെ മെല്ലെ മെല്ലെ മെല്ലെ, മുന്നോട്ട്.
.........
.........

ഇരുപത്തഞ്ച് മിനുട്ടിന് ശേഷം, നനഞ്ഞ നാല് ഈര്‍ക്കിലികളും, ചുക്കിചുളിഞ്ഞ ശൂന്യമായ രണ്ട് പേപ്പര്‍ കോണുകളുമായി വല്ലാത്തൊരു മുഖഭാവത്തോടെ അങ്കിള്‍‍ സീറ്റിലെത്തി.

കുടവയറിനോട് ചേര്‍ത്ത് പിടിച്ച (മാറ്റിപ്പിടിച്ചാല്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കണ സായിപ്പിന്റെ ദേഹത്താവും) വാനില/ചോക്കളേറ്റ്/സ്ട്റോബറി തുടങ്ങിയ ഐ‌സ്‌ക്രീമുകള്‍ യാതൊരു ജാതി-മത ഭേദവുമില്ലാതെ ഉരുകിയൊലിച്ച്, വയറുതൊട്ട് മുട്ടുകാല്‍ വരെയുള്ള അങ്കിളിന്റെ കുപ്പായവും പാന്റും , ഓണസദ്യ കഴിച്ചവന്‍ വാളുവെച്ചപോലയുള്ള ഒരു ഡിസൈനില്‍ ഏകദേശം ആയിരുന്നു.

ആരും ഒന്നും പറഞ്ഞില്ല.ഞങ്ങളുടെ മനസ്സ് ശാന്തമായിരുന്നു.

ഈര്‍ക്കിലികളും പേപ്പറും നേരെ ചവറു സൂക്ഷിച്ച ബേഗിലിട്ടു.

ഈര്‍ക്കിലികളും ചുരുട്ടിക്കൂട്ടിയ നനഞ്ഞ കടലാസ് കോണുകളും നോക്കിയിരുന്ന, മിസ്സസ്സ് മാത്തച്ചന്റെ ആത്മഗതം ഒരു ചുടുനിശ്വാസത്തോടൊപ്പം ഉയര്‍ന്നു. "ഇതിയാനു ഡയബറ്റിസ് ഇല്ലാരുന്നേലും മതിയാരുന്നു...അല്ല, ഇങ്ങേരെയൊക്കെ ഇതിനു വിട്ടവരെ വേണം....."

ചിരിക്കുന്നത് മോശല്ലേ എന്ന് വിചാരിച്ച് ഞാന്‍ കുനിഞ്ഞിരുന്നു.